- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫെബ്രുവരി പത്തിന് ശേഷം ബ്രീട്ടീഷ് സിറ്റിസണ്‍ഷിപ്പിന് അപേക്ഷിക്കുമ്പോള്‍ മാനദണ്ഡങ്ങള്‍ മാറും; സീസണല്‍ വിസ സ്കീമില്‍ യുകെയില്‍ എത്തിയവരോട് ഫാം ഉടമകള്‍ കാട്ടിയ ക്രൂരതയുടെ വിശദാംശങ്ങള്‍ പുറത്ത്
ലണ്ടന്‍: 2025 ഫെബ്രുവരി 10 ന് ശേഷം, ബ്രിട്ടീഷ് പൗരത്വത്തിനുള്ള അപേക്ഷകരുടെ യോഗ്യതാ മാനദണ്ഡങ്ങള്‍ വിലയിരുത്തുന്നതില്‍ ചില മാറ്റങ്ങള്‍ ഹോം ഓഫീസ് വരുത്തിയിട്ടുണ്ട്. ഇതില്‍ പ്രധാനമാറ്റം വന്നിരിക്കുന്നത് അനധികൃതമായി ബ്രിട്ടനില്‍ എത്തിയവരുമായി ബന്ധപ്പെട്ടാണ്. ബ്രിട്ടനില്‍ എത്തിയത് അനധികൃതമായാണെങ്കില്‍, അവര്‍ എത്രകാലം ബ്രിട്ടനില്‍ കഴിഞ്ഞു എന്നത് പരിഗണിക്കാതെ അവരുടെ അപേക്ഷ നിരാകരിക്കും എന്നതാണത്. 2022 ജൂണ്‍ മുതല്‍ നിലവിലുള്ള, നല്ല സ്വഭാവമുള്ളവരെ പരിഗണിക്കുക എന്ന നയത്തില്‍, പൗരത്വത്തിനായി അപേക്ഷിക്കുന്നതിനു മുന്‍പുള്ള പത്ത് വര്‍ഷക്കാലത്ത് നടത്തിയ കുടിയേറ്റ നിയമങ്ങളിലെ ലംഘനങ്ങളും അനധികൃതമായി ബ്രിട്ടനിലെത്തിയതും ഒക്കെ അപേക്ഷ പരിഗണിക്കുന്ന സമയത്ത് അവഗണിക്കുമായിരുന്നു.
മാത്രമല്ല, അടിച്ചമര്‍ത്തലുകള്‍ക്കും പീഢനങ്ങള്‍ക്കും വിധേയമായ രാജ്യത്തു നിന്നും നേരിട്ട് ബ്രിട്ടനിലെത്തിയവരാണെങ്കില്‍, അനധികൃതമായി എത്തിയതാണെന്ന കാര്യം ഹോം ഓഫീസ് പരിഗണിക്കാറില്ലായിരുന്നു. ഇമിഗ്രേഷന്‍ നിയമങ്ങള്‍ ലംഘിച്ചതിന് അഭയാര്‍ത്ഥികളെ ശിക്ഷിക്കരുതെന്ന റെഫ്യൂജി കണ്‍വെന്‍ഷനിലെ ആര്‍ട്ടിക്കിള്‍ 31 ന്റെ പ്രതിഫലനമായിരുന്നു ഇത്. എന്നാല്‍, ഭേദഗതി വരുത്തിയ നിയമത്തില്‍ ആര്‍ട്ടിക്കിള്‍ 31 നെ കുറിച്ച് യാതോരു പരാമര്‍ശവുമില്ല. മാത്രമല്ല, അഭയാര്‍ത്ഥികള്‍ക്ക് കഴിയുന്നത്ര പൗരത്വം നല്‍കാന്‍ ശ്രമിക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന ആര്‍ട്ടിക്കിള്‍ 34 നെ കുറിച്ചും പരാമര്‍ശമില്ല.
പാര്‍ലമെന്റില്‍ സര്‍ക്കാര്‍ പറഞ്ഞത് , അനധികൃതമായി ബ്രിട്ടനില്‍ എത്തിയവരുടെ അപേക്ഷ 2025 ഫെബ്രുവരി 10 ന് ശേഷം ലഭിക്കുകയാണെങ്കില്‍ അത് നിരാകരിക്കും എന്നാണ്. അതേസമയം കുട്ടികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഈ പുതിയ ഭേദഗതിക്കെതിരെ നിയമനടപടികള്‍ക്ക് ഒരുങ്ങുകയാണ് ചില സംഘടനകള്‍.
കുടിയേറ്റ തൊഴിലാളികള്‍ ബ്രീട്ടീഷ് കൃഷിയിടങ്ങളില്‍ അനുഭവിക്കുന്ന പീഢനങ്ങള്‍ പുറത്ത്
സീസണല്‍ വര്‍ക്കര്‍ വിസയില്‍ ബ്രിട്ടീഷ് കൃഷിയിടങ്ങളില്‍ ജോലിക്ക് എത്തുന്ന വിദേശ തൊഴിലാളികളോട് തൊഴിലുടമകള്‍ കാട്ടുന്ന ക്രൂരതകള്‍ പുറത്തു വന്നിരിക്കുകയാണ്. തൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ ഇവര്‍ തയ്യാറാകുന്നില്ല എന്ന് മാത്രമല്ല, പലപ്പോഴും ചെയ്ത മുഴുവന്‍ ജോലിക്കും വേതനവും നല്‍കുന്നില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കരാറില്‍ നിന്നും വിഭിന്നമായി തൊഴിലുടമകള്‍, അവര്‍ക്ക് ഇഷ്ടമുള്ള തുകയാണ് വേതമായി നല്‍കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിന് അവര്‍ ന്യായീകരണങ്ങളും കണ്ടെത്തും.
പലയിടങ്ങളിലും ഇത്തരം തൊഴിലാളികള്‍ക്ക് വേതനം നല്‍കുന്നത് അവര്‍ തൊഴില്‍ ചെയ്ത മണിക്കൂറുകളുടെ അടിസ്ഥാനത്തിലായിരിക്കില്ല, മറിച്ച് അവര്‍ ശേഖരിച്ച പഴങ്ങളുടെയും പച്ചക്കറികളുടെയും അളവുകളെ അടിസ്ഥാനമാക്കിയായിരിക്കും. കഴിഞ്ഞ വര്‍ഷം മാത്രം ബ്രിട്ടനിലെ കൃഷിയിടങ്ങളില്‍ താത്ക്കാലിക ജോലിക്കായി സീസണല്‍ വര്‍ക്കര്‍ വിസയില്‍ 45,000 വിദേശ തൊഴിലാളികള്‍ എത്തിച്ചേര്‍ന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ബ്രെക്സിറ്റുമായി ബന്ധപ്പെട്ട് വന്നുചേര്‍ന്ന തൊഴിലാളി ക്ഷാമത്തിന് പരിഹാരമായി 2019 ല്‍ ആയിരുന്നു സീസണല്‍ വര്‍ക്കര്‍ വിസ നടപ്പിലാക്കിയത്.
വര്‍ക്കര്‍ സപ്പോര്‍ട്ട് സെന്റര്‍ എന്ന സ്‌കോട്ട്‌ലാന്‍ഡ് ആസ്ഥാനമായ എന്‍ ജി ഒ പറയുന്നത്, വേതനവുമായി ബന്ധപ്പെട്ട് തങ്ങളെ കഴിഞ്ഞ വര്‍ഷം ബന്ധപ്പെട്ട് 99 വിദേശ തൊഴിലാളികളില്‍ പകുതിയിലേറെ പേര്‍ക്കും മണിക്കൂര്‍ അടിസ്ഥാനപ്പെടുത്തിയല്ല വേതനം ലഭിച്ചത് എന്നാണ്, മറിച്ച് അവര്‍ പാക്ക് ചെയ്ത ഉദ്പന്നങ്ങളുടെ അളവിന്റെ അടിസ്ഥാനത്തിലായിരുന്നു. ഇതുവഴി, വിവിധ തൊഴിലിടങ്ങളിലേക്ക് യാത്ര ചെയ്യുന്ന സമയം,. ടീം മീറ്റിംഗ് സമയം എന്നിവയൊന്നും വേതനത്തിനായി കണക്കിലെടുത്തില്ല എന്നും അവര്‍ പറയുന്നു. ഇക്കാര്യത്തില്‍ എച്ച് എം ആര്‍ സിയെ കൊണ്ട് അന്വേഷണം നടത്തണം എന്ന ആവശ്യപ്പെട്ട് ഈ സംഘടന ലോ പേയ് കമ്മീഷന് കത്തയച്ചിട്ടുണ്ട്.