വാഷിങ്ടണ്‍: അമേരിക്കയിലെ 'ട്രംപിസം' പുതിയ തലത്തിലേക്ക്. ലോക രാജ്യങ്ങളെ ഞെട്ടിച്ച് രാജ്യാന്തര ക്രിമിനല്‍ക്കോടതിയെ (ഐ.സി.സി.) ഉപരോധിക്കുന്നതിനുള്ള എക്‌സിക്യുട്ടീവ് ഉത്തരവില്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. ഇതോടെ രാജ്യാന്തര കോടതിയുടെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥ വരികയാണ്. അമേരിക്കയെയും ഇസ്രയേല്‍പോലുള്ള സഖ്യകക്ഷികളെയും അന്താരാഷ്ട്ര ക്രിമിനല്‍ക്കോടതി ലക്ഷ്യമിടുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇസ്രയേല്‍ പ്രധാനമന്ത്രിക്കെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുട്ടിനെതിരേയും ഉത്തരവിട്ടു. ഈ സാഹചര്യത്തിലാണ് ട്രംപിന്റെ നീക്കം. ട്രംപിന്റെ ഉപരോധത്തിലൂടെ ഹേഗിലെ അന്താരാഷ്ട്ര കോടതിയ്ക്ക് എന്ത് സംഭവിക്കുമെന്നതാണ് ഇനി നിര്‍ണ്ണായകം.

യു.എസ്. പൗരര്‍ക്കോ സഖ്യകക്ഷികള്‍ക്കോ നേരേയുള്ള കേസുകളില്‍ ഐ.സി.സി.യെ സഹായിക്കുന്ന വ്യക്തികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സാമ്പത്തിക-വിസ ഉപരോധങ്ങള്‍ക്ക് ഇത് കാരണമാകുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും അദ്ദേഹത്തിന്റെ മുന്‍ പ്രതിരോധമന്ത്രിക്കും അറസ്റ്റ് വാറന്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് രാജ്യാന്തര ക്രിമിനല്‍ക്കോടതിക്കെതിരേ ഉപരോധമേര്‍പ്പെടുത്താന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ശ്രമംനടന്നിരുന്നു. കഴിഞ്ഞയാഴ്ച ഡെമോക്രാറ്റുകള്‍ ഇത് തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ പുതിയനീക്കം.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന് രാജ്യാന്തര ക്രിമനല്‍ കോടതിയുടെ അറസ്റ്റ് വാറന്റ് പല വിധ ചര്‍ച്ചകള്‍ ഉയര്‍ത്തി. ഇസ്രയേല്‍-ഹമാസ് യുദ്ധത്തിലെ മനുഷ്യാവകാശ ലംഘനങ്ങളിലും യുദ്ധക്കുറ്റങ്ങളിലുമായിരുന്നു നടപടി. നെതന്യാഹുവിന് പുറമെ, ഇസ്രയേല്‍ മുന്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റിനും ഹമാസ് മിലിറ്ററി കമാന്‍ഡര്‍ മുഹമ്മദ് ദെയ്ഫിനും കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ജൂലൈയില്‍ ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ദെയ്ഫ് കൊല്ലപ്പെട്ടെന്നാണ് ഇസ്രയേല്‍ പറയുന്നത്. മൂന്നുപേര്‍ക്കും ക്രിമനല്‍ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തമുണ്ടെന്നും സാഹചര്യ തെളിവുകളുണ്ടെന്നും കോടതി വിലയിരുത്തി. ആരോപണങ്ങള്‍ ഇസ്രയേലും ഹമാസും നിഷേധിച്ചു.

ഗാസയിലെ ജനങ്ങളെ പട്ടിണിയിലാക്കി കൊല്ലുന്നു എന്നതാണ് ഇസ്രയേല്‍ പ്രധാനമന്ത്രിക്കും മുന്‍ പ്രതിരോധ മന്ത്രിക്കുമെതിരെ ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റങ്ങള്‍. അന്ന് ആദ്യമായിട്ടായിരുന്നു പാശ്ചാത്യ ലോകത്തെ ഭരണാധികാരികള്‍ക്കെതിരെ ഐസിസി കുറ്റാരോപണം നടത്തിയത്. പ്രതീക്ഷിച്ചതു പോലെത്തന്നെ ഇസ്രയേല്‍ ഈ ഉത്തരവിനെ അപലപിച്ചുള്ള പ്രസ്താവന പുറത്തിറക്കി. ഈ ഉത്തരവ് സ്വീകാര്യമല്ലെന്ന് യുഎസും പറഞ്ഞു. എന്നാല്‍ യൂറോപ്പില്‍ ഈ ഉത്തരവിനെ ചൊല്ലി ഒരു അഭിപ്രായ വ്യത്യാസം ഉയര്‍ന്നു വരികയും ചെയ്തു. ഹംഗറി, ഫ്രാന്‍സ് തുടങ്ങി ചില രാജ്യങ്ങള്‍ ഈ ഉത്തരവ് നടപ്പാക്കില്ലെന്നു പ്രഖ്യാപിച്ചപ്പോള്‍ കാനഡ, ബെല്‍ജിയം, അയര്‍ലന്‍ഡ് തുടങ്ങി ചിലര്‍ ഇത് നടപ്പാക്കുമെന്നു വ്യക്തമാക്കി.

2023 മാര്‍ച്ചില്‍ ഐസിസി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനും റഷ്യയിലെ ബാലാവകാശ കമ്മിഷണര്‍ മറിയ ലോവ ബെലോവയ്ക്കുമെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിനെ റഷ്യയെ അനുകൂലിക്കുന്ന രാജ്യങ്ങളും തള്ളിയിരുന്നു. ഗാസ യുദ്ധം നടത്തിയതിനു രാജ്യാന്തര ക്രിമിനല്‍ കോടതി (ഐസിസി) തനിക്കെതിരെ പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് ഇസ്രയേലിനെ സംരക്ഷിക്കുന്നതിന് തടസമാകില്ലെന്ന് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പ്രതികരിച്ചിരുന്നു. '' ഒരു ഇസ്രയേല്‍ വിരുദ്ധ തീരുമാനവും ഞങ്ങളെ തടയില്ല. എല്ലാ വിധത്തിലും രാജ്യത്തെ സംരക്ഷിക്കുന്നത് തുടരും. ഞങ്ങള്‍ സമ്മര്‍ദത്തിനു വഴങ്ങില്ല'' -ഇതായിരുന്നു ബെന്യാമിന്‍ നെതന്യാഹുവിന്റെ പ്രതികരണം.

''രാജ്യങ്ങളുടെ ചരിത്രത്തിലെ കറുത്ത ദിനമാണിത്. മനുഷ്യരാശിയെ സംരക്ഷിക്കാന്‍ ഹേഗില്‍ സ്ഥാപിച്ച രാജ്യാന്തര ക്രിമിനല്‍ കോടതി ഇന്ന് മനുഷ്യരാശിയുടെ ശത്രുവായി മാറിയിരിക്കുന്നു. ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണ്'' ബെന്യാമിന്‍ നെതന്യാഹു പറഞ്ഞിരുന്നു. . അതിനിടെ ഗാസയില്‍നിന്ന് പലസ്തീന്‍കാരെ ഒഴിപ്പിക്കാന്‍ ഇസ്രയേല്‍ ഒരുക്കം തുടങ്ങി. വ്യോമ, കടല്‍ മാര്‍ഗങ്ങളിലൂടെ പാലസ്തീനികളെ ഒഴിപ്പിക്കാനുള്ള തയ്യാറെടുപ്പാണ് ഇസ്രയേല്‍ നടത്തുന്നത്. പോരാട്ടത്തിനൊടുവില്‍ ഇസ്രയേല്‍, ഗാസ അമേരിക്കയ്ക്ക് കൈമാറുമെന്ന് ട്രംപ് തന്റെ സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പറഞ്ഞിരുന്നു. ഗാസയുടെ പുനര്‍നിര്‍മാണത്തിന് യു.എസ്. സൈന്യത്തെ അയക്കേണ്ടിവരില്ലെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം നടപടികളെല്ലാം രാജ്യാന്തര ക്രിമിനല്‍ക്കോടതിയില്‍ എത്താന്‍ സാധ്യതയുണ്ട്. ഇത് മനസ്സിലാക്കി കൂടിയാണ് ട്രംപിന്റെ ഉപരോധമെത്തുന്നത്.