- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനുവരി 19ന് വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിന് ശേഷം നടന്ന ഏറ്റവും വലിയ വ്യോമാക്രമണം; രണ്ടാംഘട്ട സമാധാന ചര്‍ച്ചകള്‍ നീളുന്ന സാഹചര്യത്തില്‍ ഗാസയില്‍ ഇസ്രയേല്‍ വീണ്ടും ആക്രമണം തുടങ്ങി; 100 ലേറെ മരണം; ഹമാസ് താവളങ്ങള്‍ തകര്‍ന്നു തരിപ്പണമാകുന്നു
ജെറുസലേം: രണ്ടാംഘട്ട സമാധാന ചര്‍ച്ചകള്‍ നീളുന്ന സാഹചര്യത്തില്‍ ഗാസയില്‍ ഇസ്രയേല്‍ വീണ്ടും ആക്രമണം തുടങ്ങി. ജനുവരി 19ന് വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിന് ശേഷം നടന്ന ഏറ്റവും വലിയ വ്യോമാക്രമണമാണ് ഇസ്രയേല്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടു എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഗാസയിലെ ഹമാസിന്റെ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേല്‍ അവകാശപ്പെട്ടത്. ഗാസയില്‍ ആക്രമണം പുനരാരംഭിച്ചെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് വ്യക്തമാക്കി. ഇസ്രയേല്‍ ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ഹമാസും ആരോപിച്ചു. ബന്ദികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന നീക്കമാണ് ഇസ്രയേലിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ഹമാസ് ആരോപിക്കുന്നു. അതേസമയം ബന്ദികളെ മുഴുവന്‍ മോചിപ്പിക്കണമെന്നാണ് ഇസ്രയേല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആക്രമണം കടുപ്പിക്കുമെന്നും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.
ഇന്ന് പുലര്‍ച്ചെയോടെ ഇസ്രയേല്‍ ആക്രമണത്തില്‍ നിരവധി കുട്ടികളും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ബന്ദികളെ മുഴുവന്‍ മോചിപ്പിക്കണമെന്നു ഇസ്രയേല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആക്രമണം കടുപ്പിക്കുമെന്നും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. മധ്യ ഗാസയിലെ ദെഇര്‍ അല്‍ ബലായി, ഗാസ സിററി, ഖാന്‍ യുനീസ്, റാഫ എന്നിവിടങ്ങളിലാണ് ഇസ്രയേല്‍ സൈന്യം ശക്തമായ ആക്രമണം നടത്തിയത്. കഴിഞ്ഞ ജനുവരിയില്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ ദോഹയില്‍ നടത്തിയ ചര്‍ച്ചകളിലാണ് താത്ക്കാലിക വെടിനിര്‍ത്തലിന് ധാരണയായത്. മൂന്ന് ഘട്ടങ്ങളിലായി വെടിനിര്‍ത്തല്‍ നടപ്പിലാക്കണം എന്നായിരുന്നു കരാര്‍.
തുടര്‍ന്ന് ഇസ്രയേലും ഹമാസും ആദ്യ ഘട്ടത്തില്‍ ബന്ദികളെ കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രയേല്‍ ഇപ്പോള്‍ ശക്തമായ ആക്രമണം നടത്തിയിരിക്കുന്നത്. എന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ നീട്ടാനുള്ള അമേരിക്കയുടെ നിര്‍ദ്ദേശം ഹമാസ് നിരസിച്ചതിനെ തുടര്‍ന്നാണ് ഗാസയില്‍ ആക്രമണം പുനരാരംഭിച്ചതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കി. ഇപ്പോഴും ഹമാസ് തടവില്‍ കഴിയുന്ന ബന്ദികളില്‍ പലരും ജീവിച്ചിരിപ്പുണ്ടോ എന്ന സംശയവും ഇപ്പോഴും നിലനില്‍ക്കുകയാണ്.
അതേ സമയം ഇസ്രയേല്‍ സൈന്യം ഇന്നലെ സിറിയയിലും ലബനനിലും വ്യോമാക്രമണം നടത്തിയിരുന്നു. ലബനനിലെ പല ഹിസ്ബുള്ള കേന്ദ്രങ്ങളും ആക്രമണത്തില്‍ തകര്‍ന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രയേലിന്റെ സുരക്ഷക്ക് ഭീഷണിയാകുന്ന ഏത് ശക്തികളേയും ചെറുത്തു തോല്‍പ്പിക്കുക തന്നെ ചെയ്യും എന്നാണ് പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.