- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിപന്‍ഡന്റ് വിസ അവസാനിപ്പിച്ചതിന്റെ പിന്നാലെ പോസ്റ്റ് സ്റ്റഡി വിസയും നിര്‍ത്തലാക്കാന്‍ നീക്കങ്ങള്‍ ശക്തം; പഠനം കഴിഞ്ഞാല്‍ രണ്ടു വര്‍ഷം ജോലി ചെയ്യാന്‍ കഴിയുന്ന വിസ റദ്ദാകും; ഗ്രാഡുവേറ്റ് ലെവല്‍ ജോലി കിട്ടിയാല്‍ മാത്രം വര്‍ക്ക് പെര്‍മിറ്റ്; അല്ലാത്തവര്‍ക്ക് മടക്കം; ബ്രിട്ടണില്‍ ഇനി സംഭവിക്കുക എന്ത്?
ലണ്ടന്‍: കുടിയേറ്റം ബ്രിട്ടനിലെ ഏറ്റവും വലിയ ചര്‍ച്ചാവിഷയമായി സജീവമായി നില്‍ക്കുന്ന സാഹചര്യത്തില്‍ അത് എങ്ങനെയും കുറച്ചുകൊണ്ടുവരുന്നതിനായി പുതിയ നടപടികള്‍ ആലോചിക്കുകയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍. വിദ്യാര്‍ത്ഥികള്‍ക്ക് ആശ്രിതരെ കൊണ്ടുവരുന്നതിനുള്ള ഡിപന്‍ഡന്റ് വിസ നിര്‍ത്തലാക്കിയതിനു പുറമെ ഗ്രാഡ്വേറ്റ് വിസ നയത്തിലും കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ ഒരുങ്ങുകയാണ് കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാര്‍. എന്നാല്‍, ഇത് ഹോം ഓഫീസിനും വിദ്യാഭ്യാസ വകുപ്പിനും ഇടയില്‍ സംഘര്‍ഷം സൃഷ്ടിച്ചിരിക്കുകയാണെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്റ്റുഡന്റ് വിസ നയങ്ങള്‍ കൂടുതല്‍ കടുപ്പിക്കാന്‍ ഹോം ഡിപ്പാര്‍ട്ട്‌മെന്റ് ആലോചിക്കുമ്പോള്‍ അത് യൂണിവേഴ്സിറ്റികളില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതത്തെ കുറിച്ച് ആശങ്കപ്പെടുകയാണ് വിദ്യാഭ്യാസ വകുപ്പ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ നിര്‍ദ്ദേശമനുസരിച്ച്, പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം രണ്ട് വര്‍ഷം യു കെയില്‍ തുടരണമെങ്കില്‍ വിദ്യാര്‍ത്ഥികള്‍ ഗ്രാഡ്വേറ്റ് ലെവല്‍ ജോലി നേടിയിരിക്കണം എന്നും ഫിനാന്‍ഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ടിലുണ്ട്. ഇപ്പോള്‍ പ്രാബല്യത്തിലുള്ള, 2021 ല്‍ കൊണ്ടുവന്ന ഗ്രാഡ്വേറ്റ് വിസ റൂട്ട് അനുസരിച്ച് വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ത്തിയായതിന് ശേഷം, തൊഴില്‍ ലഭിച്ചില്ലെങ്കില്‍ പോലും രണ്ട് വര്‍ഷക്കാലം ബ്രിട്ടനില്‍ തുടരാം.
നെറ്റ് ഇമിഗ്രേഷന്‍ കുറച്ചുകൊണ്ടുവരാന്‍ വേണ്ട നടപടികള്‍ എടുക്കാന്‍ പ്രധാനമന്ത്രി തങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണെന്നാണ് ഒരു ഹോം ഓഫീസ് വക്താവ് അറിയിച്ചത്. എന്നാല്‍, ഇതിനെതിരെ ശക്തമായി പോരാടാന്‍ വിദ്യാഭ്യാസ വകുപ്പ് യൂണിവേഴ്സിറ്റീസ് യു കെയുമായി ലോബി ചെയ്യുകയാണെന്നും ഇതേ വക്താവ് പറയുന്നു. നിലവില്‍ തൊഴില്‍ ഇല്ലെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് പഠനശേഷം രണ്ട് വര്‍ഷം വരെ ബ്രിട്ടനില്‍ നില്‍ക്കാം. മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി നടത്തിയ ഒരു പഠനത്തില്‍ തെളിഞ്ഞത്, പഠനം പൂര്‍ത്തിയായി ജോലിക്ക് കയറുന്ന വിദേശ വിദ്യാര്‍ത്ഥികളില്‍ 60 ശതമാനം പേര്‍ക്കും പ്രതിവര്‍ഷം 30,000 പൗണ്ടില്‍ താഴെ മാത്രം ശമ്പളമാണെന്നാണ്.
അതായത് ശരാശരി ഗ്രാഡ്വേറ്റ് ശമ്പളത്തിലും കുറവ്. എന്നാല്‍, ഇപ്പോള്‍ തന്നെ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന യൂണിവേഴ്സിറ്റികള്‍ക്ക് മേല്‍ പുതിയ നയം വിപരീത ഫലം ഉണ്ടാക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആശങ്ക. വിദേശ വിദ്യാര്‍ത്ഥികളുടെ ഒരു സിംഗിള്‍ ബാച്ച് മാത്രം ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥയിലേക്ക് 40 ബില്യന്‍ പൗണ്ട് ഓരോ വര്‍ഷവും നല്‍കുനു എന്നാണ് യൂണിവേഴ്സിറ്റീസ് യു കെ ചീഫ് എക്സിക്യൂട്ടീവ് വിവിയെന്‍ സ്റ്റേര്‍ന്‍ പറയുന്നത്.
വിദ്യാര്‍ത്ഥികള്‍ക്ക് അനുഭവ പരിചയവും ജോലിയും നേടുന്നതിനാണ് രണ്ട് വര്‍ഷത്തെ സമയം നല്‍കിയിരിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. അതേസമയം, ഹോം ഓഫീസിന്റെ കണക്കുകള്‍, ഇക്കാര്യത്തില്‍ പരിഷ്‌കാരം ആവശ്യമാണെന്നാണ് സൂചിപ്പിക്കുന്നത്. 2024 ല്‍ നേരത്തെ ബ്രിട്ടീഷ് വിസ ഉണ്ടായിരുന്ന 40,000 പേരാണ് ബ്രിട്ടനില്‍ അഭയത്തിനായി അപേക്ഷിച്ചിരിക്കുന്നത്. ഇതില്‍ 40 ശതമാനത്തോളം പേര്‍ സ്റ്റുഡന്റ് വിസയില്‍ വന്നവരായിരുന്നു. സ്റ്റുഡന്റ് വിസയില്‍ എത്തി, അഭയാര്‍ത്ഥികള്‍ക്കായുള്ള ഹോട്ടലുകളിലേക്ക് താമസം മാറ്റുന്നവരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ഹോം ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.