ലണ്ടന്‍: രണ്ട് ലോകമഹായുദ്ധങ്ങള്‍ക്ക് വേദിയായ യൂറോപ്പ് വീണ്ടും യുദ്ധഭീതിയില്‍. പ്രായപൂര്‍ത്തിയായ എല്ലാ പുരുഷന്മാര്‍ക്കും നിര്‍ബന്ധിത സൈനിക സേവനത്തിനുള്ള ആലോചനയുമായി പോളണ്ട്. റഷ്യയുമായുള്ള സംഘര്‍ഷം മൂര്‍ച്ഛിക്കുന്ന പശ്ചാത്തലത്തില്‍ കരുതല്‍ സൈന്യത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം.

രാജ്യത്തിലെ എല്ലാ പുരുഷന്മാര്‍ക്കും സൈനിക പരിശീലനം നല്‍കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങുകയാണെന്ന് പോളണ്ട് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌ക് ഇന്നലെ പറഞ്ഞു. രാജ്യത്തിനു നേരെ ഉയര്‍ന്നേക്കാവുന്ന ഭീഷണികളെ നേരിടാന്‍ അത് സഹായിക്കുമെന്നും ടസ്‌ക് ഇന്നലെ പാര്‍ലമെന്റില്‍ പറഞ്ഞു.

സ്ത്രീകള്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ഇതില്‍ അവസരമുണ്ടാകുമെന്നും, ഇതുമായി ബന്ധപ്പെട്ട പദ്ധതികള്‍ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണെന്നും അറിയിച്ച അദ്ദേഹം ഈ വര്‍ഷം അവസാനത്തോടെ പദ്ധതിയുടെ വിശദാംശങ്ങള്‍ തയ്യാറാകുമെന്നും പറഞ്ഞു. യുക്രെയിന് സഹായം നല്‍കുന്നതില്‍ നിന്നും അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പിന്മാറിയതോടെ യൂറോപ്പിലെങ്ങും ആശങ്ക കനക്കുകയാണ്. നാറ്റോയുടെ കിഴക്കെ അറ്റത്തുള്ള പോളണ്ടും കടുത്ത യുദ്ധഭീതിയിലാണിപ്പോള്‍.

റഷ്യയില്‍ നിന്നും ഏത് സമയവും ഒരു ആക്രമണം ഉണ്ടായേക്കാം എന്നാണ് പോളണ്ട് കരുതുന്നത്. യുദ്ധത്തില്‍ യുക്രെയിന്‍ പരാജയപ്പെട്ടാല്‍ റഷ്യയുടെ സാമ്രാജ്യത്വ മോഹങ്ങള്‍ പിന്നീട് നീളുക പോളണ്ട് ഉള്‍പ്പടെയുള്ള കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കാകുമെന്ന് അവര്‍ ഭയക്കുന്നു.

പത്തൊന്‍പതാം നൂറ്റാണ്ടിലും ശീതയുദ്ധകാലത്തും പോളണ്ട് റഷ്യയുടെ നിയന്ത്രണത്തിലായിരുന്നു. സമാനമായ രീതിയില്‍ രാജ്യത്തിന്റെ ജി ഡി പിയുടെ 4 ശതമാനം ഓരോ വര്‍ഷവും പ്രതിരോധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുവാന്‍ നിര്‍ബന്ധിതമാക്കുന്ന രീതിയില്‍ ഒരു ഭരണഘടനാ ഭേദഗതി കൊണ്ടുവരുമെന്ന് പ്രസിഡണ്ട് ആന്‍ഡ്രേസ് ഡ്യുഡയും പറഞ്ഞു.

ഇപ്പോള്‍ തന്നെ മറ്റ് നാറ്റോ രാജ്യങ്ങളേക്കാള്‍ കൂടുതല്‍ ആനുപാതിക തുക പ്രതിരോധ ആവശ്യങ്ങള്‍ക്കായി ചെലവഴിക്കുന്ന രാജ്യമാണ് പോളണ്ട്. യുദ്ധത്തില്‍ യുക്രെയിന്‍ പരാജയപ്പെടുകയോ അതല്ലെങ്കില്‍ സ്വന്തം പരമാധികാരം ദുര്‍ബലമാക്കുന്ന നിബന്ധനകള്‍ക്ക് വഴങ്ങി സമാധാനത്തിന് ശ്രമിക്കുകയോ ചെയ്താല്‍, യുക്രെയിന് മേല്‍ നിയന്ത്രണമേറ്റെടുക്കാന്‍ പുട്ടിന് എളുപ്പമാകുമെന്ന് പറഞ്ഞ ടസ്‌ക്, അങ്ങനെ വന്നാല്‍, ഭൂമിശാസ്ത്രപരമായി ഏറെ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കാന്‍ പോളണ്ട് നിര്‍ബന്ധിതമാകുമെന്നും ഓര്‍മ്മപ്പെടുത്തി.

സ്വിസ്സ് മാതൃകയില്‍, പ്രായപൂര്‍ത്തിയായ എല്ലാ പുരുഷന്മാര്‍ക്കും നിര്‍ബന്ധിത സൈനിക സേവനം കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്ന് പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുമ്പോള്‍ ടസ്‌ക് വ്യക്തമാക്കി. ഇതനുസരിച്ച് എല്ലാ പുരുഷന്മാര്‍ക്കും സൈന്യത്തിലോ മറ്റ് അനുബന്ധ വിഭാഗങ്ങളിലോ നിശ്ചിതകാലം നിര്‍ബന്ധമായും ജോലി ചെയ്യേണ്ടതായി വരും. സ്ത്രീകള്‍ക്ക് അവരുടെ ഇഷ്ടപ്രകാരം ഇത് ചെയ്യാവുന്നതാണ്.