- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉഷ വീടുകള്‍ കയറി മുട്ടിയിട്ടും വാതില്‍ തുറക്കാതെ ഗ്രീന്ലന്ഡുകാര്; ആ അപമാനം സഹിക്കില്ലെന്നും എന്ത് സംഭവിച്ചാലും പിടിച്ചെടുക്കുമെന്നും ട്രംപ്; ഡെന്‍മാര്‍ക്കില്‍ നിന്ന് സ്വതന്ത്രമാക്കിയ ശേഷം സ്വന്തമാക്കാനുള്ള നീക്കം തിരിച്ചറിഞ്ഞ് എതിര്‍പ്പുമായി ജനങ്ങള്‍
എന്ത് വന്നാലും ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കുമെന്ന നിലപാടുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസം ഗ്രീന്‍ലന്‍ഡില്‍ എത്തിയ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സിന്റെ ഭാര്യ ഉഷയെ കാണാന്‍ നാട്ടുകാര്‍ വിസമ്മതിച്ചതാണ് ട്രംപിന്റെ പ്രകോപനത്തിനുള്ള കാരണം എന്നാണ് കരുതപ്പെടുന്നത്. ഈ അപമാനം സഹിക്കില്ലെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
ലോക സമാധാനത്തിന് വേണ്ടിയാണ് ഗ്രീന്‍ലന്‍ഡ് തങ്ങള്‍ സ്വന്തമാക്കുന്നത് എന്നാണ് ഇക്കാര്യത്തില്‍ ട്രംപ്് ഇപ്പോള്‍ നല്‍കുന്ന വിശദീകരണം. ഓവല്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്. ഗ്രീന്‍ലാന്‍ഡിനെ ഡെന്‍മാര്‍ക്കില്‍ നിന്ന് സ്വതന്ത്രമാക്കിയതിന് ശേഷം സ്വന്തമാക്കാനാണ് അമേരിക്ക പദ്ധതിയിടുന്നത് എന്നാണ് പറയപ്പെടുന്നത്. അതേ സമയം ഗ്രീന്‍ലാന്‍ഡ് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന ഒരു സ്ഥലം അല്ല എന്നാണ് ഡെന്‍മാര്‍ക്ക് സര്‍ക്കാര്‍ വ്യക്തമാക്കിയത്. ഡെന്‍മാര്‍ക്ക്് പ്രധാനമന്ത്രി മെറ്റേ ഫ്രെഡറിക്ക് സെന്‍ പറഞ്ഞത് അമേരിക്ക ഗ്രീന്‍ലാന്‍ഡിന്റെ പരമാധികാരം അംഗീകരിക്കണം എന്നാണ്. എന്നാല്‍ ട്രംപ് പറയുന്നത് ഗ്രീന്‍ലാന്‍ഡിലെ കടലില്‍ ചൈനയുടേയും റഷ്യയുടേയും യുദ്ധക്കപ്പലുകള്‍ നിരന്തരമായി റോന്ത് ചുറ്റുകയാണെന്നും അത് കൊണ്ട് തന്നെ ലോകസമാധാനം ഉറപ്പാക്കാന്‍ അമേരിക്ക ഈ രാജ്യം സ്വന്തമാക്കും എന്നാണ്.
നൂറ് വര്‍ഷം മുമ്പ് തന്നെ ഗ്രീന്‍ലാന്‍ഡിന്റെ സൈനിക പ്രാധാന്യം അമേരിക്ക തിരിച്ചറിഞ്ഞിരുന്നു എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ആദ്യഘട്ടത്തില്‍ പ്രസിഡന്റ് ആയിരുന്നപ്പോഴും ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കാന്‍ ട്രംപ് ശ്രമം നടത്തിയിരുന്നു. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സും ഭാര്യ ഉഷാ വാന്‍സും ഗ്രീന്‍ലാന്‍ഡില്‍ നടത്തിയ സന്ദര്‍ശനത്തെ പൂര്‍ണമായും ഔദ്യോഗികം എന്ന് പറയാന്‍ കഴിയുകയില്ല. വടക്കന്‍ ഗ്രീന്‍ലാന്‍ഡിലുള്ള അമേരിക്കയുടെ സൈനിക താവളം സന്ദര്‍ശിക്കുക ആയിരുന്നു പ്രധാന ലക്ഷ്യം. സന്ദര്‍ശന വേളയില്‍ വാന്‍സ് മാധ്യമങ്ങളോട് പറഞ്ഞത് ഗ്രീന്‍ലാന്‍ഡിനെ അമേരിക്കയ്ക്കോ ട്രംപിനോ അഗവണിക്കാന്‍ കഴിയില്ല എന്നാണ്. അതേ സമയം അമേരിക്ക നടത്തുന്ന നീക്കത്തിനെതിരെ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്‍ രംഗത്ത് എത്തിയിരുന്നു. ആര്‍ടിക് മേഖലയിലേക്ക് കൂടുതല്‍ സൈന്യത്തെ അയയ്ക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
വാന്‍സിന് ഒപ്പം അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വോള്‍്ട്സും ഗ്രീന്‍ലാന്‍ഡില്‍ എത്തിയിരുന്നു. അതേ സമയം ഗ്രീന്‍ലാന്‍ഡില്‍ സന്ദര്‍ശനത്തിന് എത്തിയ യുഎസ് സെക്കന്‍ഡ് ലേഡി ഉഷ വാന്‍സ് നാണം കെട്ട അവസ്ഥയിലായിരുന്നു. അമേരിക്കന്‍ അധികൃതര്‍, നാട്ടുകാരുടെ വീടുതോറും നടന്ന് വാതിലില്‍ മുട്ടിയെങ്കിലും ആരും ഉഷ വാന്‍സിനെ കാണാന്‍ കൂട്ടാക്കിയില്ല. ചരിത്ര-സാംസ്‌കാരിക കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ലക്ഷ്യിമിട്ടാണ് ഉഷ വാന്‍സും, ആണ്‍മക്കളില്‍ ഒരാളും ഗ്രീന്‍ലാന്‍ഡില്‍ എത്തിയത്. എന്നാല്‍, ഗ്രീന്‍ലാന്‍ഡ് തങ്ങള്‍ പിടിച്ചെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചതോടെ, ഗ്രീന്‍ലാന്‍ഡുകാര്‍ ഒന്നാകെ ഇടഞ്ഞു. ഗ്രീന്‍ലാന്‍ഡിലെ പ്രസിദ്ധമായ ഡോഗ് സ്ലെഡ് മത്സരം കാണാന്‍ ഉഷ പദ്ധതിയിട്ടെങ്കിലും അതും റദ്ദാക്കി. അതോടെ, ഉഷയെ കാണാന്‍ നാട്ടുകാരില്‍ ആരെങ്കിലും തയ്യാറാകുമോ എന്നായി അന്വേഷണം.
എന്നാല്‍, യുഎസ് അധികൃതര്‍ വാതിലില്‍ മുട്ടിയപ്പോള്‍, ഇല്ല താല്‍പര്യമില്ലെന്ന മറുപടിയാണ് ലഭിച്ചത്. സിസിമ്യൂട്ടിലെ ഡോഗ്‌സ്ലെഡ് മത്സരം കാണാന്‍ ഉഷ വാന്‍സിന് ക്ഷണം ഉണ്ടായിരുന്നു എന്നാണ് ട്രംപ് ഭരണകൂടം അവകാശപ്പെടുന്നത്. എന്നാല്‍, യുഎസ് ഉദ്യോഗസ്ഥരുടെ സന്ദര്‍ശനത്തിന് ഔദ്യോഗികമോ, അനൗദ്യോഗികമോ ആയ ക്ഷണം ഇല്ലായിരുന്നുവെന്നാണ് ഗ്രീന്‍ലാന്‍ഡ് സര്‍ക്കാരിന്റെ വാദം.