റുവാണ്ടന്‍ വിമതരുടെ സഹായത്തോടെ കോംഗോയില്‍ നടക്കുന്ന വംശഹത്യ ഇപ്പോഴും തുടരുകയാണ്. രാജ്യത്തെ പ്രധാന നഗരമായ ഗോമായില്‍ മാത്രം മൂവായിരത്തോളം പേര്‍ ഇത് വരെ കൊല്ലപ്പെട്ടിട്ടുണ്ട്. വനിതാജയില്‍ ആക്രമിച്ച അക്രമികള്‍ തടവുകാരായിരുന്ന നിരവധി സ്ത്രീകളെ ബലാത്സംഗം ചെയ്തതിന് ശേഷം കൊന്നു തള്ളുകയായിരുന്നു. പലരേയും അക്രമികള്‍ തീകൊളുത്തിയാണ് കൊന്നത്. അതിക്രമങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജജിച്ച ഈ ജയിലിന് താങ്ങാവുന്നതില്‍ കൂടുതല്‍ തടവുപുള്ളികളെയാണ് പാര്‍പ്പിച്ചിരുന്നത്.

2900 ത്തോളം മൃതദേഹങ്ങള്‍ ഇതിനോടകം കണ്ടെടുത്തതായി ഐക്യരാഷ്ട്രസഭ നിയോഗിച്ച സമാധാന സേനയുടെ ഉപമേധാവി വിവിയന്‍ വാന്‍ ഡി പെറേ മാധ്യമങ്ങളോട് പറഞ്ഞു. രണ്ടായിരത്തോളം മൃതദേഹങ്ങള്‍ തെരുവുകളില്‍ നിന്നാണ് കണ്ടെടുത്തത്. 900 മൃതദേഹങ്ങള്‍ ഇപ്പോള്‍ വിവിധ ആശുപത്രികളനിലെ മോര്‍ച്ചറികളില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് യു.എന്‍ സമാനാധന സേന അറിയിക്കുന്നത്. പല മൃതദേഹങ്ങളും തിരിച്ചറിയാനാകാത്ത വിധം ഛിന്നഭിന്നമായിരിക്കുകയാണ്. ഇതിന്റെ ഫലമായി പകര്‍ച്ചാ വ്യാധികള്‍ പൊട്ടിപ്പുറപ്പെടാനും സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്. ജയില്‍ തകര്‍ത്തതിനെ തുടര്‍ന്ന് ഇവിയുണ്ടായിരുന്ന പുരുഷന്‍മാരായ തടവുപുള്ളികള്‍ ഭൂരിപക്ഷം പേരും രക്ഷപ്പെട്ടു കഴിഞ്ഞു. വനിതാ ജയില്‍ അക്രമികള്‍ പൂര്‍ണമായും തീവെച്ചു തകര്‍ത്തു.

ഇവിടെ നിന്ന് ഇപ്പോഴും കനത്ത പുക ഉയരുകയാണ്. വനിതാ തടവുകാരെ കൊലപ്പെടുത്തിയത് ആരാണെന്നത് സംബന്ധിച്ച് ഇനിയും കൃത്യമായ വിവരം ലഭിച്ചിട്ടില്ല. യു.എന്‍ സമാധാന സേനയിലെ അംഗങ്ങളെ ഇവിടേയക്ക് പ്രവേശിക്കാന്‍ വിമതര്‍ ഇനിയും അനുവദിച്ചിട്ടില്ല. വനിതാ ജയിലിലിലെ തടവുകാരായിരുന്ന 141 പേരാണ് കൊല്ലപ്പെട്ടതെന്നാണ് കരുതപ്പെടുന്നത്. വനിതാ തടവുകാര്‍ക്ക് ഒപ്പം ഉണ്ടായിരുന്ന 28 കുട്ടികളും കൊല്ലപ്പെട്ടിട്ടുണ്ട്.

ജയിലില്‍ നിന്ന് നാലായിരത്തോളം തടവുകാരാണ് കൊല്ലപ്പെട്ടത്. ജയിലില്‍ കലാപം ഉണ്ടായ സമയത്ത് നിരവധി തടവുകാര്‍ സുരക്ഷാ സേനയുടെ വെടിയറ്റും കൊല്ലപ്പെട്ടിരുന്നു. അക്രമികള്‍ ജയിലിന്റെ ഭരണ വിഭാഗം തകര്‍ത്ത് അവിടെ ഉണ്ടായിരുന്ന പണം തട്ടിയെടുക്കുകയും ചെയ്തു. 10 ലക്ഷത്തോളം ജനസംഖ്യയുള്ള ഗോമാ നഗരം ഇപ്പോള്‍ പൂര്‍ണമായും എം-23 എന്ന വിമതസംഘടനയുടെ നിയന്ത്രണത്തിലാണ്.

രണ്ട് ദിവസം മുമ്പ് വിമതര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടത്തിയിരുന്നു. ഈ വര്‍ഷം ആദ്യം മുതല്‍ തന്നെ ആയിരക്കണക്കിന് ജനങ്ങള്‍ ഇവിടെ നിന്ന് പലായനം ചെയ്ത് തുടങ്ങിയിരുന്നു. ചൊവ്വാഴ്ച മുതലാണ് വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്്. കോംഗോ റിവര്‍ അലയന്‍സ് എന്നറിയപ്പെടുന്ന വിമതരുടെ സഖ്യമാണ് ഇവിടെ പോരാട്ടം നടത്തുന്നത്.

2025 ന്റെ തുടക്കം മുതല്‍ 400,000-ത്തിലധികം ആളുകള്‍ ഇതുവരെ സംഘര്‍ഷത്തെ തുടര്‍ന്ന് പലായനം ചെയ്തതായി ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ലക്ഷക്കണക്കിന് ആളുകളാണ് ഇതിനകം പലായനം ചെയ്തത്. വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഉണ്ടായിരുന്നിട്ടും, സംഘര്‍ഷം വലിയ നിലയില്‍ തന്നെ തുടരുകയാണ്.

വിമതര്‍ക്കുള്ള പിന്തുണ പിന്‍വലിക്കാന്‍ റുവാണ്ടയുടെ മേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം ചെലുത്തണമെന്ന് പ്രാദേശിക നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ തങ്ങളുടെ സൈനികര്‍ വിമതര്‍ക്ക് പിന്തുണ നല്‍കുന്നില്ലെന്നാണ് റുവാണ്ട ഭരണകൂടം വ്യക്തമാക്കുന്നത്. കോംഗോയില്‍ ഏകദേശം 1,000 ത്തിലധികം ഇന്ത്യന്‍ പൗരന്മാരാണുള്ളത്.

സുരക്ഷാ സ്ഥിതികള്‍ കണക്കിലെടുത്ത് കോംഗോയിലെ കിന്‍ഷാസയിലുള്ള ഇന്ത്യന്‍ എംബസി അവിടെയുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാരോടും ഉടന്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് പോകാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. കിഴക്കന്‍ കോംഗോയിലെ സമാധാന ദൗത്യത്തിന്റെ ഭാഗമായി രാജ്യത്ത് ഏകദേശം 1,200 ഇന്ത്യന്‍ സൈനികരും സേവനമനുഷ്ഠിക്കുന്നുണ്ട്.