ഗാസാ സിറ്റി: ഗാസയിലെ പ്രധാന ഇടനാഴിയില്‍ നിന്ന് ഇസ്രയേല്‍ സൈന്യം പിന്മാറുമ്പോള്‍ ഇനി അറിയേണ്ടത് അമേരിക്കയുടെ അടുത്ത നീക്കം. വെടിനിര്‍ത്തല്‍ക്കരാറിലെ വ്യവസ്ഥപ്രകാരം ഇസ്രയേല്‍ പിന്‍മാറ്റം. വടക്കന്‍ ഗാസയുടെയും തെക്കന്‍ ഗാസയുടെയും നടുവിലായി സ്ഥിതിചെയ്യുന്ന നെത്‌സാരിം ഇടനാഴിയില്‍നിന്നാണ് സൈന്യം ഞായറാഴ്ച പിന്മാറിയത്. ഗാസയെ അമേരിക്ക ഏറ്റെടുക്കുമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്. ഇതിനിടെയാണ് ഇസ്രയേല്‍ സൈന്യം തന്ത്രപ്രധാന മേഖലയില്‍ നിന്നും മാറുന്നത്. ഇസ്രയേല്‍സൈന്യം മേഖലയില്‍നിന്ന് ഞായറാഴ്ച പൂര്‍ണമായി പിന്മാറിയെന്ന് ഹമാസും അറിയിച്ചു. സൈനികപോസ്റ്റുകളും യുദ്ധടാങ്കുകളും മാറ്റി. ഇരുവശത്തേക്കുമുള്ള ഗതാഗതവും പൂര്‍ണതോതില്‍ പുനരാരംഭിച്ചു. ബസിലും കാറിലും ട്രക്കിലും കഴുതവണ്ടികളിലുമായി ആളുകള്‍ തങ്ങളുടെ സ്വന്തംസ്ഥലത്തേക്ക് മടങ്ങുന്നതാണ് കാണാനാകുന്നതെന്നും ഹമാസ് വ്യക്തമാക്കി.

ഗാസ യുദ്ധത്തിനിടെ ആറുകിലോമീറ്റര്‍ നീളമുള്ള ഈ ഇടനാഴി സൈനികമേഖലയായി ഇസ്രയേല്‍ പ്രഖ്യാപിച്ചിരുന്നു. ജനുവരി 19-ന് വെടിനിര്‍ത്തല്‍ക്കരാര്‍ നിലവില്‍വന്നതുമുതല്‍ ഈ മേഖലയിലൂടെ വടക്കന്‍ ഗാസയിലേക്ക് പലസ്തീന്‍കാരെ ഇസ്രയേല്‍സൈന്യം കടത്തിവിട്ടുതുടങ്ങിയിരുന്നു. ആറ് കിലോമീറ്ററോളം വരുന്ന നെറ്റ്സറിം ഇടനാഴിയെ നിയന്ത്രണത്തിലാക്കിയാണ് തെക്ക്- വടക്ക് ഗാസന്‍ മേഖലകളെ ഇസ്രയേല്‍ സൈന്യം വേര്‍തിരിച്ചു നിര്‍ത്തിയിരുന്നത്. വെടിനിര്‍ത്തല്‍ നിലവില്‍ വന്നതോടെ നെറ്റ്സറിമിലൂടെ പരിശോധനകള്‍ ഇല്ലാതെ കടന്നുപോകാന്‍ പലസ്തീന്‍ പൗരരെ ഇസ്രയേല്‍ സൈന്യം അനുവദിച്ചിരുന്നു. ഇതോടെ, വടക്കന്‍ ഗാസയിലേക്ക് ആയിരങ്ങളാണ് കടന്നുപോയത്. അതേസമയം, ഇസ്രയേലുമായും ഈജിപ്തുമായും അതിര്‍ത്തി പങ്കിടുന്ന ഗാസന്‍ മേഖലകളില്‍ ഇസ്രയേല്‍ സൈന്യം തുടരുന്നുണ്ട്.

ഇസ്രയേല്‍സൈന്യം ഇടനാഴിയില്‍നിന്ന് പൂര്‍ണമായി പിന്മാറുന്നതോടെ 15 മാസമായി തുടരുന്ന യാത്രാനിയന്ത്രണത്തിനുകൂടിയാണ് അവസാനമാകുന്നത്. ഇതിനിടെ കരാറിന്റെ രണ്ടാംഘട്ടം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നേരിയ പുരോഗതി മാത്രമാണ് ഇപ്പോഴുണ്ടാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചര്‍ച്ചകള്‍ക്കായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതിനിധിസംഘത്തെ ഖത്തറിലേക്ക് അയച്ചിട്ടുണ്ട്. എന്നാല്‍, ഉന്നതസംഘത്തെ അയച്ചതുമില്ല. ഇതിനൊപ്പമാണ് അമേരിക്കയുടെ പ്രഖ്യാപനങ്ങളും. രണ്ടാംഘട്ടം നടപ്പാക്കുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ നെതന്യാഹു ഈയാഴ്ച മന്ത്രിസഭായോഗവും വിളിച്ചേക്കും.

ശനിയാഴ്ച ഹമാസ് വിട്ടയച്ച മൂന്നുബന്ദികളുടെ ആരോഗ്യനിലയില്‍ ഇസ്രയേല്‍ ആശങ്ക അറിയിച്ചിരുന്നു. രണ്ടാംഘട്ടത്തില്‍ ജീവനോടെയുള്ള എല്ലാ ബന്ദികളെയും ഇസ്രയേലിന് കൈമാറണമെന്നാണ് കരാറിലെ നിര്‍ദേശം. പകരം, ഇസ്രയേല്‍സൈന്യം പൂര്‍ണമായും ഗാസയില്‍നിന്ന് പിന്മാറണം. എന്നാല്‍, ഹമാസിനെ പൂര്‍ണമായി നശിപ്പിക്കാതെ ഗാസയില്‍നിന്ന് പിന്മാറില്ലെന്നാണ് ഇസ്രയേല്‍ നിലപാട്. ഇസ്രയേല്‍സൈന്യം ഗാസയില്‍നിന്ന് പൂര്‍ണമായി പിന്മാറാതെ അവസാന ബന്ദിയെ മോചിപ്പിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഹമാസ്. ഇത് പ്രതിസന്ധിയാണ്. ഇതിനൊപ്പമാണ് ഗാസ ഏറ്റെടുക്കുമെന്ന അമേരിക്കന്‍ പ്രഖ്യാപനം. അതേസമയം, വെസ്റ്റ് ബാങ്കില്‍ ഞായറാഴ്ച എട്ടുമാസം ഗര്‍ഭിണിയായ പലസ്തീന്‍ യുവതി ഇസ്രയേല്‍സൈന്യത്തിന്റെ വെടിയേറ്റുമരിച്ചതായി പലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതിനിടെ സൗദി അറേബ്യക്കുള്ളില്‍ ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണമെന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ പ്രതികരണവുമായി അറബ് രാഷ്ട്രങ്ങള്‍ രംഗത്തെത്തി. എത്ര കാലമെടുത്താലും ഒരാള്‍ക്കും ഫലസ്തീനികളെ അവരുടെ മണ്ണില്‍ നിന്ന് നീക്കാനാവില്ലെന്നായിരുന്നു നെതന്യാഹുവിന്റെ പ്രസ്താവനയോടുള്ള സൗദിയുടെ പ്രതികരണം. ഫലസ്തീനികള്‍ക്ക് അവരുടെ മണ്ണുമായുള്ള ബന്ധം അത് കൈയേറുന്നവര്‍ക്ക് മനസ്സിലാകില്ലെന്നും സൗദി പറഞ്ഞു. ഇത്തരം ചിന്താഗതിക്കാരാണ് സമാധാനത്തിന്റെ വഴി സ്വീകരിക്കുന്നതില്‍ നിന്ന് ഇസ്രയേലിനെ തടയുന്നതെന്നും സൗദി വിദേശകാര്യ മന്ത്രാലയം വിമര്‍ശിച്ചു. പ്രകോപനപരവും തള്ളിക്കളയേണ്ടതുമാണ് പ്രസ്താവനയെന്നാണ് യു എ ഇ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. ഇതിനോട് അമേരിക്ക എങ്ങനെ പ്രതികരിക്കുമെന്നതും നിര്‍ണ്ണായകമാണ്.

ഫലസ്തീനികളെ അവരുടെ മണ്ണില്‍ നിന്ന് നീക്കാനുള്ള ശ്രമങ്ങള്‍ തള്ളിക്കളയുന്നുവെന്നും യു എ ഇ വ്യക്തമാക്കി. ആശങ്കകള്‍ ചര്‍ച്ച ചെയ്യാന്‍ ഈ മാസം 27 ന് ഈജിപ്തില്‍ ഉച്ചകോടി ചേരാനും അറബ് രാഷ്ട്രങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ജനുവരി 19-ലെ ഇസ്രയേല്‍--ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഇതുവരെ 21 ബന്ദികളേയും 566 പലസ്തീന്‍ തടവുകാരെയും മോചിപ്പിച്ചിട്ടുണ്ട്. മൂന്നാഴ്ചയ്ക്കുള്ളില്‍ വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടം അവസാനിക്കുമ്പോഴേക്കും 33 ബന്ദികളും 1,900 തടവുകാരും മോചിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ 48,189 പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു.