- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത് അവസാന മുന്നറിയിപ്പാണെന്ന് പറഞ്ഞ് എല്ലാ ബന്ദികളെയും വിട്ടയക്കാന്‍ ഹമാസിനോട് ഭീഷണി മുഴക്കി ട്രംപ്; ബന്ദി മോചനം സമാധാന ചര്‍ച്ചകളില്‍ ഇനി നിര്‍ണ്ണായകമാകും; ട്രംപ് ആഗ്രഹിക്കുന്നത് അമേരിക്കക്കാരന്റെ അതിവേഗ മോചനമോ? ഹാമാസുമായി യുഎസ് ചര്‍ച്ചയിലേക്കും; പശ്ചിമേഷ്യയില്‍ ഇടപെടലിന് അമേരിക്ക
വാഷിംഗ്ടണ്‍: ഹമാസിന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗാസയില്‍ നിന്ന് എല്ലാ ഇസ്രയേല്‍ ബന്ദികളെയും മോചിപ്പിക്കണമെന്നാണ് ആവശ്യം. ഇല്ലെങ്കില്‍ ഹമാസിനെ തീര്‍ക്കുമെന്നാണ് മുന്നറിയിപ്പ്. ഇതോടെ പശ്ചിമേഷ്യയില്‍ കൂടുതല്‍ ഇടപെടലിന് ഇസ്രയേലിന് കരുത്തു വരും.
ഹമാസുമായി യുഎസ് നേരിട്ട് ചര്‍ച്ചയാരംഭിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ അന്ത്യശാസന. ഇത് അവസാന മുന്നറിയിപ്പാണെന്നും അദ്ദേഹം അറിയിച്ചു. തന്റെ ഔദ്യോഗിക എക്‌സ് പേജിലെ പോസ്റ്റിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും വിശദീകരിച്ചു. ഇത് ആദ്യമായാണ് ഹമാസിനെതിരെ അമേരിക്കന്‍ നേതാവ് ഇത്ര കടുത്ത നിലപാട് എടുക്കുന്നത്. ഹമാസുമായി ചര്‍ച്ച നടത്തുമെന്ന് വൈറ്റ് ഹൌസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ട്രംപിന്റെ അന്ത്യശാസനം. ഇതുവരെ വൈറ്റ് ഹൗസ് നേരിട്ട് ഹമാസുമായി ആശയവിനിമയം നടത്തിയിരുന്നില്ല. ഹമാസിനെ അമേരിക്ക ഭീകര സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനാലാണ് ഇത്. എന്നാല്‍ ഈ കീഴ്‌വഴക്കം ലംഘിച്ചാണ് വൈറ്റ് ഹൌസ് ഹമാസുമായി നേരിട്ട് ചര്‍ച്ച നടത്തുന്നത്. നിങ്ങള്‍ കൊലപ്പെടുത്തിയവര്‍ ഉണ്ടെങ്കില്‍ അവരുടെ മൃതദേഹം വിട്ടുനല്‍കണമെന്നും ട്രംപ് ഹമാസിനോട് ആവശ്യപ്പെട്ടു.
മറു ഭാഗത്ത് ഹമാസുമായി നേരിട്ട് ചര്‍ച്ച നടത്തിയെന്ന മാധ്യമവാര്‍ത്തകള്‍ അമേരിക്ക സ്ഥിരീകരിക്കുകയും ചെയ്തു. ഇരുപക്ഷവും തമ്മില്‍ ചര്‍ച്ചയും കൂടിയാലോചനയും തുടരുന്നതായി വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പ്രതികരിച്ചു. ദോഹയില്‍ ഹമാസുമായി നടന്ന ചര്‍ച്ചകള്‍ ഇസ്രായേലിന് അറിവുള്ളതാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. 1997 മുതല്‍ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയ ഹമാസുമായി ഇതാദ്യമായാണ് അമേരിക്ക നേരിട്ട് ചര്‍ച്ച നടത്തുന്നത്. ഹമാസ് പിടിയിലുള്ള യുഎസ് ബന്ദി ഇദാന്‍ അലക്‌സാണ്ടറിന്റെ മോചനത്തിനും കൊല്ലപ്പെട്ട നാല് പേരുടെ മൃതദേഹം വിട്ടുകിട്ടുന്നതിനുമാണ് ചര്‍ച്ച. അമേരിക്കന്‍ നീക്കം തങ്ങളുടെ താല്‍പര്യങ്ങളെ ബാധിക്കില്ലെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം അവശേഷിച്ച മുഴുവന്‍ ബന്ദികളുടെയും മോചനം ഉറപ്പാക്കുന്നതിനു പകരം യുഎസ് പൗരനെ മാത്രം വിട്ടുകിട്ടാനുള്ള നീക്കം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഇസ്രായേലിലെ ബന്ദികളുടെ ബന്ധുക്കള്‍ പറഞു.
അതേസമയം, യുദ്ധാനന്തര ഗാസയുടെ പുനര്‍നിര്‍മ്മാണത്തിനായി അറബ് രാജ്യങ്ങള്‍ അംഗീകരിച്ച പദ്ധതിയെ യു.എസും ഇസ്രയേലും തള്ളി. പദ്ധതി ഗാസയിലെ യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊള്ളുന്നതല്ലൊണ് വൈറ്റ് ഹൗസും ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയവും പ്രതികരിച്ചത്. ഈജിപ്റ്റ് ആവിഷ്‌കരിച്ച 5,300 കോടി ഡോളറിന്റെ പദ്ധതി കഴിഞ്ഞ ദിവസം കയ്റോയില്‍ നടന്ന ഉച്ചകോടിക്കിടെ അറബ് രാജ്യങ്ങള്‍ അംഗീകരിക്കുകയായിരുന്നു. അഞ്ച് വര്‍ഷം കൊണ്ട് മൂന്ന് ഘട്ടങ്ങളായുള്ള പുനരധിവാസ പദ്ധതിയാണിത്.
യുദ്ധാനന്തരം ഗാസയെ ഇസ്രയേല്‍ തങ്ങള്‍ക്ക് നല്‍കുമെന്നും ഗാസയെ ഏറ്റെടുത്ത് പുനര്‍നിര്‍മ്മിക്കുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പാലസ്തീനികളെ മറ്റെവിടേക്കെങ്കിലും മാറ്റിയ ശേഷമാകും പുനര്‍നിര്‍മ്മാണമെന്ന ട്രംപിന്റെ പ്രസ്താവനയെ അറബ് രാജ്യങ്ങള്‍ എതിര്‍ത്തിരുന്നു. തുടര്‍ന്നാണ് ബദല്‍ മാര്‍ഗ്ഗവുമായി ഈജിപ്റ്റ് രംഗത്തെത്തിയത്. അറബ് പദ്ധതിയെ പാലസ്തീനിയന്‍ അതോറിറ്റിയും ഹമാസും സ്വാഗതം ചെയ്തു.
അന്താരാഷ്ട്ര സമാധാന സേന ഉള്‍പ്പെടുന്ന സ്വതന്ത്ര സമിതിയുടെ താത്കാലിക ഭരണം ഗാസയില്‍ ഏര്‍പ്പെടുത്തണമെന്നും അറബ് ഉച്ചകോടിയില്‍ ആവശ്യം ഉയര്‍ന്നിരുന്നു.