റക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് അധിക നികുതിയുമായി അമേരിക്ക. 25 ശതമാനം അധിക നികുതിയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബി.എം.ഡബ്ല്യൂവും മെഴ്സിഡസ് ബെന്‍സും അടക്കം എല്ലാം കമ്പനികളും ഇതോടെ അങ്കലാപ്പിലായിരിക്കുകയാണ്. കൂടാതെ കാറുകളുടെ വില കുതിച്ചുയര്‍ന്നതോടെ അമേരിക്കക്കാരും ട്രംപിനെതിരെ കലിപ്പിലാണ്. കഴിഞ്ഞ ദിവസം ഓവല്‍ ഓഫീസില്‍ ട്രംപ് തന്നെയാണ് അധിക നികുതി ഏര്‍പ്പെടുത്തിയ കാര്യം പ്രഖ്യാപിച്ചത്.

അമേരിക്കന്‍ വാഹന കമ്പനികളുടെ ബിസിനസ് മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ട്രംപ് ഈ തീരുമാനം എടുത്തിരിക്കുന്നതെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. അടുത്ത മാസം രണ്ട് മുതല്‍ പുതിയ നികുതി നിരക്ക് പ്രാബല്യത്തില്‍ വരും. അമേരിക്കയുടെ മിത്രങ്ങള്‍ക്കും ശത്രുക്കള്‍ക്കും ഇക്കാര്യം ഒരു പോലെ ബാധകമാണെന്നും നിരക്ക് വര്‍ദ്ധന നേരിയ തോതില്‍ മാത്രമാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി. മറ്റൊരു കാലത്തും ഉണ്ടാകാത്ത തരത്തില്‍ അമേരിക്കയിലെ വാഹന വ്യവസായം അഭിവൃദ്ധിപ്പെടാന്‍ പുതിയ തീരുമാനം സഹായിക്കുമെന്ന വിശ്വാസത്തിലാണ് ട്രംപും അനുയായികളും. കാര്‍വില കുതിച്ചുയരുന്നത് അമേരിക്കക്കാരെ വെട്ടിലാക്കുമോ എന്ന ചോദ്യത്തിന് അമേരിക്ക നിലവില്‍ മികച്ച സാമ്പത്തിക സ്ഥിതിയിലാണെന്നാണ് ട്രംപ് മറുപടി നല്‍കിയത്.

എന്നാല്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത് കാറുകളുടെ വില പുതിയ തീരുമാനത്തോടെ വന്‍ തോതില്‍ ഉയരും എന്നാണ്. അമേരിക്കയില്‍ നിര്‍മ്മിക്കുന്ന പല കാറുകളുടേയും വിലയും വര്‍ദ്ധിക്കുമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിന് കാരണമായി അവര്‍ പറയുന്നത് ഈ കാറുകളില്‍ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന പല ഘടകങ്ങളും ഉണ്ടെന്നും അത് കൊണ്ട് തന്നെ നികുതി വര്‍ദ്ധന കാറുകളുടെ വിലയിലും പ്രതിഫലിക്കും എന്നാണ്. ഓരോ കാറിനും 3500 ഡോളര്‍ മുതല്‍ 12000 ഡോളര്‍ വരെ കൂടാനാണ് സാധ്യത. ഇക്കാര്യത്തില്‍ ഓഹരി വിപണിയില്‍ നിന്നുള്ള പ്രതികരണം താന്‍ കണക്കിലെടുക്കുന്നില്ല എന്നാണ് ട്രംപിന്റെ നിലപാട്.

അമേരിക്കക്കാര്‍ക്ക് പരമാവധി തൊഴില്‍ അവസരങ്ങള്‍ നല്‍കാനാണ് മുന്‍ഗണന നല്‍കുന്നതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. പുതിയ തീരുമാനം തന്റെ വിശ്വസ്തനായ ഇലോണ്‍ മസ്‌ക്കിന്റെ വാഹന കമ്പനിയായ ടെസ്ലയെ സഹായിക്കാനാണോ എന്ന ചോദ്യത്തിന് ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കുന്നതില്‍ മസ്‌ക്കിന് ഒരു പങ്കും ഇല്ല എന്നും ടെസ്ലയുടെ കാര്‍ അതിഗംഭിരമാണെന്നുമാണ് ട്രംപ് പ്രതികരിച്ചത്. പല വിദേശ കാര്‍ കമ്പനികള്‍ക്കും അമേരിക്കയില്‍ തന്നെ നിര്‍മ്മാണ പ്ലാന്റുകളുണ്ട്.

നേരത്തേ കാനഡയില്‍ നിന്നും മെക്സിക്കോയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് ട്രംപ് 25 ശതമാനം നികുതി ഏര്‍പ്പെടുത്തിയിരുന്നു. നേരത്തേ ടെസ്ലയുടെ വാഹനങ്ങള്‍ വൈറ്റ്ഹൗസില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. താന്‍ ഒരു ടെസ്ല കാര്‍ വാങ്ങിയതായും അന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.