ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ ഭയന്ന് വിറയ്ക്കുന്നു. സിന്ധു നദീജലം ഇല്ലാതെ ഒന്നും നടക്കില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞു. ഇതിനൊപ്പം ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്തും മനസ്സിലായി. ഇതോടെ വെള്ളക്കൊടി വീശി പാക്കിസ്ഥാന്‍ ചര്‍ച്ചയ്ക്ക് തയ്യറാവുകയാണ്.. ഇന്ത്യയുമായി സമാധാന ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ തയ്യാറാണെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് അറിയിച്ചു. മസൂദ് അസര്‍ അടക്കമുള്ള പഹല്‍ഗാമിന് പിന്നിലുള്ള തീവ്രവാദികളെ വിട്ടു കിട്ടണമെന്നതാണ് ഇന്ത്യന്‍ നിലപാട്. ഇത് പാക്കിസ്ഥാന്‍ അംഗീകരിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. എങ്കില്‍ മാത്രമേ ഇന്ത്യ വിട്ടുവീഴ്ചകള്‍ ചെയ്യൂവെന്നതാണ് വസ്തുത.

രാജ്യത്തെ പഞ്ചാബ് പ്രവിശ്യയിലെ കംറ എയര്‍ ബേസ് സന്ദര്‍ശനത്തിനിടെ, ഇന്ത്യയുമായുള്ള സമീപകാല സൈനിക ഏറ്റുമുട്ടലില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരുമായും സൈനികരുമായും സംസാരിക്കവേയാണ് ഷെഹ്ബാസ് നിലപാട് പറഞ്ഞത്. നരേന്ദ്ര മോദിയുമായി താന്‍ സംസാരിക്കാമെന്നും അദ്ദേഹം പറഞ്ഞു. വെടിനിര്‍ത്തല്‍ നിലവില്‍ വന്ന ശേഷവും ഇന്ത്യ കടുത്ത നിലപാടുകളുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിയതോടെയാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ നിലപാട്. അതേസമയം രണ്ട് കാര്യങ്ങളില്‍ മാത്രമേ ഇനി പാക്കിസ്ഥാനുമായി ചര്‍ച്ചയുള്ളൂവെന്ന് ഇന്ത്യ വ്യക്തമാക്കിയതാണ്. പാക് അധീന കശ്മീര്‍, പാകിസ്ഥാനിലെ ഭീകരരെ കൈമാറുക എന്നീ ആവശ്യങ്ങളില്‍ മാത്രമാണ് ഇനി ഇന്ത്യ ചര്‍ച്ചയ്ക്ക് തയ്യാറാവൂ എന്നതാണ് നിലപാട്. ഈ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ പുതിയ നിലപാട് അതിനിര്‍ണ്ണായകമാണ്. അതിനിടെ മിലിറ്ററി തല ചര്‍ച്ചയക്കും പാക്കിസ്ഥാന്‍ തയ്യാറായുന്നുണ്ട്. ഡിജിഎംഒ തല ചര്‍ച്ച വീണ്ടും നടത്താന്‍ തയ്യാറാണെന്ന് പാക്കിസ്ഥാന്‍ അറിയിച്ചിട്ടുണ്ട്. ഞായറാഴ്ച നടക്കുമെന്നാണ് പാക്കിസ്ഥാന്‍ പറയുന്നത്. എന്നാല്‍ ഇന്ത്യ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

അതിനിടെ അതിര്‍ത്തി കടന്നുള്ള തീവ്രവാദം പാക്കിസ്ഥാന്‍ വിശ്വസനീയമായി എന്നെന്നേക്കും അവസാനിപ്പിക്കുന്നതുവരെ സിന്ധുനദീജല കരാര്‍ മരവിപ്പിക്കല്‍ തുടരുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞിട്ടുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം ഇന്ത്യ മരവിപ്പിച്ച 1960ലെ നദീജല കരാറില്‍ ചര്‍ച്ചകള്‍ക്കു തയാറാണെന്നും ഇന്ത്യയുടെ തീരുമാനം പുനഃപരിശോധിക്കണമെന്നും പാക്കിസ്ഥാന്‍ അഭ്യര്‍ഥിച്ചതിനു പിന്നാലെയാണ് തീവ്രവാദം അവസാനിപ്പിക്കാതെ മരവിപ്പിക്കല്‍ നടപടിയില്‍നിന്നു പിന്നോട്ടില്ലെന്ന് വിദേശകാര്യമന്ത്രി വ്യക്തമാക്കിയത്. സിന്ധു നദീജലത്തിന് പാക്കിസ്ഥാനിലുള്ള പ്രാധാന്യം വ്യക്തമാക്കി ഇന്ത്യയുടെ കരാര്‍ മരവിപ്പിക്കല്‍ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടു പാക്കിസ്ഥാന്‍ ജലവിഭവ മന്ത്രാലയം സെക്രട്ടറി സയീദ് അലി മുര്‍ത്താസ ഇന്ത്യക്ക് കത്തയച്ചിരുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ജയ്ശങ്കര്‍ നിലപാട് വ്യക്തമാക്കിയത്. പിന്നാലെയാണ് പാക്കിസ്ഥാന്‍ ചര്‍ച്ചയ്ക്ക് സന്നദ്ധമാകുന്നത്.

പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ സമാധാന ചര്‍ച്ചയെന്ന നിര്‍ദ്ദേശത്തിന് പിന്നാലെയാണ് ഡിജിഎംഒ ചര്‍ച്ചയ്ക്ക് അടക്കം പാക് സൈന്യം തയ്യാറായത്. സമാധാനത്തിനായി ഞങ്ങള്‍ അവരുമായി (ഇന്ത്യ) സംസാരിക്കാന്‍ തയ്യാറാണെന്നായിരുന്നു പാക്ക് പ്രധാനമന്ത്രിയുടെ പരാമര്‍ശം. സമാധാനത്തിനുള്ള വ്യവസ്ഥകളില്‍ കശ്മീര്‍ വിഷയവും ഉള്‍പ്പെടുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ നടത്തിയ ശക്തമായ തിരിച്ചടിക്കെതിരെ പിടിച്ചുനില്‍ക്കാന്‍ പാക്കിസ്ഥാന് സാധിച്ചില്ലെന്ന് ലോകരാജ്യങ്ങളും വിദഗ്ദരും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഓപ്പറേഷന്‍ സിന്ദൂറിനെ തങ്ങള്‍ വലിയ രീതിയില്‍ പ്രതിരോധിച്ചു എന്നാണ് പാക്കിസ്ഥാന്‍ അവകാശവാദം. ഇന്ത്യ പാക് സംഘര്‍ഷത്തെ തുടര്‍ന്ന്, കംറ വ്യോമ താവളത്തില്‍ സൈനിക ഉദ്യോഗസ്ഥരുമായി സംസാരിക്കവെ നടത്തിയ പ്രഖ്യാപനമാണ് ഇത് എന്നതും ശ്രദ്ധേയമാണ്.

ഉപപ്രധാനമന്ത്രി ഇസ്ഹാഖ് ദാര്‍, പ്രതിരോധ മന്ത്രി ഖവാജ ആസിഫ്, കരസേനാ മേധാവി ജനറല്‍ അസിം മുനീര്‍, വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ സഹീര്‍ അഹമ്മദ് ബാബര്‍ സിദ്ദു എന്നിവര്‍ ഷഹ്ബാസിനൊപ്പം എയര്‍ബേസില്‍ എത്തിയിരുന്നു. നാല് ദിവസത്തെ അതിര്‍ത്തി കടന്നുള്ള തീവ്രമായ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ക്ക് ശേഷം, സംഘര്‍ഷം അവസാനിപ്പിക്കാന്‍ മേയ് 10ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ധാരണയിലെത്തിയതിനെ തുടര്‍ന്ന് പ്രതിരോധ കേന്ദ്രത്തില്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് നടത്തുന്ന രണ്ടാമത്തെ സന്ദര്‍ശനമാണിത്. സിന്ധു നദീജലമാണ് പാക്കിസ്ഥാനെ കൂടുതല്‍ വലയ്ക്കുന്നത്. സിന്ധു നദീജല കരാറില്‍ ഇന്ത്യ നേരത്തെ ഉന്നയിച്ചിട്ടുള്ള ആശങ്കകളില്‍ ചര്‍ച്ച നടത്താനുള്ള സന്നദ്ധത പാക്കിസ്ഥാന്റെ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെങ്കിലും പാക്കിസ്ഥാനുമായുള്ള ഏതൊരു ചര്‍ച്ചയും തീവ്രവാദത്തെ സംബന്ധിച്ചു മാത്രമായിരിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. കൈമാറേണ്ട തീവ്രവാദികളുടെ പട്ടിക പാക്കിസ്ഥാന്റെ കൈവശമുണ്ടെന്നും തീവ്രവാദി കേന്ദ്രങ്ങള്‍ അവര്‍ പൂര്‍ണമായും അടച്ചുപൂട്ടണമെന്നും ഇന്ത്യ നിലപാട് എടുക്കുന്നത്. പാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ ബന്ധം കര്‍ശനമായി ഉഭയകക്ഷിപരമായിരിക്കും. ഈ വിഷയത്തില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഒരു ദേശീയ സമവായമുണ്ടെന്നും അതില്‍നിന്നു മാറ്റമില്ലെന്നും വിദേശകാര്യമന്ത്രി ജയശങ്കര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കാഷ്മീര്‍ വിഷയത്തില്‍ ഒരേയൊരു കാര്യമേ ചര്‍ച്ച ചെയ്യാനുള്ളൂ. അത് ഇന്ത്യന്‍ പ്രദേശത്തു നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന പാക് അധിനിവേശ കാഷ്മീര്‍ ഒഴിപ്പിക്കുക എന്നതാണെന്നും ജയശങ്കര്‍ പറഞ്ഞു. യുഎസുമായുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും അന്തിമ തീരുമാനം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. തീരുവയില്ലാതെയുള്ള വ്യാപാരക്കരാര്‍ ഇന്ത്യ അമേരിക്കയ്ക്കു വാഗ്ദാനം ചെയ്തുവെന്ന് ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടതിനോടായിരുന്നു ജയശങ്കറിന്റെ പ്രതികരണം.