കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ വന്ധ്യത ചികിത്സാകേന്ദ്രത്തിന് പുറത്തെ സ്‌ഫോടനം തീവ്രവാദ ആക്രമണമെന്ന സംശയത്തില്‍ അന്വേഷണ സംഘം. പാം സ്ട്രിങ് നഗരത്തിലെ ചികിത്സാ കേന്ദ്രത്തിന് സമീപത്താണ് ബോംബ് സ്‌ഫോടനം ഉണ്ടായത്. പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ട വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.

വന്ധ്യത കേന്ദ്രത്തിന് പുറത്ത് മനുഷ്യ ശരീര ഭാഗങ്ങള്‍ ചിതറിക്കിടക്കുന്നതായി സമീപവാസികള്‍ വെളിപ്പെടുത്തി. സ്‌ഫോടനത്തില്‍ വന്ധ്യത ചികിത്സാകേന്ദ്രത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ചുറ്റുമുള്ള കെട്ടിടങ്ങള്‍ക്ക് കേടുപാടുണ്ടായി. കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല. ചികിത്സാ കേന്ദ്രത്തിലെ ലാബിന് പ്രശ്‌നങ്ങള്‍ ഒന്നും സംഭവിച്ചില്ലെന്ന് അധികൃതര്‍ അറിയിച്ചു. അക്രമിയ്ക്കായി പോലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. ബോംബ് സ്‌ഫോടനമാണ് നടന്നതെന്ന വിലയിരുത്തലാണ് ഉയരുന്നത്.

സ്ഫോടനത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. സ്ഫോടനത്തില്‍ ഫെര്‍ട്ടിലിറ്റി ക്ലിനിക്ക് ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും തകര്‍ന്നതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നു. കരുതിക്കൂട്ടി നടത്തിയ ആക്രമണമാണെന്ന് എഫ്.ബി.ഐ വിശേഷിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഫെര്‍ട്ടിറ്റിലിറ്റി ക്ലിനിക്കിനെ മനപൂര്‍വം ലക്ഷ്യമിടുകയായിരുന്നുവെന്ന് എഫ്.ബി.ഐയുടെ ലോസ് ഏഞ്ചല്‍സ് ഫീല്‍ഡ് ഓഫീസ് മേധാവി അകീല്‍ ഡേവിസ് പറഞ്ഞു. ഇതൊരു ചാവേര്‍ ആക്രമണമായിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്.

ലോസ് ഏഞ്ചല്‍സില്‍ നിന്ന് ഏകദേശം രണ്ട് മണിക്കൂര്‍ സമയ വ്യത്യാസമാണ് പാം സ്പ്രിംങ്സിലേക്കുള്ളത്. അതുകൊണ്ട് തന്നെ ആക്രമണത്തെ ഗൗരവത്തില്‍ അമേരിക്ക എടുത്തിട്ടുണ്ട്. ഉയര്‍ന്ന നിലവാരമുള്ള റിസോര്‍ട്ടുകള്‍, ഗോള്‍ഫ് കോഴ്സുകള്‍ തുടങ്ങി കാലിഫോര്‍ണിയയിലെ പേരുകേട്ട സ്ഥലങ്ങളിലൊന്നാണ് ഇത്.

ഫെര്‍ട്ടിലിറ്റി സെന്ററിന് നേരെയുണ്ടായ ആക്രമണം ക്ഷമിക്കാന്‍ കഴിയാത്തതാണെന്നും സ്ത്രീകളും അമ്മമാരും അമേരിക്കയുടെ ഹൃദയമിടിപ്പാണെന്ന് ട്രംപ് ഭരണകൂടം മനസിലാക്കുന്നുവെന്നും അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി പറഞ്ഞു.