- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്താം തീയതി പുലര്‍ച്ചെ 2.30യ്ക്ക് നൂര്‍ഖാന്‍ താവളത്തിലും മറ്റു ചില സൈനിക കേന്ദ്രങ്ങളിലും ഇന്ത്യന്‍ ബാലിസ്റ്റിക് മിസൈല്‍ പതിച്ചു എന്ന് കരസേനാ മേധാവി അസിം മുനീര്‍ തന്നെ അറിയിച്ചുവെന്ന് സമ്മതിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി; അര്‍ദ്ധ രാത്രിയില്‍ അവിടെ സൂര്യന്‍ ഉദിച്ചെന്നത് പരമാര്‍ത്ഥം! തെളിയുന്നത് ബ്രഹ്മോസിന്റെ ശക്തി; ഇന്ത്യ വെടിവച്ചിട്ടത് 600 പാക് ഡ്രോണ്‍; ഒടുവില്‍ ഇന്ത്യന്‍ കരുത്തിന് സ്ഥിരീകരണം
ന്യൂഡല്‍ഹി: ഒടുവില്‍ എല്ലാം പാക്കിസ്ഥാനും സമ്മതിച്ചു തുടങ്ങുകയാണ്. റാവല്‍പിണ്ടിക്കടുത്തുള്ള നുര്‍ഖാന്‍ വ്യോമത്താവളം ഇന്ത്യ ആക്രമിച്ചെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് സമ്മതിച്ചു. പത്താം തീയതി പുലര്‍ച്ചെ 2.30യ്ക്ക് നൂര്‍ഖാന്‍ താവളത്തിലും മറ്റു ചില സൈനിക കേന്ദ്രങ്ങളിലും ഇന്ത്യന്‍ ബാലിസ്റ്റിക് മിസൈല്‍ പതിച്ചു എന്ന് കരസേനാ മേധാവി അസിം മുനീര്‍ തന്നെ അറിയിച്ചു എന്നാണ് പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് സ്ഥിരീകരിക്കുന്നത്. ഇതാദ്യമായാണ് തങ്ങളുടെ വ്യോമത്താവളങ്ങളില്‍ മിസൈല്‍ പതിച്ചു എന്ന് പാക്കിസ്ഥാന്‍ സമ്മതിക്കുന്നത്. ബ്രഹ്‌മോസാണ് നാശമുണ്ടാക്കിയത് എന്നാണ് സൂചന. അര്‍ദ്ധ രാത്രിയിലും പാക്കിസ്ഥാനില്‍ സൂര്യന്‍ ഉദിച്ചുവെന്ന ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ പ്രസ്താവനയെ ശരിവയ്ക്കുക കൂടിയാണ് പാക് പ്രധാനമന്ത്രി. കനത്ത നാശ നഷ്ടമാണ് ഇതിലൂടെ പാക് സൈന്യത്തിനുണ്ടായത്.
പാകിസ്ഥാനുമായുള്ള സംഘര്‍ഷ സമയത്ത് ഇന്ത്യന്‍ സേന തകര്‍ത്തത് 600 പാക് ഡ്രോണുകള്‍. നാലോ അഞ്ചോ പാക് ഡ്രോണുകള്‍ക്ക് മാത്രമാണ് ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം വെട്ടിക്കാനായത്. ജനവാസ കേന്ദ്രങ്ങളിലേക്കും ആരാധാനലയങ്ങളിലേക്കും പാകിസ്ഥാന്‍ ഡ്രോണുകള്‍ അയച്ചു. അവയെല്ലാം ഇന്ത്യന്‍ സേന തകര്‍ത്തു. ഡ്രോണുകളില്‍ മുന്‍തൂക്കമുണ്ടെന്ന പാക് അവകാശവാദം പൊളിച്ചെന്നാണ് സേന വൃത്തങ്ങള്‍ സ്ഥിരീകരിക്കുന്നത്. ഇതിനൊപ്പമാണ് റാവല്‍പിണ്ടി ആക്രമണത്തിന്റെ സ്ഥിരീകരണവും. എല്ലാ അര്‍ത്ഥത്തിലും പഹല്‍ഗാമില്‍ ഇന്ത്യ പ്രതികാരം വീട്ടിയെന്നാണ് വ്യക്തമാകുന്നത്. അതിര്‍ത്തി സംസ്ഥാനങ്ങളിലെ സ്ഥിതിഗതികളും സുരക്ഷയും വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരും. ഇന്ത്യ-പാക് അതിര്‍ത്തിയായ അട്ടാരി-വാഗ ബോര്‍ഡര്‍ വഴി കൂടുതല്‍ അഫ്ഗാന്‍ ചരക്കുവാഹനങ്ങള്‍ കടത്തി വിട്ടു. കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക അനുമതിയോടെയാണ് ചരക്ക് നീക്കം. 23 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് അട്ടാരി - വാഗ ബോര്‍ഡര്‍ തുറന്നത്. അഫ്ഗാനിസ്ഥാനില്‍ നിന്നും ഡ്രൈ ഫ്രൂട്ട്‌സുമായി എത്തിയ എട്ട് ട്രക്കുകളാണ് അതിര്‍ത്തി വഴി ഇന്ത്യയിലേക്കെത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക അനുമതി പ്രകാരമാണ് നടപടി. ഇന്ത്യ പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ 150 ഓളം ചരക്കു ലോറികള്‍ ലാഹോറിനും വാഗയ്ക്കുമിടയില്‍ കുടുങ്ങിയിരുന്നു.
വെടിനിര്‍ത്തല്‍ ധാരണ നിലവില്‍ വന്നതോടെയാണ് അഫ്ഗാന്‍ ചരക്കുവാഹനങ്ങള്‍ക്ക് മാത്രമായി അതിര്‍ത്തി തുറന്നത്. ഏപ്രില്‍ 24 മുതല്‍ അട്ടാരി അതിര്‍ത്തിയില്‍ കുടുങ്ങിയ നിലയിലായിരുന്നു ഈ ട്രക്കുകള്‍. കരയിലൂടെയുള്ള ചരക്കുഗതാഗതത്തിന് മാത്രമാണ് അനുമതിയെന്നും അഫ്ഗാനിസ്ഥാനില്‍ നിന്ന് എത്തിയ എട്ട് ട്രെക്കുകള്‍ മാത്രമാണ് അതിര്‍ത്തി കടന്നതെന്നുാണ് അധികൃതര്‍ വിശദമാക്കുന്നത്. ഇന്തോ ഫോറിന്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ബി കെ ബജാജ് ട്രെക്കുകള്‍ അതിര്‍ത്തി കടന്നതായി സ്ഥിരീകരിച്ചു. തീരുമാനത്തില്‍ ആശ്വാസമെന്നാണ് ബി കെ ബജാജ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പ്രതികരിച്ചത്. ഇന്ത്യ, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരുകളോട് നന്ദി രേഖപ്പെടുത്തുന്നതായി ബി കെ ബജാജ് വിശദമാക്കിയത്. ഏപ്രില്‍ 22ന് 26 പേര്‍ പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ പാകിസ്ഥാനെതിരെ കര്‍ശന നിയന്ത്രണങ്ങളാണ് ഇന്ത്യ ചുമത്തിയത്. ഇതില്‍ പ്രതിഷേധിച്ചായിരുന്നു ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പാകിസ്ഥാന്‍ നിര്‍ത്തിയത്. ഇസ്ലമാബാദിലെ അഫ്ഗാന്‍ എംബസിയുടെ ഇടപെടലിന് പിന്നാലെയാണ് ട്രക്കുകള്‍ക്ക് ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ അനുവാദം നല്‍കിയത്. ഏപ്രില്‍ 25ന് മുന്‍പ് പാക്കിസ്ഥാനിലെത്തിയ ട്രക്കുകളാണ് നിലവില്‍ അതിര്‍ത്തി കടക്കുന്നത്.
അതിനിടെ ഇന്ത്യയുമായി സമാധാന ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ തയ്യാറാണെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് അറിയിച്ചിട്ടുണ്ട്. രാജ്യത്തെ പഞ്ചാബ് പ്രവിശ്യയിലെ കംറ എയര്‍ ബേസ് സന്ദര്‍ശനത്തിനിടെ, ഇന്ത്യയുമായുള്ള സമീപകാല സൈനിക ഏറ്റുമുട്ടലില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരുമായും സൈനികരുമായും സംസാരിക്കവേയാണ് ഷെഹ്ബാസ് ഇക്കാര്യം വ്യക്തമാക്കിയത്. സമാധാനത്തിനായി ഞങ്ങള്‍ അവരുമായി (ഇന്ത്യ) സംസാരിക്കാന്‍ തയ്യാറാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. സമാധാനത്തിനുള്ള വ്യവസ്ഥകളില്‍ കശ്മീര്‍ വിഷയവും ഉള്‍പ്പെടുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ നടത്തിയ ശക്തമായ തിരിച്ചടിക്കെതിരെ പിടിച്ചുനില്‍ക്കാന്‍ പാകിസ്താന് സാധിച്ചില്ലെന്ന് ലോകരാജ്യങ്ങളും വിദഗ്ദരും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഓപ്പറേഷന്‍ സിന്ദൂറിനെ തങ്ങള്‍ വലിയ രീതിയില്‍ പ്രതിരോധിച്ചു എന്നായിരുന്നു പാക്കിസ്ഥാന്റെ അവകാശവാദം. സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് അറിയിച്ച് അനുരഞ്ജന ശ്രമങ്ങള്‍ തുടങ്ങുമ്പോള്‍ ഈ അവകാശവാദം പൊളിയുകയാണ്. റാവല്‍പിണ്ടിയിലെ ആക്രമണം സ്ഥിരീകരിക്കേണ്ടി വന്നതും ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്.
നാല് ദിവസത്തെ അതിര്‍ത്തി കടന്നുള്ള തീവ്രമായ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ക്ക് ശേഷം, സംഘര്‍ഷം അവസാനിപ്പിക്കാന്‍ മേയ് 10ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ധാരണയിലെത്തുകയായിരുന്നു. പാക്കിസ്ഥാന്റെ അഭ്യര്‍ത്ഥന ഇന്ത്യ അംഗീകരിക്കുകയായിരുന്നു.