ലണ്ടന്‍: ബ്രിട്ടണില്‍ കഴിഞ്ഞ രണ്ടു തവണയും നടപ്പിലാക്കുന്നത് നീട്ടിവെച്ച ഇ വിസ പ്രാബല്യത്തില്‍ വരാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കേ ലക്ഷക്കണക്കിന് ആളുകള്‍ ഇനിയും ഇതിനായി റെജിസ്റ്റര്‍ ചെയ്തിട്ടില്ല എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. ഇതില്‍ റെജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ പിന്നെ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് തെളിയിക്കാനാവില്ല എന്നോര്‍ക്കുക. ലക്ഷക്കണക്കിന് കുടിയേറ്റക്കാരുടെ ഫിസിക്കല്‍ ഐഡന്റിറ്റി രേഖകള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നതാണ് ഈ പദ്ധതി. യാത്ര ചെയ്യുവാനും, ജോലിയ്ക്കും. വീടുകള്‍ വാടകയ്ക്ക് എടുക്കാനുമൊക്കെ ഇത് തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാന്‍ കഴിയും.

നിരവധി സാങ്കേതിക പ്രശ്നങ്ങള്‍ ഈ പദ്ധതിയെ തേടിയെത്തിയിരുന്നു. ഓണലൈന്‍ ലഭ്യതയില്ലാത്തപ്പോള്‍ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ ഫിസിക്കല്‍ രേഖകള്‍ കൂടി കരുതണമെന്നാവശ്യപ്പെടുന്ന ഒരു കേസും നിലനില്‍ക്കുന്നുണ്ട്. ഏേകദെശം നാല്പത് ലക്ഷത്തോളം പേര്‍ക്ക് ഇ വിസ ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്. 2024 അവസാനം വരെ ഏകദേശം 32 ലക്ഷത്തോളം പേരാണ് ഇതിനായി റെജിസ്റ്റര്‍ ചെയ്തത്. മറ്റൊരു ഒരുക്ഷം പേര്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ റെജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.

ഈ വര്‍ഷം ആദ്യം 1 ലക്ഷത്തോളം വിസകളുടെ കാലാവധി തീര്‍ന്നതായി ഹോം ഓഫീസ് അറിയിച്ചിരുന്നു. ഇവയില്‍ ഭൂരിഭാഗവും സ്റ്റുഡന്റ് വിസകളായിരുന്നു. ഇവരെല്ലാം രാജ്യം വിട്ടോ അതോ പകരം വിസ അപേക്ഷിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണോ എന്നതില്‍ വ്യക്തതയില്ല. അതായത് ഏകദേശം 7 ലക്ഷത്തോളം പേര്‍ ഇനിയും ഇ വിസയ്ക്കായി അപേക്ഷിക്കാനുണ്ടെന്ന് ചുരുക്കം. ജൂണ്‍ 1 ആണ് ഇതിനുള്ള അവസാന തീയതി. ഇതിനോടകം എത്രപേര്‍ പ്രവര്‍ത്തനക്ഷമമല്ലാത്ത ഇ വിസ അക്കൗണ്ട് ഉണ്ടാക്കി എന്നതിലും വ്യക്തതയില്ല.

ഇ വിസയുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് നിയമജ്ഞര്‍ക്കും, മാധ്യമങ്ങള്‍ക്കും സാമൂഹ്യ സംഘടനകള്‍ക്കുമൊക്കെ ലഭിച്ചു കൊണ്ടിരിക്കുന്നത്. ചില വിദേശ വിമാനത്താവളങ്ങളില്‍ ഇ വിസ ഓണ്‍ലൈന്‍ വഴി ആക്സസ് ചെയ്യാന്‍ കഴിയാത്തതിനാല്‍ വിമാനത്തില്‍ കയറ്റുന്നത് വൈകിപ്പിച്ച സംഭവങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മാര്‍ച്ച് 5 നും 6 നും ഇടയിലും അതുപോലെ 8 നും 9 നും ആയി രണ്ട് തവണ ഇ വിസ സിസ്റ്റം ചില സാങ്കേതിക പ്രശ്നങ്ങള്‍ അഭിമുഖീകരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

നിങ്ങള്‍ ഒരു ബി ആര്‍ പി ഉള്ള വ്യക്തിയാണെങ്കില്‍, അതല്ലെങ്കില്‍, ഏതെങ്കിലും വിധത്തിലുള്ള വിസയുള്ള ആളാണെങ്കില്‍ ഇ വിസ നിര്‍ബന്ധമായും എടുക്കേണ്ടതുണ്ട്. ഇതിനായി ആദ്യം നിങ്ങള്‍ ചെയ്യേണ്ടത് ഒരു യു കെ വി ഐ അക്കൗണ്ട് ഉണ്ടാക്കുക എന്നതാണ്. നിങ്ങളുടെ ബി ആര്‍ പി നമ്പറോ, വിസ ആപ്ലിക്കേഷന്‍ നമ്പറോ ഉപയോഗിച്ച് ഇത് നിങ്ങള്‍ക്ക് ഉണ്ടാക്കാവുന്നതാണ്. ഇത് രണ്ടുമില്ലെങ്കില്‍ യു കെ സര്‍ക്കാരിന്റെ ഔദ്യോഫിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ ഇമിഗ്രേഷന്‍ സ്റ്റാറ്റസില്‍ പോയി അത് അറിയാവുന്നതാണ്. തിരിച്ചറിയല്‍ രേഖയായി പാസ്സ്‌പോര്‍ട്ട് അല്ലെങ്കില്‍ ബി ആര്‍പി കാര്‍ഡിന്റെ പകര്‍പ്പ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.

അതോടൊപ്പം, നിങ്ങളുടെ ജനന തീയതി, ഈമെയില്‍ വിലാസം, യു കെ ഫോണ്‍ നമ്പര്‍ എന്നിവയും അപേക്ഷയില്‍ നല്‍കേണ്ടതുണ്ട്. മാത്രമല്ല, യു കെ ഇമിഗ്രേഷന്‍ ഐ ചെക്ക് ആപ്പ് നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും വേണം. അതു കഴിഞ്ഞാല്‍, നിങ്ങള്‍ക്ക് ഇ വിസ ലഭ്യമാകുമ്പോള്‍ നിങ്ങളെ അറിയിക്കും. അപ്പോള്‍ അത് യു കെ വി ഐ അക്കൗണ്ടുമായി ബന്ധിപ്പിക്കണം. ബി ആര്‍ പി ഉള്ളവാരാണെങ്കില്‍, ഇ വിസ ലഭിച്ചതിനു ശേഷവും അത് സൂക്ഷിക്കണം. ഭാവിയില്‍ ഇമിഗ്രേഷന്‍ പെര്‍മിഷനായി ഇത് ആവശ്യം വന്നേക്കും.