- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്പെയിനില്‍ വൈദ്യുതി നിലക്കും മുന്‍പ് ബ്രിട്ടനിലും ചിലത് സംഭവിച്ചു; എല്ലാം ശരിയായത് തലനാരിഴക്ക്; വൈദ്യതി ഗ്രിഡുകള്‍ക്ക് സംഭവിച്ചത് എന്തെന്നറിയാന്‍ ലോകത്തിന് കൗതുകം; അട്ടിമറി സാധ്യത അന്വേഷിച്ച് പ്രതിസന്ധിയെ അതിജീവിക്കാന്‍ സ്പാനിഷ് ജനത
ബാഴ്‌സലോണ: സ്പെയിനിലും പോര്‍ച്ചുഗലിലും വ്യാപകമായി വൈദ്യുതി വിതരണം മുടങ്ങുന്നതിന് മുന്‍പായി ബ്രിട്ടനിലെ വൈദ്യുതി വിതരണ സംവിധാനവും തകരാറിലായിരുന്നു എന്ന ഞെട്ടിക്കുന്ന വിവരം ഇന്നലെ പുറത്തു വന്നു. ഞായറാഴ്ച രാവിലെയും വൈകിട്ടും ഓരോ തവണ ചില അസാധാരണ സംഭവങ്ങള്‍ക്ക് നാഷണല്‍ എനെര്‍ജി സിസ്റ്റം ഓപ്പറേറ്റര്‍ (നെസൊ) ജീവനക്കാര്‍ സാക്ഷികളായതായാണ് റിപ്പോര്‍ട്ട്. ലിങ്കണ്‍ഷയറിലെ കീഡ്ബി 2 ഗ്യാസ് -ഫയേര്‍ഡ് പ്ലാന്റില്‍ അതിരാവിലെ 2 മണിക്ക് അപ്രതീക്ഷിതമായി വൈദ്യുതിയുടെ ആവൃത്തിയില്‍ വന്ന വ്യതിയാനമായിരുന്നു ആദ്യത്തേതെന്ന് ദി ടെലെഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതിനെ തുടര്‍ന്ന് യു കെയ്ക്കും ഡെന്മാര്‍ക്കിനും ഇടയില്‍ ഏകദേശം 500 മൈല്‍ നീളം വരുന്ന വൈക്കിംഗ് ലിങ്ക് ഇന്റര്‍കണക്ടര്‍ കേബിളില്‍ വിശദീകരിക്കാനാകാത്ത തകരാറ് സംഭവിച്ചു. വീണ്ടും വൈകിട്ട് 6 മണിക്ക് വൈദ്യുതിയുടെ ആവൃത്തിയില്‍ വീണ്ടും വ്യതിയാനമുണ്ടായി. എന്നാല്‍, ഇതിന്റെ കാരണം എന്താണെന്ന് അറിയാന്‍ കഴിഞ്ഞിട്ടില്ല. അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. ഈ തകരാറുകള്‍ക്ക് തിങ്കളാഴ്ച സ്പെയിനിലും പോര്‍ച്ചുഗലിലും സംഭവിച്ച വൈദ്യുത വിതരണ ശൃംഖലയിലെ തകരാറുകളുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ കഴിയുന്ന തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് നെസൊ വക്താവ് പറഞ്ഞു.
എല്ലാ ജനറേറ്റര്‍ ട്രിപ്പുകളും മറ്റ് സംഭവങ്ങളും നിരീക്ഷിക്കുക എന്നത് ഒരു സാധാരണ കാര്യമാണെന്നും അതിന്റെ ഭാഗമായിട്ടാണ് ഈ തകരാറ് ശ്രദ്ധയില്‍ പെട്ടതെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. യൂറോപ്യന്‍ ഇലക്ട്രിസിറ്റി നെറ്റ്വര്‍ക്കിലെ തകരാറുമായി ഇതിന് ബന്ധമുണ്ടെന്നത് ഇതുവരെ കണ്ടെത്താനായിട്ടില്ല എന്നും വക്താവ് അറിയിച്ചു. എന്നാല്‍, യൂറോപ്യന്‍ അധികൃതരുമായി ചേര്‍ന്ന് ഇത്തരത്തിലൊരു പ്രശ്നമുണ്ടാകാന്‍ ഇടയായ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും നെസൊ വ്യക്തമാക്കി. ബ്രിട്ടനിലെ വൈദ്യുത വിതരണ മേഖലയില്‍ ഉണ്ടായ ഈ അസാധാരണ സംഭവം പക്ഷെ ബ്രിട്ടനിലെ വൈദ്യുത വിതരണത്തെ ബാധിച്ചിട്ടില്ല.
അതേസമയം, സ്പെയിനില്‍ ഉണ്ടായ ദുരൂഹമായ വൈദ്യുത തകരാറിന്റെ പിന്നിലെ കാരണം സൗരോര്‍ജ്ജമാകാം എന്ന് ഓപ്പറേറ്റര്‍മാര്‍ സംശയിക്കുന്നു. ആദ്യം തകരാറ് ബാധിച്ച ജനറേറ്റര്‍ സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്നത് ആകാമെന്ന് പറഞ്ഞ കമ്പനി വക്താവ് പക്ഷെ അത് ഉറപ്പിച്ച് പറയാന്‍ കഴിയില്ലെന്നും പറഞ്ഞു. അട്ടിമറി, സൈബര്‍ ആക്രമണം തുടങ്ങിയ സാധ്യതകളും തള്ളിക്കളയാനാവില്ല. അക്കാര്യത്തിലും ഇപ്പോള്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
നിരത്തുകളില്‍ വാഹനഗതാഗതം നിശ്ചലമായപ്പോള്‍ പല വിമാന സര്‍വ്വീസുകളും ട്രെയിന്‍ സര്‍വ്വീസുകളും റദ്ദ് ചെയ്യേണ്ടതായും വന്നു. ഇപ്പോഴും രാജ്യത്തിന്റെ പല ഭാഗങ്ങളിലും അടിയന്തിരാവസ്ഥ നിലനില്‍ക്കുകയാണ്. ഇന്നലെ അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ ജനം തിരക്കു കൂട്ടിയതോടെ പല സൂപ്പര്‍മാര്‍ക്കറ്റുകളും കാലിയായിരിക്കുകയാണ്. വിനോദ സഞ്ചാരികള്‍ പലരും നാട്ടിലേക്ക് മടങ്ങാനാകാതെ വിമാനത്താവളങ്ങളില്‍ കുടുങ്ങിയിരിക്കുന്നു.