- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാ ടീമുകളില്‍ ട്രാന്‍സ്‌ജെന്‍ഡറുകളെ ഉള്‍പ്പെടുത്തുന്ന സ്‌കൂളുകള്‍ക്കുള്ള ഫണ്ടുകള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നിഷേധിക്കും; കായിക രംഗത്ത് ട്രാന്‍സ്‌ജെണ്ടറുകളെ ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി ട്രംപ്; വീണ്ടും ട്രംപിസം വിവാദത്തില്‍
വാഷിങ്ടണ്‍: കായിക രംഗത്ത് ട്രാന്‍സ്‌ജെണ്ടറുകളെ ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടപടിയും വിവാദത്തിലേക്ക് പോയേക്കും. ഈ എക്സിക്യൂട്ടീവ് ഉത്തരവോടെ, വനിതാ കായിക ഇനങ്ങളോടുള്ള യുദ്ധം അവസാനിച്ചു എന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. വനിതാ കായികരംഗത്ത് നിന്ന് പുരുഷന്മാരെ പുറത്താക്കുകയെന്നതാണ് ഉത്തരവ്. ഹൈസ്‌കൂള്‍, യൂണിവേഴ്‌സിറ്റികള്‍ എന്നിവിടങ്ങളിലെ കായികമത്സരങ്ങളേയാണ് പ്രധാനമായും ഉത്തരവ് ബാധിക്കുക. ഉത്തരവ് പ്രകാരം വനിതാ ടീമുകളില്‍ ട്രാന്‍സ്‌ജെന്‍ഡറുകളെ ഉള്‍പ്പെടുത്തുന്ന സ്‌കൂളുകള്‍ക്കുള്ള ഫണ്ടുകള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നിഷേധിക്കാം.
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും കായികമേഖലകളില്‍ ന്യായമായ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്ന വിദ്യാഭ്യാസ പരിപാടികളിലേക്കുള്ള ഫണ്ട് റദ്ദാക്കുകയെന്നത് യു.എസ്സിന്റെ നയമാണ്. ഇത്തരത്തില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നത് സ്ത്രീകളെയും പെണ്‍കുട്ടികളെയും നിശബ്ദരാക്കുകയും അവരുടെ സ്വകാര്യത നഷ്ടപ്പെടുത്തുന്നതിലേക്ക് നയിക്കുമെന്നും ഉത്തരവില്‍ പറയുന്നു. വനിതാ കായികതാരങ്ങളുടെ അഭിമാനകരമായ പാരമ്പര്യം കാത്തുസൂക്ഷിക്കുമെന്നും സ്ത്രീകളെയും പെണ്‍കുട്ടികളെയും പരിക്കേല്‍പ്പിക്കാനും വഞ്ചിക്കാനും പുരുഷന്മാരെ അനുവദിക്കരില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇനി മുതല്‍ വനിതാ കായികഇനങ്ങള്‍ വനിതകള്‍ക്ക് മാത്രമായിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി.
ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് കായികതാരങ്ങളുമായി ബന്ധപ്പെട്ട നിയമം മാറ്റാന്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയില്‍ സമ്മര്‍ദം ചെലുത്താനും ട്രംപ് ശ്രമിക്കുന്നുണ്ട്. 2028 ല്‍ ലോസാജ്ഞലസില്‍ നടക്കുന്ന സമ്മര്‍ ഒളിമ്പിക്സില്‍ ട്രാന്‍സ്ജെന്‍ഡര്‍ കായികതാരങ്ങളെ പങ്കെടുക്കാന്‍ അനുവദിക്കുകയില്ല എന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച ഉത്തരവില്‍ വൈറ്റ്ഹൗസില്‍ വെച്ച് ഒപ്പ് വെയ്ക്കുന്ന വേളയില്‍ അമേരിക്കയിലെ പ്രമുഖരായ വനിതാ കായികതാരങ്ങളും സന്നിഹിതരായിരുന്നു. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയെ ഇക്കാര്യം അറിയിക്കാന്‍ പുതിയ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റുബിയോയെ ചമുതലപ്പെടുത്തിയതായും ട്രംപ് വ്യക്തമാക്കി.
അമേരിക്കയുടെ ഇക്കാര്യത്തിലെ ശക്തമായ നിലപാട് വിശദമായി തന്നെ റുബിയോ കമ്മിറ്റിയെ അറിയിക്കുമെന്നാണ് ട്രംപ് വിശദീകരിക്കുന്നത്. ട്രാന്‍സ്ജെന്‍ഡറുകള്‍ സ്ത്രീകലെന് പേരില്‍ കായിക മല്‍സരങ്ങളില്‍ പങ്കെടുക്കുന്നത് പരിഹാസ്യമാണ് എന്നാണ് ട്രംപിന്റെ അഭിപ്രായം. നേരത്തേ ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും മല്‍സരങ്ങളില്‍ പങ്കെടുക്കാമെന്ന് അന്താരാഷ്ട്ര ഒളിമ്പിക്ക് കമ്മിറ്റി പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിരുന്നു. വനിതാ കായികതാരങ്ങള്‍ എന് വ്യാജേന പുരുഷന്‍മാര്‍ മല്‍സരങ്ങളില്‍ പങ്കെടുക്കുന്നത് തടയാന്‍ നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തര സുരക്ഷാ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയതായി ട്രംപ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തന്നെ ട്രംപും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളും ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് നല്‍കുന്ന പ്രത്യേക അവാകാശങ്ങള്‍ റദ്ദാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സുപ്രധാനമായ ഈ തീരുമാനം ഇന്നലെ ഒപ്പ് വെയ്ക്കുന്ന സന്ദര്‍ഭത്തില്‍ രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കിയിരുന്നു. അതേ സമയം അമേരിക്കന്‍ കോണ്‍ഗ്രസില്‍ അംഗമായ ആദ്യ ട്രാന്‍സ്ജെന്‍ഡറായ നാന്‍സി മെയ്സ് ചടങ്ങില്‍ പങ്കെടുത്തിരുന്നു. ട്രംപിന്റെ ഈ തീരുമാനം ഉചിതമാണെന്നും അവര്‍ ചടങ്ങില്‍ വ്യക്തമാക്കി. 2021 ല്‍ നടന്ന കാപ്പിറ്റോള്‍ ആക്രമണവുമായി ബന്ധപ്പെട്ട് ട്രംപിനെതിരെ ശക്തമായ നിലപാടുമായി രംഗത്ത് എത്തിയ നാന്‍സി മെയ്സ് പിന്നീട് ട്രംപിന്റെ കടുത്ത അനുകൂലിയായി മാറുകയായിരുന്നു.