വാഷിങ്ടണ്‍: ചൈനീസ് ഉത്പ്പന്നങ്ങള്‍ക്ക് അധികതീരുവ ചുമത്താനുള്ള അമേരിക്കയുടെ തീരുമാനവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്പോരാട്ടം തുടരുന്നു. യുദ്ധമാണ് അമേരിക്ക ആഗ്രഹിക്കുന്നതെങ്കില്‍ അവസാനം വരെ പോരാടാന്‍ തങ്ങള്‍ തയ്യാറാണെന്ന ചൈനയുടെ പ്രഖ്യാപനത്തിന് എതിരെ രൂക്ഷമായ പ്രതികരണവുമായി അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പെറ്റേ ഹെഗ്സേത്ത് രംഗത്ത് വന്നു. ഇതോടെ ഈ വിഷയം ആളികത്തിയാല്‍ അതൊരു മൂന്നാം ലോക മഹായുദ്ധത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കും. എന്നാല്‍ ആ സ്ഥിതിയിലേക്ക് ഇത് വളരില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

ചൈനയുമായി അമേരിക്ക യുദ്ധത്തിന് തയ്യാറാണന്നാണ് ചൈനയുടെ വെല്ലുവിളിക്ക് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മറുപടി നല്‍കിയത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഹെഗ്സേത്ത് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കയിലെ ചൈനിസ് എംബസി കഴിഞ്ഞ ദിവസം സമൂഹമാധ്യമമായ എക്സിലാണ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ഇതിനോടുള്ള മറുപടിയായിട്ടാണ് ഹെഗ്സേത്ത് അമേരിക്ക യുദ്ധത്തിന് പൂര്‍ണമായും സജ്ജമാണെന്ന് വ്യക്തമാക്കിയത്. ഇക്കാരണം കൊണ്ട് തന്നെയാണ് അമേരിക്കന്‍ സര്‍ക്കാര്‍ സൈന്യത്തെ പുനക്രമീകരിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

ചൈനയുമായോ മറ്റേത് രാജ്യവുമായോ യുദ്ധം ചെയ്യണമെങ്കില്‍ സൈന്യത്തെ കൂടുതല്‍ ശക്തമാക്കുമെന്നും കരുത്തിലൂടെയാണ് സമാധാനം കൈവരുന്നതെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിശ്വസിക്കുന്നതെന്നും ഹെഗ്സേത്ത് ചൂണ്ടിക്കാട്ടി. ട്രംപിന് ചൈനീസ് പ്രസിഡന്റ് ഷീജിംഗ്പിങ്ങുമായി മികച്ച ബന്ധമാണ് ഉള്ളതെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പറഞ്ഞു. എന്നാല്‍ രാജ്യത്തിന്റെ പ്രതിരോധ സെക്രട്ടറി എന്ന നിലയില്‍ രാജ്യത്തിന്റെ സെനിക കരുത്ത് ഉറപ്പ് വരുത്തുകയാണ് തന്റെ കടമയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ പ്രതിരോധ ബജറ്റ് 7.2 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ ചൈന കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

അമേരിക്ക കഴിഞ്ഞാല്‍ ലോകത്ത് പ്രതിരോധ മേഖലക്കായി ഏറ്റവുമധികം പണം ചെലവഴിക്കുന്ന രാജ്യമാണ് ചൈന. കൂടാതെ ലോകത്തെ ഏറ്റവും വിപുലമായി നാവികസേനയും ചൈനയുടേതാണ്. കഴിഞ്ഞയാഴ്ച അമേരിക്ക ചൈനീസ് ഉത്പ്പന്നങ്ങള്‍ക്കുള്ള അധിക തീരുവ 20 ശതമാനമായി ഉയര്‍ത്തിയിരുന്നു. ഇതിനി തിരിച്ചടിയായി അമേരിക്കന്‍ ഉത്പ്പന്നങ്ങള്‍ക്ക് ചൈനയും 15 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തിയിരുന്നു. വിരട്ടലും ഭീഷണിയും ചൈനയോട് വിലപ്പോവില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് രണ്ട് ദിവസം മുമ്പ് പ്രതികരിച്ചിരുന്നു.

ചൈനയുടെ താത്പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്നതിനുള്ള പ്രതിരോധം പൂര്‍ണ്ണമായും നിയമാനുസൃതവും അനിവാര്യവുമാണ് എന്നും അമേരിക്ക ചൈനയെ അപകീര്‍ത്തിപ്പെടുത്താനും ചെളിവാരി എറിയാനുമാണ് ശ്രമിക്കുന്നതെന്നും വിദേശകാര്യമന്ത്രാലയ വക്താവ് സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി. ചൈനയ്ക്കുമേല്‍ പരമാവധി സമ്മര്‍ദം ചെലുത്തുന്നവര്‍ ആരായാലും അവരുടേത് തെറ്റായ കണക്കുകൂട്ടലാണ്. യുദ്ധമാണ് അമേരിക്ക ആഗ്രഹിക്കുന്നതെങ്കില്‍, അത് തീരുവയുദ്ധമോ വ്യാപാരയുദ്ധമോ മറ്റെന്തെങ്കിലും തരത്തിലുള്ള യുദ്ധമോ ആവട്ടെ, അവസാനംവരെ പോരാടാന്‍ തങ്ങള്‍ തയ്യാറാണന്നാണ് കുറിപ്പില്‍ പറയുന്നത്.

ചൈനയും ഇന്ത്യയുമടക്കമുള്ള രാജ്യങ്ങള്‍ യു.എസിനുമേല്‍ കൂടുതല്‍ തീരുവ ചുമത്തുന്നുവെന്ന ആരോപണവുമായി ട്രംപ് രംഗത്തെത്തിയിരുന്നു. വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി യു.എസിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു ട്രംപിന്റെ ആരോപണം. ഏപ്രില്‍ രണ്ടുമുതല്‍ പകരച്ചുങ്കം ഏര്‍പ്പെടുത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു. താരിഫ് യുദ്ധത്തില്‍ യു.എസിനോട് ഏറ്റുമുട്ടാനുറച്ചാണ് ചൈന മുന്നോട്ടുനീങ്ങുന്നത്. മാര്‍ച്ച് 10 മുതല്‍ കോഴിയിറച്ചി, ചോളം, പരുത്തി എന്നിവ ഉള്‍പ്പെടെ യു.എസില്‍നിന്നുള്ള ഇറക്കുമതിക്ക് 10 മുതല്‍ 15 ശതമാനംവരെ തീരുവ ചൈന പ്രഖ്യാപിച്ചിരുന്നു.

യു.എസില്‍ നിന്നുള്ള കോഴി, ഗോതമ്പ്, ചോളം, പരുത്തി എന്നിവയ്ക്ക് 15 ശതമാനവും സോയാബീന്‍, പന്നിയിറച്ചി, പോത്തിറച്ചി, സമുദ്ര വിഭവങ്ങള്‍, പഴം, പച്ചക്കറി, പാലുത്പന്നങ്ങള്‍ എന്നിവയ്ക്ക് 10 ശതമാനംവും തീരുവ ഈടാക്കും.