- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിടിച്ചെടുത്ത സ്ഥലങ്ങള്‍ വിട്ടു കൊടുക്കില്ലെന്ന് മാത്രമല്ല പുതിയ സ്ഥലങ്ങള്‍ കൂടി ആവശ്യപ്പെട്ട് റഷ്യ; നേരിട്ട് പങ്കെടുക്കാതെ പ്രതിനിധിയെ അയച്ച് അപമാനിച്ച പുട്ടിന്‍ സമാധാനം വേണ്ട; ഒന്നര മണിക്കൂര്‍ കൊണ്ട് അവസാനിച്ച റഷ്യ- യുക്രൈന്‍ സമാധാന ചര്‍ച്ച ഇനി നടത്താന്‍ തയ്യാറായി വത്തിക്കാന്‍
മോസ്‌കോ: കഴിഞ്ഞ മൂന്ന് വര്‍ഷമായി റഷ്യയും യുക്രൈനും തമ്മില്‍ തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇരു രാജ്യങ്ങളുടേയും പ്രതിനിധികള്‍ തമ്മില്‍ നടത്തിയ ചര്‍ച്ച തീരുമാനം ആകാതെ പിരിഞ്ഞു. തുര്‍ക്കിയിലെ ഇസ്താംബൂളിലാണ് ചര്‍ച്ച നടന്നത്. എന്നാല്‍ റഷ്യയുടെ പിടിവാശിയാണ് ചര്‍ച്ച പൊളിയാന്‍ കാരണം എന്നാണ് വിലയിരുത്തപ്പെടുന്നത്. ചര്‍ച്ചയില്‍ റഷ്യന്‍ പ്രതിനിധികള്‍ യുക്രൈനില്‍ നിന്ന് പിടിച്ചെടുത്ത സ്ഥലങ്ങള്‍ വിട്ടുകൊടുക്കുകയില്ലെന്ന് മാത്രമല്ല പുതിയ സ്ഥലങ്ങള്‍ കൂടി ആവശ്യപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. കൂടാതെ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്‍ നേരിട്ട് പങ്കെടുക്കാതെ പ്രതിനിധിയെ അയയ്ക്കുകയാണ് ചെയ്തത്. ഇത് തങ്ങളെ അപമാനിക്കുന്നതാണെന്നാണ് യുക്രൈന്‍ കരുതുന്നത്. വെറും ഒന്നര മണിക്കൂര്‍ സമയം കൊണ്ടാണ് ചര്‍ച്ചകള്‍ അവസാനിച്ചത്.
എന്നാല്‍ ആയിരം തടവുകാരെ പരസ്പരം കൈമാറാമെന്ന് രണ്ടു രാജ്യങ്ങളും സമ്മതിച്ചു. വെടിനിര്‍ത്തല്‍ സാധ്യമാക്കാനുള്ള ശ്രമം തുടരും. യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിയും റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുതിനും തമ്മില്‍ നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് വഴിതുറക്കാനും ശ്രമിക്കും. 2022 മാര്‍ച്ചിനുശേഷം ആദ്യമായാണ് ഇരുരാജ്യത്തിന്റെയും പ്രതിനിധികള്‍ മുഖാമുഖം ചര്‍ച്ചനടത്തിയത്. ഭാവിയിലെ വെടിനിര്‍ത്തലിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ രണ്ടുരാജ്യവും അവതരിപ്പിച്ചുവെന്ന് റഷ്യയുടെ ചര്‍ച്ചയ്ക്കു നേതൃത്വം നല്‍കിയ വ്ലാദിമിര്‍ മെദിന്‍സ്‌കി പറഞ്ഞു. ചര്‍ച്ചയുടെ ഫലത്തില്‍ തൃപ്തിയുണ്ടെന്നും പരസ്പരബന്ധം തുടരുമെന്നും അറിയിച്ചു.
യുക്രൈന്‍ സംഘത്തിന് നേതൃത്വം നല്‍കിയ പ്രതിരോധമന്ത്രി റുസ്തം ഉമറോവ് തടവുകാരെ കൈമാറാന്‍ തീരുമാനിച്ച കാര്യം സ്ഥിരീകരിച്ചു. രണ്ടുകൂട്ടരും വീണ്ടും കാണാന്‍ തീരുമാനമായതായി ചര്‍ച്ചയ്ക്കു മധ്യസ്ഥത വഹിച്ച തുര്‍ക്കി വിദേശകാര്യമന്ത്രി ഹകാന്‍ ഫിദാന്‍ പറഞ്ഞു. ചര്‍ച്ചയ്ക്കായി സെലെന്‍സ്‌കി വ്യാഴാഴ്ച ഈസ്താംബൂളില്‍ എത്തിയിരുന്നു. എന്നാല്‍, പുട്ടിന്‍ എത്താന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് പ്രതിനിധികള്‍ തമ്മില്‍ ചര്‍ച്ചനടന്നത്. മാത്രമല്ല റഷ്യ ചര്‍ച്ചകള്‍ക്കായി നിയോഗിച്ചത് വളരെ ജൂനിയര്‍ ആയിട്ടുള്ള പ്രതിനിധികളെ ആണെന്നും പരാതി ഉയര്‍ന്നിരുന്നു. ഉപാധികളില്ലാതെ വെടിനിര്‍ത്തലിനായി യുക്രൈന്‍ തയ്യാറായിരിക്കുന്ന സന്ദര്‍ഭത്തിലാണ് റഷ്യ ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്.
യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കി ഇപ്പോള്‍ അല്‍ബേനിയയിലെ ടിറാനയില്‍ നടക്കുന്ന യൂറോപ്യന്‍ പൊളിറ്റിക്കല്‍ കമ്മ്യൂണിറ്റിയുടെ യോഗത്തിലെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുകയാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ എന്നിവരുമായി അദ്ദേഹം ചര്‍ച്ച നടത്തും. അതേ സമയം ഉക്രെയ്‌നും റഷ്യയും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ക്ക് വത്തിക്കാന്‍ വേദിയാകാമെന്ന് ലെയോ പതിനാലാമന്‍ മാര്‍പ്പാപ്പ വാഗ്ദാനം ചെയ്തു.
സമാധാനത്തിലേക്കുള്ള വഴിതുറക്കാന്‍ പോപ്പിന് കഴിയുമെന്ന് വത്തിക്കാന്‍ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. റഷ്യയും യുക്രൈനും ആയിരം സൈനികരെ വിട്ടയക്കാനുള്ള തീരുമാനം കൈക്കൊണ്ടതിന്റെ പിന്നാലെയാണ് വത്തിക്കാന്‍ ഈ നിര്‍ദ്ദേശം മുന്നോട്ട്് വെച്ചത്. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിനാണ് മാര്‍പ്പാപ്പ ഇരു കക്ഷികളുടെയും നേരിട്ടുള്ള കൂടിക്കാഴ്ചക്ക്് തയ്യാറാണെന്ന കാര്യം അറിയിച്ചത്. അതേ സമയം മാര്‍പ്പാപ്പ സമീപഭാവിയില്‍ യുക്രൈന്‍ സന്ദര്‍ശിക്കാന്‍ സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സെലന്‍സ്‌കി കഴിഞ്ഞ ദിവസം പോപ്പുമായി ഫോണില്‍ സംസാരിക്കുന്ന വേളയില്‍ അദ്ദേഹത്തെ യുക്രൈനിലേക്ക് ക്ഷണിച്ചിരുന്നു.
അതിനിടെ, താനും പുട്ടിനും നേരില്‍ക്കാണാതെ യുക്രൈന്റെ കാര്യത്തില്‍ ഒന്നും സംഭവിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. വൈകാതെ തങ്ങള്‍ നേരില്‍ക്കാണുമെന്നും അദ്ദേഹം ഇന്നലെ അബുദാബിയില്‍ പറഞ്ഞു.