- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെയറര്‍ വിസ നിരോധനം ഇന്നുണ്ടാവുമെന്നിരിക്കെ ഷോക്കടിച്ച് കെയര്‍ ഹോമുകള്‍; അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നിഷേധിച്ചുകൊണ്ടുള്ള തീരുമാനത്തില്‍ വഴിയടഞ്ഞ് ആയിരങ്ങള്‍; സ്റ്റുഡന്റ് വിസ നിയന്ത്രണത്തില്‍ പൂട്ടാനൊരുങ്ങി ബ്രിട്ടണിലെ യൂണിവേഴ്സിറ്റികള്‍
കെയറര്‍ വര്‍ക്കര്‍ വിസ റൂട്ട് നിരോധനം ഉണ്ടാകുമെന്നിരിക്കെ സര്‍ക്കാര്‍, കെയര്‍ സേവന രംഗത്തെ പ്രതിസന്ധിയിലാക്കുകയാണെന്ന് ആരോപിച്ച് വിവിധ യൂണിയനുകളും കെയര്‍ ദാതാക്കളും രംഗത്തെത്തി. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന, ഇന്ന് പുറത്തിറക്കുന്ന കുടിയേറ്റ ധവളപത്രത്തില്‍ കെയറര്‍ വര്‍ക്കര്‍മാരെ വിദേശത്തു നിന്നും റിക്രൂട്ട് ചെയ്യുന്നത് നിരോധിക്കുന്ന നടപടികളും ഉണ്ടാകുമെന്നാണ് അറിയുന്നത്. യുകെയിലെ തദ്ദേശവാസികളുടെ തൊഴില്‍ സൈന്യത്തെ ഈ മേഖലയില്‍ വളര്‍ത്തിയെടുക്കുന്നതിനും ഒപ്പം നിയമപരമായ കുടിയേറ്റം കുറച്ചു കൊണ്ടുവരുന്നതിനും ഉള്ള നടപടികളുടെ ഭാഗമാണിത്.
അതേസമയം, സോഷ്യല്‍ കെയര്‍ മേഖലയില്‍ ഇപ്പോഴും ജീവനക്കാരുടെ ക്ഷാമം ഉണ്ടെന്നും മേഖല ഇപ്പോഴും വിദേശ കെയറര്‍മാരെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നതെന്നും ചൂണ്ടിക്കാനിച്ചുകൊണ്ട് പ്രമുഖ കെയര്‍ സ്ഥാപനങ്ങളും തൊഴിലാളി യൂണിയനുകളും രംഗത്തെത്തിയിട്ടുണ്ട്. തങ്ങള്‍ സമ്മര്‍ദ്ദത്തിലായിരിക്കുന്ന സമയത്ത് തങ്ങളുടെ മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം കൊണ്ടുവരികയാണ് സര്‍ക്കാര്‍ എന്ന് കെയര്‍ ഇംഗ്ലണ്ട് ചീഫ് എക്സിക്യൂട്ടീവ് പ്രൊഫസര്‍ മാര്‍ട്ടിന്‍ ഗ്രീന്‍ ആരോപിച്ചു. ജീവനക്കാരുടെ ക്ഷാമം, ഉയരുന്ന പ്രവര്‍ത്തന ചെലവ്, നികത്താനാകാത്ത ഒഴിവുകളുടെ എണ്ണം വര്‍ദ്ധിക്കുന്നത് തുടങ്ങിയ പ്രശ്നങ്ങളാല്‍ കെയര്‍ മേഖല വലയുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
വിദേശത്തു നിന്നും കെയറര്‍മാരെ റിക്രൂട്ട് ചെയ്യുന്നത് ഒരു ആഡംബരമായിരുന്നില്ല, മറിച്ച് മേഖലയുടെ അതിജീവനത്തിനുള്ള ഒരു മാര്‍ഗ്ഗമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. മതിയായ ബദല്‍ സംവിധാനം ഉറപ്പാക്കാതെയും, സാമ്പത്തിക പിന്തുണ നല്‍കാതെയും, ഒരുമുന്നറിയിപ്പുമില്ലാതെ അത് നിരോധിക്കുന്നത് മേഖലയെ തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ദീര്‍ഘവീക്ഷണമില്ലായ്മ എന്ന് ഇതിനെ വിളിക്കാനാവില്ലെന്നും, തികച്ചും ക്രൂരമായ സമീപനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇപ്പോള്‍ തന്നെ കെയര്‍ വിസയില്‍ യു കെയി എത്തി, തൊഴില്‍ ലഭിക്കാത്ത കെയറര്‍മാരെ റിക്രൂട്ട് ചെയ്യണം എന്നാണ് ഹോം സെക്രട്ടറി അഭിപ്രായപ്പെറ്റുന്നത്. അതുപോലെ നിലവിലുള്ള വിസയുടെ കാലാവധി തീര്‍ന്നാല്‍, അത് നീട്ടി എടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. മറ്റു വിസകളില്‍ എത്തിച്ചേര്‍ന്ന്, കെയര്‍ വര്‍ക്കര്‍ ജോലിക്ക് അര്‍ഹതയുള്ളവരെ റിക്രൂട്ട് ചെയ്യാവുന്നതാണെന്നും യുവെറ്റ് കൂപ്പര്‍ പറഞ്ഞു. വിദേശത്തു നിന്നും പുതിയതായി കെയര്‍ വര്‍ക്കര്‍മാരെ റിക്രൂട്ട് ചെയ്യുന്നത് നിരോധിക്കേണ്ട സമയമായി എന്നാണ് തങ്ങള്‍ കരുതുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പൗരത്വ നിയമത്തിലെ മാറ്റങ്ങളില്‍ വലഞ്ഞ് ആയിരങ്ങള്‍
യു കെയില്‍ താമസിക്കുന്നതിനും ജോലി ചെയ്യുന്നതിനും അനുമതി നല്‍കിയിട്ടുണ്ടെങ്കില്‍ പോലും അഭയാര്‍ത്ഥികള്‍ക്ക് ബ്രിട്ടീഷ് പൗരത്വത്തിന് അപേക്ഷിക്കാന്‍ അര്‍ഹതയില്ലെന്ന സര്‍ക്കാരിന്റെ പുതിയ നിയമം വെട്ടിലാക്കിയത് ആയിരങ്ങളെയാണ്. അഭയാര്‍ത്ഥിയായി എത്തിയ സിനിമറ്റോഗ്രാഫര്‍ അയ്മാന്‍ അല്‍ ഹുസൈന്‍ ഉള്‍പ്പടെ നിരവധി പേരുടെ ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളാണ് ഈ തീരുമാനം ഒരു നിമിഷം കൊണ്ട് ഇല്ലാതെയാക്കിയത്. അഭയാര്‍ത്ഥികളായി എത്തുന്നവര്‍ നിയമവിരുദ്ധമായ മാര്‍ഗ്ഗങ്ങളിലൂടെയാണ് രാജ്യത്ത് എത്തുന്നതെന്നും അതുകൊണ്ടു തന്നെ ബ്രിട്ടീഷ് പൗരത്വത്തിന് ആവശ്യമായ, നല്ല സ്വഭാവം എന്ന മാനദണ്ഡം ഇവര്‍ പാലിക്കുന്നില്ലെന്നുമാണ് സര്‍ക്കാര്‍ ഭാഷ്യം.
ഏകദേശം 71,000 അഭയാര്‍ത്ഥികളെ ഈ തീരുമാനം പ്രതികൂലമായി ബാധിക്കും എന്നാണ് റെഫ്യൂജി കൗണ്‍സില്‍ പറയുന്നത്. അതേസമയം, തന്നെപ്പോലുള്ളവര്‍ ഒരു ക്രിമിനല്‍ കുറ്റവും ചെയ്തിട്ടില്ലെന്നും എന്നാല്‍, ക്രിമിനലുകളേക്കാള്‍ മോശമായാണ് തങ്ങളോട് പെരുമാറുന്നതെന്നും അല്‍ ഹുസൈന്‍ പറയുന്നു. ഈ പ്രഖ്യാപനം വരുന്നതിന് തൊട്ടു തലേന്ന് വരെ താന്‍ കണ്ട സ്വപ്നങ്ങളെല്ലാം പാഴ്ക്കിനാക്കളായി എന്നും അയാള്‍ പറയുന്നു. അഭയാര്‍ത്ഥികള്‍ വരുന്നത് തടയുവാനാണ് ഇത്തരമൊരു നിയമം ഉണ്ടാക്കിയത് എങ്കിലും, ഇപ്പോഴും അഭയാര്‍ത്ഥികള്‍ വന്നുകൊണ്ടിരിക്കുകയാണെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.
സ്റ്റുഡന്റ് വിസ നിയന്ത്രണം; പൂട്ടാനൊരുങ്ങി യൂണിവേഴ്സിറ്റികള്‍
കര്‍ശനമായ സ്റ്റുഡന്റ് വിസ നിയമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെങ്കില്‍ ബ്രിട്ടീഷ് വിദ്യാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുക്കാനുള്ള യൂണിവേഴ്സിറ്റി കോഴ്സുകളുടെ എണ്ണം കുറയുമെന്ന് ഉന്നത വിദ്യാഭ്യാസ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സ്റ്റുഡന്റ് വിസ ചട്ടങ്ങള്‍ കര്‍ശനമാക്കിയാല്‍ കൂടുതല്‍ കോഴ്സുകളും ഡിപ്പാര്‍ട്ട്‌മെന്റുകളും നിര്‍ത്തലാക്കേണ്ടുന്ന സാഹചര്യം വരുമെന്നും അവര്‍ പറയുന്നു. ഇതോടെ ആഗോള വിദ്യാഭ്യാസ പട്ടികയില്‍ നിന്നും ബ്രിട്ടന്‍ പുറത്താവുന്ന സാഹചര്യമുണ്ടാകുമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. 2024/25 വര്‍ഷത്തില്‍ ഇംഗ്ലണ്ടിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 43 ശതമാനവും സാമ്പത്തിക ഞെരുക്കത്തിലാകുമെന്ന് യൂണിവേഴ്സിറ്റി റെഗുലേറ്റര്‍ ഓഫീസ് ഫോര്‍ സ്റ്റുഡന്റ്‌സ് വെളിപ്പെടുത്തിയതിന് തൊട്ടു പിന്നാലെയാണ് ഇവര്‍ മുന്നറിയിപ്പുമായി എത്തുന്നത്.
ഇപ്പോള്‍ തന്നെ പല യൂണിവേഴ്സിറ്റികലും ജീവനക്കാരെ പിരിച്ചു വിടാനും റിസര്‍ച്ച് ബജറ്റ് വെട്ടിക്കുറയ്ക്കാനും ആരംഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍, ചട്ടങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുന്നതോടെ സ്ഥിതിഗതികള്‍ ഇനിയും മോശമാകും എന്നാണ് ഈ മേഖലയിലുള്ളവര്‍ പറയുന്നത്. റിഫോം യു കെ തദ്ദേശ തെരഞ്ഞെടുപ്പില്‍ നേടിയ കനത്ത വിജയത്തെ തുടര്‍ന്നാണ് കുടിയേറ്റ നയങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
പുതിയ നിയമമനുസരിച്ച് ഗ്രാഡ്വേഷനു ശേഷം കുറഞ്ഞ വരുമാനമുള്ള തൊഴിലുകളില്‍ ഏര്‍പ്പെടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കും. അതിനു പകരമായി, അവര്‍ക്ക് യു കെയില്‍ തുടരണമെങ്കില്‍ ഗ്രാഡ്വേറ്റ് ലെവലിലുള്ള ജോലി നേടണം. അത്തരം നിയമങ്ങള്‍ കൂടുതല്‍ വിദേശ വിദ്യാര്‍ത്ഥികള്‍ ബ്രിട്ടനിലേക്ക് വരുന്നത് തടയുമെന്നും അത് യൂണിവേഴ്സിറ്റികളെ കടുത്ത സാമ്പത്തിക ബാദ്ധ്യതയിലാക്കുമെന്നും ഹൈയ്യര്‍ എഡ്യൂക്കേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്റ്റര്‍ നിക്ക് ഹില്‍മാന്‍ ചൂണ്ടിക്കാട്ടുന്നു.