- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെലന്‍സ്‌കി യുക്രൈനില്‍ തിരഞ്ഞെടുപ്പ് നടത്തുന്നില്ല; ബൈഡനെ തെറ്റിധരിപ്പിക്കുന്നതില്‍ മാത്രമാണ് അയാള്‍ മിടുക്ക് കാണിച്ചത്; തിരഞ്ഞെടുപ്പ് നടത്താത്ത ഏകാധിപതിയാണ് സെലന്‍സ്‌കി; എത്രയും പെട്ടെന്ന് മാറിയില്ലെങ്കില്‍ ആ രാജ്യം തന്നെ അവശേഷിക്കില്ലെന്ന് ട്രംപ്; റഷ്യന്‍ പക്ഷത്തേക്ക് അമേരിക്ക; ട്രംപിസം ലോകക്രമം മാറ്റുമ്പോള്‍
മിയാമി: ട്രംപിസം എത്തിയതോടെ അമേരിക്കയും റഷ്യയും കൂടുതല്‍ അടുക്കും. യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയെ ഏകാധിപതിയെന്ന് വിശേഷിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കുന്നത് റഷ്യയ്ക്ക് അനുകൂലമായ സന്ദേശമാണ്. തിരഞ്ഞെടുപ്പ് നടത്താത്ത ഏകാധിപതിയാണ് സെലന്‍സ്‌കിയെന്നും എത്രയും പെട്ടെന്ന് മാറിയില്ലെങ്കില്‍ അദ്ദേഹത്തിന്റെ രാജ്യം തന്നെ അവശേഷിക്കില്ലെന്നും ട്രംപ് വിമര്‍ശിച്ചു. തന്റെ സമൂഹിക മാധ്യമമായ ട്രൂത്തിലൂടെയാണ് ട്രംപിന്റെ വിമര്‍ശനം. അതിഗുരുതരമാണ് ആരോപണം. ഇതോടെ യുക്രൈന് മേല്‍ റഷ്യയ്ക്ക് മുന്‍തൂക്കവും കിട്ടുകയാണ്. പണമായും ആയുധങ്ങളായും റഷ്യയ്ക്കെതിരെ പോരാടുന്ന യുക്രൈന് അമേരിക്ക സഹായങ്ങള്‍ നല്‍കിവന്നിരുന്നു. അതൊന്നും ഇനി കിട്ടില്ല. പുതിയ ലോകക്രമം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി റഷ്യയുമായി അടുക്കാനാണ് അമേരിക്കന്‍ തീരുമാനം. 2019ലാണ് സെലന്‍സ്‌കി യുക്രൈനില്‍ അധികാരത്തിലെത്തിയത്. എന്നാല്‍ അധികാര കാലാവധി അവസാനിക്കുന്നതിന് മുമ്പ് യുക്രൈനില്‍ റഷ്യന്‍ അധിനിവേശം തുടങ്ങിയതോടെ പട്ടാളനിയമം പ്രഖ്യാപിക്കപ്പെടുകയും സെലന്‍സ്‌കി അധികാരത്തില്‍ തുടരുകയുമായിരുന്നു.
സെലന്‍സ്‌കി യുക്രൈനില്‍ തിരഞ്ഞെടുപ്പ് നടത്തുന്നില്ല. ബൈഡനെ തെറ്റിധരിപ്പിക്കുന്നതില്‍ മാത്രമാണ് അയാള്‍ മിടുക്ക് കാണിച്ചത്. അതേസമയം റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള വിജയകരമായ ശ്രമങ്ങള്‍ ഞങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ട്രംപിനു മാത്രമേ അത് സാധിക്കൂവെന്ന് എല്ലാവരും അംഗീകരിക്കുകയും ചെയ്യുന്നുവെന്നും ട്രംപ് കുറിച്ചു. പണമായും ആയുധങ്ങളായും റഷ്യയ്ക്കെതിരെ പോരാടുന്ന യുക്രൈന് അമേരിക്ക സഹായങ്ങള്‍ നല്‍കിവന്നിരുന്നു. എന്നാല്‍ അമേരിക്കയില്‍ ട്രംപ് അധികാരത്തില്‍ വന്നതിന് പിന്നാലെ യുക്രൈന്‍ വിഷയത്തില്‍ അമേരിക്കന്‍ നിലപാടുകളും മാറി. അതിന്റെ തുടര്‍ച്ചായാണ് ട്രംപിന്റെ വിമര്‍ശനം. യുദ്ധത്തിനുത്തരവാദി യുക്രൈനാണെന്ന് ട്രംപ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. മാത്രമല്ല സെലന്‍സ്‌കിക്ക് ജനപ്രീതിയില്ലെന്നും വെറും നാലുശതമാനം ആളുകളുടെ പിന്തുണ മാത്രമാണ് ഉള്ളതെന്നും ട്രംപ് വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ റഷ്യ പടച്ചുവിടുന്ന വ്യാജ പ്രചാരണങ്ങളുടെ ലോകത്താണ് ട്രംപ് ജീവിക്കന്നതെന്ന് സെലന്‍സ്‌കി തിരിച്ചടിച്ചു. ഇരുനേതാക്കളും തമ്മിലുള്ള അഭിപ്രായ വ്യത്യാസം കൂടി. അമേരിക്ക പതിയെ റഷ്യയുമായി അടുക്കുകയാണ്.
2022 ഫെബ്രുവരി 24-ന് റഷ്യ അധിനിവേശം ആരംഭിച്ചതു മുതല്‍ യുക്രൈന് സര്‍വപിന്തുണയുമായി നിലകൊണ്ട രാജ്യമാണ് യു.എസ്. റഷ്യയെ ആഗോളതലത്തില്‍ നയതന്ത്രപരമായും സാമ്പത്തികമായും ഒറ്റപ്പെടുത്താന്‍ മുന്‍പന്തിയില്‍ നിന്നത് ബൈഡന്‍ സര്‍ക്കാരായിരുന്നു. എന്നാല്‍ ട്രംപ് അതിനില്ല. ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനും തമ്മില്‍ കഴിഞ്ഞദിവസം ഫോണില്‍ സംസാരിച്ചിരുന്നു. യുക്രൈന്‍ വിഷയം പരിഹരിക്കുന്നതിനൊപ്പം യു.എസ്.-റഷ്യ നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനും പരസ്പരം സ്ഥാനപതികളെ നിയമിക്കാനും തീരുമാനിച്ചു. പുടിന് വിജയം അവകാശപ്പെടാനാകുന്നതരത്തില്‍ യുദ്ധമവസാനിപ്പിക്കാന്‍ ട്രംപ് ധാരണയുണ്ടാക്കുമെന്ന റിപ്പോര്‍ട്ടും ഉണ്ട്.
നിര്‍ദ്ദിഷ്ട ട്രംപ്-പുടിന്‍ യോഗത്തിന്റെ മുന്നോടിയായി അമേരിക്കന്‍, റഷ്യന്‍ പ്രതിനിധികള്‍ റിയാദില്‍ ചര്‍ച്ച നടത്തിയിരുന്നു. സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ മാര്‍ഗനിര്‍ദേശപ്രകാരം ചൊവ്വാഴ്ചയാണ് കൂടിക്കാഴ്ച നടന്നത്. ലോകത്ത് സമാധാനം സ്ഥാപിക്കുക, സുരക്ഷ വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ സൗദി അറേബ്യ മുന്‍കൈയ്യെടുത്ത് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരത്തിലുള്ള കൂടിക്കാഴ്ചകള്‍ക്കും ചര്‍ച്ചകള്‍ക്കും റിയാദ് ആതിഥേയത്വം വഹിക്കുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷമായി തുടരുന്ന റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുകയാണ് ലക്ഷ്യം. ഇതിലേക്കുള്ള പരിഹാരമാര്‍ഗങ്ങളിന്മേലാണ് അമേരിക്കന്‍, റഷ്യന്‍ വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ച ആരംഭിച്ചത്. ചര്‍ച്ചയില്‍ യുക്രൈയിനെ പങ്കെടുപ്പിച്ചുമില്ല. അമേരിക്കന്‍ പ്രതിനിധി സംഘവുമായി നടത്തിയ ചര്‍ച്ച പ്രതീക്ഷാനിര്‍ഭരമാണെന്ന് കൂടിക്കാഴ്ചയില്‍ പങ്കെടുത്ത റഷ്യന്‍ പ്രസിഡന്‍ഷ്യല്‍ അസിസ്റ്റന്റ് യൂറി ഉഷാക്കോവ് പറഞ്ഞു.
എന്നാല്‍ ഇരുപാര്‍ട്ടികളുടെയും നിലപാടുകള്‍ ഒത്തുപോകുന്നുണ്ടെന്ന് പറയാന്‍ ഇപ്പോഴും ബുദ്ധിമുട്ടാണെന്ന് അദ്ദേഹം വിശദീകരിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ റിയാദില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന കൂടിക്കാഴ്ചയുടെ തീയതി ഇപ്പോഴും തീരുമാനമായിട്ടില്ല. സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ മുന്‍കൈയ്യില്‍ റഷ്യയുമായുള്ള ചര്‍ച്ചക്ക് അവസരമൊരുങ്ങിയതില്‍ യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ടാമി ബ്രൂസ് സന്തോഷം പ്രകടിപ്പിക്കുകയും നന്ദി പറയുകയും ചെയ്തിട്ടുണ്ട്. വാഷിങ്ടണും മോസ്‌കോയും തമ്മിലെ ഭാവിസഹകരണത്തിനും ഉഭയകക്ഷിബന്ധം സാധാരണ നിലയിലാക്കാനുള്ള സംവിധാനത്തിനും അടിത്തറയിടാന്‍ ഇരുപക്ഷവും സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു. യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പാതയില്‍ പ്രവര്‍ത്തിക്കാന്‍ ഒരു ഉന്നതതല ചര്‍ച്ചാസംഘത്തെ നിയോഗിക്കാന്‍ ധാരണയായെന്നും ടാമി ബ്രൂസ് പ്രസ്താവനയില്‍ വിശദീകരിച്ചിരുന്നു.