- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡെന്‍മാര്‍ക്കിനെ തള്ളിപ്പറഞ്ഞ് അമേരിക്കയോട് കൂട്ടുകൂടുമോ? ഗ്രീന്‍ലാന്റുകാര്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്; ലോകത്തിലെ ഏറ്റവും വലിയ ദ്വീപിന്റെ നിയന്ത്രണം സ്വന്തമാക്കാന്‍ മോഹിച്ച് ട്രംപും; യൂറോപ്പുമായുള്ള ഭിന്നത കടുക്കുന്നു
ഗ്രീന്‍ലാന്റുകാര്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്
ന്യൂക്: ഗ്രീന്‍ലാന്റുകാര്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്. ഡെന്‍മാര്‍ക്കിന്റെ സ്വയംഭരണ പ്രദേശമായ ഇവിടെ ജനങ്ങള്‍ ഡെന്‍മാര്‍ക്കിനെ തള്ളിപ്പറഞ്ഞ് അമേരിക്കന്‍ പക്ഷപാതം സ്വീകരിക്കുമോ എന്നതാണ് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്. മെക്സികോയേക്കാള്‍ വലിയ ഭൂപ്രദേശമായ ഗ്രീന്‍ലാന്‍ഡ് ലോകത്തിലെ ഏറ്റവും വലിയ ദ്വീപാണ്. 57,000 മാത്രമാണ് ജനസംഖ്യ. ഇവരില്‍ നാല്‍പ്പതിനായിരത്തിലധികം പേര്‍ക്കാണ് വോട്ടവകാശം ഉള്ളത്.
2009ലാണ് ദ്വീപിന് സ്വയംഭരണാവകാശം ലഭിച്ചത്. ഡെന്മാര്‍ക്കില്‍ നിന്ന് ഒരു റഫറണ്ടത്തിലൂടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കാനുള്ള അവകാശവും പ്രദേശത്തിനുണ്ട്. നേരത്തെ മുതലേ ട്രംപിന് ഗ്രീന്‍ലാന്‍ഡിനെ അമേരിക്കയോട് ചേര്‍ക്കാനുള്ള ആഗ്രഹമുണ്ടായിരുന്നു. അതേസമയം, സ്വാതന്ത്ര്യത്തിനായുള്ള ശ്രമങ്ങള്‍ ശക്തമാക്കിയ ഗ്രീന്‍ലാന്‍ഡ് പ്രധാനമന്ത്രി മ്യൂട്ടെ എഗെഡെ, ദ്വീപ് വില്‍പ്പനയ്ക്കുള്ളതല്ലെന്നും അവരുടെ ഭാവി തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു.
അമേരിക്കയുടെ സുരക്ഷയ്ക്ക് ഗ്രീന്‍ലാന്‍ഡ് സുപ്രധാനമാണെന്നും തന്ത്രപ്രധാനമായ ദ്വീപിന്റെ നിയന്ത്രണം ഡെന്മാര്‍ക്ക് ഉപേക്ഷിക്കണമെന്നും ട്രംപ് മുമ്പ് പറഞ്ഞിരുന്നു. ദ്വീപിന്റെ നിയന്ത്രണം സ്വന്തമാക്കാനുള്ള ട്രംപിന്റെ നീക്കമാണിതെന്നുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. നാറ്റോ രാജ്യമായ ഫ്രാന്‍സ് ഉള്‍പ്പെടെ ഈ നീക്കത്തെ എതിര്‍ത്തിരുന്നു. 2019 ല്‍ തന്നെ ട്രംപ് ഗ്രീന്‍ലാന്റ് സ്വന്തമാക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു എങ്കിലും വിജയിച്ചിരുന്നില്ല.
തന്ത്രപ്രധാനമായ ഈ മേഖല സ്വന്തമാക്കാന്‍ റഷ്യയും ചൈനയും എല്ലാം ആഗ്രഹിക്കുകയാണ്. ഗ്രീന്‍ലാന്റ് പാര്‍ലമെന്റില്‍ 31 സീറ്റുകളാണ് ഉള്ളത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് ഈ ദ്വീപ് ജര്‍മ്മന്‍ സൈന്യം പിടിച്ചെടുക്കാതെ സംരക്ഷിച്ചത് അമേരിക്കന്‍ സൈന്യമാണ്. ഗ്രീന്‍ലാന്റിന്റെ 80 ശതമാനം പ്രദേശങ്ങളും മഞ്ഞു മൂടി കിടക്കുകയാണ്. വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം മാത്രമാണ് ഇവിടെ സൂര്യപ്രകാശം ലഭിക്കുന്നത്. ബാറ്ററികളും ഹൈടെക്ക് ഉകരണങ്ങളും നിര്‍മ്മിക്കുന്നതിനുള്ള അപൂര്‍വ്വ ധാതുക്കളുടെ വന്‍ ശേഖരമാണ് ഈ മേഖലയെ ശ്രദ്ധേയമാക്കുന്നത്.
ഗ്രീന്‍ലാന്റിന്റെ അപൂര്‍വ്വ ധാതു സമ്പത്തിലും അമേരിക്കയ്ക്ക് കണ്ണുണ്ട്. 1979 ല്‍ ഡെന്‍മാര്‍ക്കില്‍ നിന്ന് ഹിതപരിശോധനയിലൂടെ സ്വയംഭരണം നേടിയ ഗ്രീന്‍ലാന്‍ഡിന് ഇപ്പോഴും സാമ്പത്തിക സഹായം നല്‍കുന്നത് ഡെന്‍മാര്‍ക്കാണ്. നേരത്തേ നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ ഗ്രീന്‍ലാന്റിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ട്രംപിന്റെ നീക്കത്തിന് വന്‍ തിരിച്ചടിയാണ് ലഭിച്ചത്. ഡാനിഷ് ദിനപത്രമായ ബെര്‍ലിങ്സ്‌കെയും ഗ്രീന്‍ലാന്‍ഡിലെ ദിനപത്രമായ സെര്‍മിറ്റ്‌സിയാഖും ചേര്‍ന്നാണ് സര്‍വേ നടത്തിയത്.
85% ഗ്രീന്‍ലാന്‍ഡുകാരും അമേരിക്കയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ്് അഭിപ്രായ വോട്ടെടുപ്പില്‍ പറയുന്നു. 6% ഗ്രീന്‍ലാന്‍ഡുകാര്‍ മാത്രമാണ് തങ്ങളുടെ ദ്വീപ് യുഎസിന്റെ ഭാഗമാകുന്നതിനെ അനുകൂലിച്ചത്. 9% പേര്‍ തീരുമാനമെടുത്തിട്ടില്ലെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താല്‍പ്പര്യത്തെ പകുതിയോളം ജനങ്ങളും ഒരു ഭീഷണിയായിട്ടാണ് കാണുന്നത്.
സര്‍വേയില്‍ പങ്കെടുത്തവരില്‍ 8% പേര്‍ മാത്രമാണ് തങ്ങളുടെ ഡാനിഷ് പൗരത്വം അമേരിക്കയിലേക്ക് മാറ്റാന്‍ തയ്യാറാണെന്ന് പറഞ്ഞത്. 55% പേര്‍ ഡാനിഷ് പൗരന്മാരായി തുടരാനാണ് ആഗ്രഹിക്കുന്നത്. 37% പേര്‍ തീരുമാനമെടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേ സമയം യൂറോപ്യന്‍ രാജ്യങ്ങളുമായിട്ടാണ് ഈ ദ്വീപിന് ഏറ്റവും ബന്ധമുള്ളത്. അത് കൊണ്ട് തന്നെ ഇതിനെ സ്വന്തമാക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങളും ശ്രമിക്കുകയാണ്.