ന്യുയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിവിധ രാജ്യങ്ങള്‍ക്ക് പകരച്ചുങ്കം പ്രഖ്യാപിച്ചതിന് പിന്നാലെ ആഗോളതലത്തില്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. ലോകമെമ്പാടുമുള്ള അഞ്ഞൂറോളം കോടീശ്വരന്മാരുടെ ആസ്തിയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. ഇത് ഒരു ദശകത്തിനിടെയിലുള്ള ഏറ്റവും വലിയ ഇടിവാണെന്നും ഏകദേശം 208 ബില്ല്യണ്‍ ഡോളറിന്റെ നഷ്ടമാണ് ഇവര്‍ക്കുണ്ടായതെന്നുമാണ് റിപ്പോര്‍ട്ട്. കോവിഡിന് ശേഷമുണ്ടായ ഏറ്റവും വലിയ ഇടിവാണിതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനം ഏറ്റവുമധികം ബാധിച്ചതും അമേരിക്കന്‍ കോടീശ്വരന്മാരെ തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലും ട്രംപിന്റെ തീരുമാനത്തിന്റെ പ്രത്യാഘാതങ്ങള്‍ ഉണ്ടായി. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഓഹരി സൂചികയായ എഫ്.ടി.എസ്.ഇ-100 ലും ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും മോശം ദിവസമാണ് എഫ്.ടി.എസ്.ഇ- 100 ന് നേരിടേണ്ടി വന്നത്. നൂറ്് 100 കമ്പനികളെ ഉള്‍പെടുത്തി 1984 ജനുവരി മൂന്നിനാണ് ഇതിന്റെ പ്രവര്‍ത്തനം തുടങ്ങിയത്.

യുകെയുടെ ബ്ലൂ ചിപ്പ് സൂചിക 4.86 ശതമാനം ഇടിഞ്ഞു. 2020 മാര്‍ച്ച് 27 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് ഇത്. തങ്ങള്‍ക്ക് മേല്‍ പകരച്ചുങ്കം പ്രഖ്യാപിച്ചതിന് തിരിച്ചടിയായി ചൈന അമേരിക്കയുടെ മേല്‍ 34 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയത് വലിയ തിരിച്ചടിയായി മാറുകയാണ്. എന്നാല്‍ ചൈന ചെയ്തത് തെറ്റായ കാര്യമാണെന്നും അത് കൊണ്ട് തന്നെ അവര്‍ പരിഭ്രമിച്ചിരിക്കുകയാണെന്നും ട്രംപ് സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. നേരത്തേ ബ്രിട്ടന് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ താരിഫുകളില്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാമര്‍ സന്തുഷ്ടനാണെന്ന ട്രംപ് കളിയാക്കിയിരുന്നു.

ജെ.പി മോര്‍ഗന്‍ ഉള്‍പ്പെടെയുള്ള വന്‍കിട ധനകാര്യ സ്ഥാപനങ്ങള്‍ ട്രംപിന്റെ തീരുമാനം ദോഷകരമായി ബാധിക്കും എന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. അമേരിക്കയുടെ തീരുമാനം സാമ്പത്തിക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാമറും മുന്നറിയിപ്പ് നല്‍കി. അമേരിക്കയില്‍ നിന്നുള്ള ജീന്‍സ്, വിസ്‌കി. ചിക്കന്‍ എന്നിവയ്ക്ക് അധിക തീരുവ ഏര്‍പ്പെടുത്താനാണ് നീക്കം. എന്നാല്‍ പല വ്യവസായികളും കീര്‍സ്റ്റാമറിനോട് അമേരിക്കയ്ക്് തിരിച്ചടി നല്‍കരുതെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്കയും ബ്രിട്ടനുമായുള്ള പകരച്ചുങ്കം നാളെ രാവിലെ അഞ്ച് മണി മുതലാണ് പ്രാബല്യത്തില്‍ വരുന്നത്.

അതേ സമയം ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാമര്‍ ഇക്കാര്യത്തില്‍ ജി സെവന്‍ രാജ്യങ്ങളെ ഇടപെടുത്താനാണ് ശ്രമിക്കുന്നത്. അതേ സമയം ട്രംപിന്റെ നിലപാടില്‍ ഫെയ്‌സ്ബുക്ക്-മെറ്റ സ്ഥാപകനായ മാര്‍ക്ക് സക്കര്‍ബര്‍ഗിനാണ് ഏറ്റവും കനത്ത നഷ്ടം നേരിട്ടത്. ഏകദേശം 17.9 ബില്ല്യണ്‍ ഡോളറിന്റെ നഷ്ടമാണ് അദ്ദേഹത്തിനുണ്ടായത്. അദ്ദേഹത്തിന്റെ ആസ്തിയില്‍ ഒമ്പതുശതമാനത്തിന്റെ കുറവുണ്ടായി. ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസിനെയും ഓഹരിവിപണിയിലെ തിരിച്ചടി ബാധിച്ചു. ഓഹരിവിപണിയില്‍ ഒമ്പതുശതമാനത്തിന്റെ ഇടിവാണ് ആമസോണിന് നേരിട്ടത്.

2022 ഏപ്രിലിന് ശേഷം കമ്പനിക്ക് ഓഹരിവിപണിയില്‍ നേരിട്ട എറ്റവും വലിയ ഇടിവാണിത്. ഇതോടെ ജെഫ് ബെസോസിന്റെ സമ്പത്തില്‍ മാത്രം 15.9 ബില്ല്യണ്‍ ഡോളറിന്റെ കുറവുണ്ടായി. ട്രംപിന്റെ അടുത്തസുഹൃത്തും സര്‍ക്കാരിന്റെ ഉപദേഷ്ടാവുമായ ഇലോണ്‍ മസ്‌കിനും പങ്കരച്ചുങ്ക പ്രഖ്യാപനം വലിയ തിരിച്ചടിയായി മാറി. ടെസ്ലയുടെ ഓഹരികള്‍ 5.5% ഇടിഞ്ഞു. ഇലോണ്‍ മസ്‌കിന് ഇതിലൂടെ പതിനൊന്ന് ബില്ല്യണ്‍ ഡോളറാണ് നഷ്ടമായത്.