ലണ്ടന്‍: ആധുനിക ലോകക്രമത്തില്‍ ഏറെ സ്വാധീനം ചെലുത്തിയേക്കാവുന്ന ഇന്തോ - ബ്രിട്ടീഷ് സ്വതന്ത്ര വ്യാപാരകരാര്‍ യാഥാര്‍ത്ഥ്യമാകുമെന്ന വിശ്വാസം ശക്തിപ്പെട്ടിരിക്കുകയാണ്. വ്യാപാര കരാറിലെ വ്യവസ്ഥകളില്‍ 90 ശതമാനത്തിലും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തി എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. ഈ വര്‍ഷം തന്നെ ഈ കരാര്‍ നിലവില്‍ വരും എന്നാണ് സൂചന. താരിഫ് യുദ്ധം കൊടുമ്പിരി കൊള്ളുന്ന കാലത്ത് ആഗോള രാഷ്ട്രീയത്തില്‍ തന്നെ കാതലായ സ്വാധീനം ചെലുത്താന്‍ കഴിവുള്ളതാണ് ഈ കരാര്‍.

140 കോടിയിലധികം ജനങ്ങളുള്ള, അതിവേഗം വളരുന്ന വിപണിയുമായുള്ള കരാറിനെ അതീവ പ്രാധാന്യത്തോടെയാണ് ബ്രിട്ടീഷ് വ്യവസായ മേഖല നോക്കി കാണുന്നത്. കരാറില്‍ എത്തുന്നതിന് തടസ്സമായി നിന്നിരുന്ന, ഇന്ത്യ തൊഴിലാളികള്‍ക്കുള്ള വിസ നിയമങ്ങള്‍ ഉള്‍പ്പടെയുള്ളവയില്‍ ഈയാഴ്ച ധാരണയിലെത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് ചില സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചര്‍ച്ച സംബന്ധിച്ച വിവരങ്ങള്‍ പങ്കുവയ്ക്കവെ വാണിജ്യ വകുപ്പില്‍ നിന്നുള്ള പ്രതിനിധികളാണ് വ്യവസ്ഥകളില്‍ 90 ശതമാനത്തിലും ധാരണയില്‍ എത്തിയിട്ടുണ്ടെന്ന് അറിയിച്ചത്. വിസ്‌കി, കാറുകള്‍, ഫാര്‍മ ഉത്പന്നങ്ങള്‍ എന്നിവയുടെ കാര്യത്തിലാണ് ഇനിയും തീരുമാനത്തിലെത്താനുള്ളത്. അതുകൂടി അനുകൂലമായി വന്നാല്‍ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന സ്‌കോച്ച് വിസ്‌കിയുടെയും കാറുകളുടെയും ടാരിഫില്‍ കുത്തനെ ഇടിവ് വരും. ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ ടാരിഫ് നയം ഏറ്റവുമധികം പ്രതികൂലമായി ബാധിച്ച രണ്ട് മേഖലകളാണിത്.

ഇന്ത്യയുമായുള്ള കരാര്‍ സാധ്യമായാല്‍, ഈ രണ്ട് മേഖലയിലും പുത്തന്‍ ഉണര്‍വ് പ്രതീക്ഷിക്കാം. സ്വതന്ത്ര കരാര്‍ ചര്‍ച്ചകള്‍ക്കൊപ്പം, ഇരു രാജ്യങ്ങളും തമ്മില്‍ പരസ്പര നിക്ഷേപ സാധ്യതകള്‍ തുറക്കുന്നത്‌നുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. ഇന്ത്യന്‍ ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമനും ബ്രിട്ടീഷ് ചാന്‍സലര്‍ റെയ്ച്ചല്‍ റീവ്‌സും തമ്മില്‍ ഈയാഴ്ച നടന്ന കൂടിക്കാഴ്ചയില്‍ ഇക്കാര്യവും ചര്‍ച്ച ചെയ്തിരുന്നു. ഈ കരാര്‍ അനുസരിച്ച് ഇന്ത്യക്കും ബ്രിട്ടനും ഇടയില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് നിയമ പരിരക്ഷ ലഭിക്കും. ഇത് ബ്രിട്ടീഷ് സാമ്പത്തിക സേവന മേഖലക്കും ഉണര്‍വ്വ് നല്‍കും.

ചൊവ്വാഴ്ച രാത്രി റെയ്ച്ചല്‍ റീവ്‌സിനും പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറിനുമൊപ്പം അത്താഴ വിരുന്നില്‍ പങ്കെടുത്ത നിര്‍മ്മല സീതാരാമന്‍ ബുധനാഴ്ച വാണിജ്യ സെക്രട്ടറി ജോനാഥന്‍ റെയ്നോള്‍ഡ്‌സുമായി ചര്‍ച്ചനടത്തുകയും ചെയ്തു. കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനായി ഫെബ്രുവരിയില്‍ റെയ്നോള്‍ഡ്‌സ് ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനു മുന്‍പായി ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍, ആഗോളതലത്തില്‍ അസ്ഥിരത നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യ കൂടുതല്‍ രാജ്യങ്ങളുമായി ഉഭയകക്ഷി ബന്ധങ്ങള്‍ ഉണ്ടാക്കാനാണ് ശ്രദ്ധിക്കുന്നതെന്ന് പറഞ്ഞിരുന്നു.