ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിലും തുടര്‍ന്ന് നടന്ന ഓപ്പറേഷന്‍ സിന്ദൂര്‍ നടപടിയിലും ഇന്ത്യാവിരുദ്ധ നിലപാടെടുത്ത തുര്‍ക്കിയുമായുള്ള നയതന്ത്ര ബന്ധം അനിശ്ചിതത്വത്തില്‍. ഇന്ത്യയിലേക്കുള്ള തുര്‍ക്കിയുടെ പുതിയ അംബാസഡറെ അംഗീകരിക്കുന്ന ചടങ്ങ് ഇന്ത്യ അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചത് നല്‍കുന്നത് ഇതിന്റെ സൂചനയാണ്. രാഷ്ട്രപതി ഭവനിലെ സമയക്രമങ്ങളിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടിയെങ്കിലും ഇന്ത്യയുടെ തുര്‍ക്കി വിരുദ്ധ മനോഭാവത്തിന് തെളിവാണ് ഈ സംഭവം. കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ ഗ്രൗണ്ട് ഹാന്‍ഡിലിങ് പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തിയിരുന്ന തുര്‍ക്കി ബന്ധമുള്ള കമ്പനിയുടെ സെക്യൂരിറ്റി ക്ലിയറന്‍സ് റദ്ദാക്കിയത്. ഇതിനൊപ്പമാണ് അംബാസിഡറെ അംഗീകരിക്കുന്ന ചടങ്ങും നീട്ടുന്നത്. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച് തുര്‍ക്കി രംഗത്ത് വന്നിരുന്നു. ഇതില്‍ ഇന്ത്യ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നാലെയാണ് നടപടി.

ഇന്ത്യയിലേക്കുള്ള തുര്‍ക്കിയുടെ പുതിയ അംബാസഡറായി നിയമിതനാകേണ്ടത് അലി മുറാത് എര്‍സോയിയാണ്. സ്ഥാനമേല്‍ക്കുന്നതിന് മുമ്പ് ഇന്ത്യ ഇദ്ദേഹത്തെ അംഗീകരിക്കേണ്ടതുണ്ട്. രാഷ്ട്രപതിയുടെ സാന്നിധ്യത്തില്‍ നടക്കേണ്ട ചടങ്ങ് പ്രധാന്യമുള്ളതാണ്. ഇതാണ് ഇന്ത്യ നടത്താതെ നീട്ടിക്കൊണ്ടു പോകുന്നത്. ഫലത്തില്‍ അംബാസിഡറെ ഇന്ത്യ അംഗീകരിക്കുന്നില്ല. വിഷയത്തില്‍ തുര്‍ക്കി എംബസി പ്രതികരിച്ചിട്ടില്ല. എന്ന് ചടങ്ങ് നടത്തുമെന്നോ എന്തുകൊണ്ടാണ് മാറ്റിവെച്ചതെന്നോ ഇന്ത്യ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുമില്ല. മാര്‍ച്ചിലാണ് അലി മുറാത് എര്‍സോയി ഇന്ത്യയിലെ അംബാസഡറായി എത്തുന്നത്. ഇന്ത്യ അംഗീകാരം നല്‍കാത്തിടത്തോളം കാലം ഈ നിയമനത്തിന് പ്രാബല്യമുണ്ടാകില്ല. തായ് അംബാസഡറിന്റെയും പുതിയ ബംഗ്ലാദേശ് ഹൈക്കമ്മീഷണറിനെയും അംഗീകരിക്കുന്ന ചടങ്ങും മാറ്റിവെച്ചിട്ടുണ്ട്. ഇതിനും കാരണം പറഞ്ഞിട്ടില്ല. തുര്‍ക്കി, അസര്‍ബൈജാന്‍ എന്നീ രാജ്യങ്ങളാണ് പാകിസ്ഥാന് പന്തുണ പ്രഖ്യാപിച്ചത്. ഈ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ ഇന്ത്യക്കാര്‍ റദ്ദാക്കിത്തുടങ്ങിയിട്ടുണ്ട്. തുര്‍ക്കി ഉത്പന്നങ്ങള്‍ക്ക് ബഹിഷ്‌കരണ ആഹ്വാനവും രാജ്യത്ത് ഉയര്‍ന്നിട്ടുണ്ട്. തുര്‍ക്കിയുടെ ഡ്രോണുകളാണ് ഇന്ത്യയെ ആക്രമിക്കാന്‍ പാക്കിസ്ഥന്‍ ഉപയോഗിച്ചത്. അറുന്നൂറ് ഡ്രോണുകളാണ് ഇന്ത്യയിലേക്ക് പാക്കിസ്ഥാന്‍ അയച്ചത്. അതില്‍ നാലെണ്ണം ഒഴിച്ച് ബാക്കിയെല്ലാം ഇന്ത്യ തകര്‍ത്തു. ഇന്ത്യയുടെ വ്യോമ പ്രതിരോധം സുശക്തമാണെന്നതിന് തെളിവുമായി.

തുര്‍ക്കിയുടെ നിയുക്ത ഇന്ത്യന്‍ അംബാസഡര്‍ അലി മുറാത്ത് എര്‍സോയ് ചുമതല ഏറ്റെടുക്കുന്നതിന് മുന്നോടിയായി രാഷ്ട്രപതിക്ക് യോഗ്യതാപത്രം (ക്രെഡന്‍സ് ലെറ്റര്‍) സമര്‍പ്പിക്കുന്ന ചടങ്ങാണ് മാറ്റിവച്ചത്. പാക്കിസ്ഥാനെ സഹായിച്ചതിന്റെ പേരില്‍ തുര്‍ക്കിക്കെതിരെ രാജ്യത്ത് പ്രതിഷേധം വ്യാപിക്കുന്നതിനിടെയാണിത്. 15നായിരുന്നു രാഷ്ട്രപതി ഭവനില്‍ ചടങ്ങ് നിശ്ചയിച്ചിരുന്നത്. ചടങ്ങ് മാറ്റിയതിനെക്കുറിച്ച് പ്രതികരിക്കാന്‍ തുര്‍ക്കി എംബസി വിസമ്മതിച്ചു. വ്യാഴാഴ്ച ചടങ്ങ് മാറ്റിവച്ചതിന് പിന്നാലെയാണ് തുര്‍ക്കി ബന്ധമുള്ള ജെലെബി ഏവിയേഷന്‍ കമ്പനിയെ ഇന്ത്യന്‍ വിമാനത്താവളങ്ങളിലെ കാര്‍ഗോ, ഗ്രൗണ്ട് ഹാന്‍ഡിലിംഗ് ഓപ്പറേഷനുകളില്‍ വിലക്കിയ തീരുമാനം വന്നത്. തുര്‍ക്കിയിലെ ജെലെബി ഏവിയേഷന്‍ ഹോള്‍ഡിങ്ങിന്റെ ഇന്ത്യയിലെ കമ്പനിയായ ജെലെബി എയര്‍പോര്‍ട്ട് സര്‍വീസസ് ഇന്ത്യ എന്ന കമ്പനിയുടെ സെക്യൂരിറ്റി ക്ലിയറന്‍സ് ആണ് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി റദ്ദാക്കിയത്.

ദേശസുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കയുടെ പേരിലാണ് കമ്പനിക്കെതിരെ നടപടിയെടുത്തത്. ഡല്‍ഹി, മുംബൈ, ചെന്നൈ ഉള്‍പ്പെടെ ഒമ്പത് വിമാനത്താവളങ്ങളിലാണ് ജെലെബി പ്രവര്‍ത്തിച്ചിരുന്നത്. മുംബൈ വിമാനത്താവളത്തിന്റെ 70 ശതമാനം ഗ്രൗണ്ട് ഓപ്പറേഷന്‍സും തുര്‍ക്കി കമ്പനിയാണ് കൈകാര്യം ചെയ്യുന്നത്. ജനറല്‍ ഏവിയേഷന്‍ സര്‍വീസ്, പാസഞ്ചര്‍ സര്‍വീസ്, കാര്‍ഗോ, പോസ്റ്റല്‍ സര്‍വീസ്, വെയര്‍ഹൗസ് ആന്‍ഡ് ബ്രിഡ്ജ് ഓപ്പറേഷന്‍ തുടങ്ങിയ ഗ്രൗണ്ട് ഓപ്പറേഷന്‍സുകളെല്ലാം കമ്പനി കൈകാര്യം ചെയ്യുന്നുണ്ട്. സുരക്ഷാ അനുമതി പിന്‍വലിച്ചതോടെ ഇവരുടെ പ്രവര്‍ത്തനം വിലക്കിയത് ഈ വിമാനത്താവളങ്ങളില്‍ ആശയക്കുഴപ്പത്തിന് കാരണമായിരുന്നു.

ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ നിക്ഷ്പക്ഷമായ അന്വേഷണം വേണമെന്ന് പാക്കിസ്ഥാന്‍ ആവശ്യമുന്നയിച്ചപ്പോള്‍ അതിനെ പിന്തുണച്ച രാജ്യങ്ങളായിരുന്നു തുര്‍ക്കിയും അസര്‍ബൈജാനും. പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ക്കെതിരേ നടന്ന ആക്രമണത്തെ അപലപിക്കുന്നതിനൊപ്പം പാക്കിസ്ഥാനിലെ ജനങ്ങള്‍ക്കൊപ്പം നിലകൊള്ളുന്നുവെന്ന് ഇരുവരും പരസ്യമായി പ്രഖ്യാപിച്ചു. പഹല്‍ഗാം താഴ്വരയില്‍ നിഷ്‌കളങ്കരായ 26 പേര്‍ പാക് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയുടെ ആക്രമണത്തില്‍ മരിച്ചുവീണതിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പായിരുന്നു ഇന്ത്യയെ പ്രതിസ്ഥാനത്ത് നിര്‍ത്തിക്കൊണ്ട് തുര്‍ക്കിയും അസര്‍ബൈജാനും പാകിസ്താന് പിന്തുണ പ്രഖ്യാപിച്ചത്.

600 മുതല്‍ 700 ഡ്രോണുകളാണ് ഇന്ത്യയിലെ 36 കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാനില്‍ നിന്നെത്തിയത്. സിയാച്ചിന്‍ മുതല്‍ സര്‍ ക്രീക്ക് വരെയുള്ള മേഖലയെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണം. തുര്‍ക്കി നിര്‍മിത അസിസ്ഗാര്‍ഡ് സോന്‍ഗര്‍ ഡ്രോണുകളാണ് പാക്കിസ്ഥാന്‍ ഇന്ത്യക്കെതിരേ ഉപയോഗിച്ചത്. തുര്‍ക്കി (ഖത്തറുള്‍പ്പെടെ), സൗദിയും യുഎഇയും നയിക്കുന്ന അറബ് രാഷ്ട്രങ്ങളുമായി മത്സരത്തിലാണ്. സൗദി-എമിറാത്തി സ്വാധീനം കുറയ്ക്കാനായി അറബ് ഇതര മുസ്ലീം രാഷ്ട്രങ്ങളുമായി സഖ്യം ചേര്‍ന്നുകൊണ്ട് ബദല്‍ സാഹചര്യമൊരുക്കാനും തുര്‍ക്കി ഇതിനോടകം ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഏഷ്യയ്ക്കും യൂറോപ്പിനും ഇടയിലുള്ള പാലമായി സ്വയം കണക്കാക്കുന്ന തുര്‍ക്കിയെ ഒഴിവാക്കിക്കൊണ്ടാണ് നിര്‍ദിഷ്ട ഇന്ത്യ-മധ്യപൂര്‍വ്വദേശം-യൂറോപ്പ് സാമ്പത്തിക ഇടനാഴി കടന്നുപോവുന്നത്. ഇതിന്റെ പേരില്‍ ഈ പദ്ധതിയെ തുര്‍ക്കിയുടെ പ്രസിഡന്റ് എര്‍ദോഗാന്‍ ശക്തമായി വിമര്‍ശിച്ചിരുന്നു. മാത്രമല്ല, ഏഷ്യ-യൂറോപ്പ് പാത പൂര്‍ത്തീകരിക്കാനുള്ള സ്വന്തം പദ്ധതി തുര്‍ക്കി മുന്നോട്ടുവെയ്ക്കുകയും ചെയ്തു. ഇറാഖ് ഡെവലപ്മെന്റ് റോഡ് എന്നാണ് ഇത് അറിയപ്പെടുന്നത്.

ഇന്ത്യയ്ക്കെതിരേ നിലകൊള്ളുന്ന പാക്കിസ്ഥാന്റെ ശക്തമായ സഖ്യകക്ഷിയാണ് തുര്‍ക്കി. 2023ല്‍ തുര്‍ക്കിയിലുണ്ടായ ഭൂകമ്പത്തില്‍ ഇന്ത്യ അകമഴിഞ്ഞ സഹായമായിരുന്നു വാഗ്ദാനം നല്‍കിയത്. കേരളം പോലും തുര്‍ക്കിയ്ക്ക് പ്രത്യേക സഹായം നല്‍കി.