- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാഷ്മീര്‍ ഉഭയകക്ഷി പ്രശ്‌നമാണെന്നും ഇക്കാര്യത്തില്‍ മറ്റൊരു രാജ്യത്തിന്റെയും ഇടപെടലും മധ്യസ്ഥതയും അംഗീകരിക്കില്ല; സിന്ധു നദീജല കരാറും ഇനിയില്ല; നയതന്ത്ര പ്രതിനിധി സംഘം വിശദീകരിക്കുക രക്തവും ജലവും ഒരുമിച്ചൊഴുകില്ലെന്ന വസ്തുത; ആ 33 രാജ്യങ്ങളിലേക്കുള്ള യാത്രയില്‍ പ്രതീക്ഷ മാത്രം; ഇനി ഭീകരാക്രമണം ഉണ്ടായാല്‍ പാക് അധിനിവേശ കാഷ്മീര്‍ പിടിച്ചെടുക്കും
ന്യൂഡല്‍ഹി: 'ഓപ്പറേഷന്‍ സിന്ദൂറി'നുശേഷം 33 രാജ്യങ്ങളില്‍ ഭീകരതയ്‌ക്കെതിരായി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന നയതന്ത്ര നീക്കങ്ങള്‍ക്ക് പിന്നില്‍ വ്യക്തമായ ആസൂത്രണം. ഇന്ത്യയ്ക്കുള്ളില്‍ ഇനി പാക്കിസ്ഥാനിലെ ഭീകര സംഘടനകള്‍ ആക്രമണം നടത്തിയാല്‍ തിരിച്ചടി അതിശക്തമായിരിക്കും. പാക് അധിനിവേശ കാശ്മീര്‍ ഇന്ത്യ പിടിച്ചെടുക്കുകയും ചെയ്യും. ഈ സന്ദേശം ലോകത്തിന് നല്‍കുക കൂടിയാണ് ഈ നയതന്ത്ര നീക്കങ്ങള്‍ക്ക് പിന്നിലെ പ്രധാന ലക്ഷ്യം.
ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലിലെ സ്ഥിരമോ താത്കാലികമോ ആയ അംഗരാജ്യങ്ങളും ഐക്യരാഷ്ട്രസഭയുടെ സാന്നിധ്യമുള്ള രാജ്യങ്ങളും മുതല്‍ ജിസിസിയിലെ പ്രധാന അറബ് രാജ്യങ്ങളും ആസിയാന്‍ രാജ്യങ്ങളുമാണ് ഇന്ത്യ ആശയ വിനിമയത്തിന് തിരഞ്ഞെടുത്തത്. ശശി തരൂര്‍ അടക്കമുള്ള നയതന്ത്ര വിദഗ്ധരുടെ അഭിപ്രായം തേടിയാണ് രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയത്. കാനഡയിലേക്ക് ശശി തരൂരിനേയും സംഘത്തേയും അയയ്ക്കാന്‍ ആദ്യം ആലോചിച്ചിരുന്നു. പിന്നീട് വേണ്ടെന്ന് വച്ചു. ഇതിനൊപ്പം പാക്കിസ്ഥാന് പരോക്ഷ സഹായം നല്‍കുന്ന യുഎന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗമായ ചൈനയിലേക്ക് ഇന്ത്യ പ്രതിനിധിസംഘത്തെ അയയ്ക്കുന്നില്ല. റൊട്ടേഷന്‍ വ്യവസ്ഥയില്‍ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ പാക്കിസ്ഥാന്‍, സൊമാലിയ എന്നീ രാജ്യങ്ങളും ഒഴിവാക്കി. യുഎന്‍ രക്ഷാസമിതിയിലെ 15 അംഗരാജ്യങ്ങളില്‍ ഈ മൂന്നു രാജ്യങ്ങള്‍ ഒഴികെ 12 രാജ്യങ്ങളിലും ഇന്ത്യന്‍ സംഘം എത്തും. അതിര്‍ത്തി കടന്നുള്ള ഭീകരതയില്‍ പാക്കിസ്ഥാന്റെ പങ്ക് ഉയര്‍ത്തിക്കാട്ടുകയും ഇന്ത്യക്കുള്ള പിന്തുണ വര്‍ധിപ്പിക്കുകയും പാക്കിസ്ഥാനെതിരേ ആഗോള സമ്മര്‍ദം ശക്തിപ്പെടുത്തുകയുമാണ് ദൗത്യസംഘത്തിന്റെ പ്രധാന അജന്‍ഡ. കാഷ്മീര്‍ ഉഭയകക്ഷി പ്രശ്‌നമാണെന്നും ഇക്കാര്യത്തില്‍ മറ്റൊരു രാജ്യത്തിന്റെയും ഇടപെടലും മധ്യസ്ഥതയും അംഗീകരിക്കില്ലെന്നുമുള്ള ഇന്ത്യയുടെ നിലപാട് ആവര്‍ത്തിക്കും. സിന്ധു നദീജല കരാര്‍ സസ്‌പെന്‍ഡ് ചെയ്ത കാരണവും ഇന്ത്യ വിശദീകരിക്കും. ശശി തരൂര്‍ അടക്കമുള്ള ഭരണ-പ്രതിപക്ഷ നേതൃത്വത്തിലെ പ്രഗല്ഭര്‍ക്കു പുറമെ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും മുന്‍ നയതന്ത്ര വിദഗ്ധരും ദൗത്യസംഘത്തില്‍ ഉണ്ട്.
രക്ഷാസമിതിയിലെ വീറ്റോ അധികാരമുള്ള സ്ഥിരാംഗങ്ങളായ യുഎസ്, യുകെ, ഫ്രാന്‍സ്, റഷ്യ എന്നിവിടങ്ങളില്‍ ഇന്ത്യന്‍ സംഘം വിശദമായ ചര്‍ച്ചകള്‍ നടത്തും. അള്‍ജീരിയ, ഡെന്മാര്‍ക്ക്, ഗ്രീസ്, ഗയാന, പനാമ, ദക്ഷിണകൊറിയ, സിയറ ലിയോണ്‍, സ്ലോവേനിയ തുടങ്ങിയ രണ്ടു വര്‍ഷംതോറും മാറുന്ന രക്ഷാസമിതിയിലെ സ്ഥിരമല്ലാത്ത അംഗരാജ്യങ്ങളിലേക്കും ഇന്ത്യന്‍ പ്രതിനിധികള്‍ യാത്ര ചെയ്യുന്നുണ്ട്. അടുത്ത 17 മാസംകൂടി രക്ഷാസമിതിയിലെ ഇവരുടെ അംഗത്വം തുടരും. ഇവരുടെ പിന്തുണ പാക്കിസ്ഥാനെതിരായ നീക്കങ്ങളില്‍ ഇന്ത്യയ്ക്ക് നിര്‍ണ്ണായകമാണ്. ഇന്ത്യക്കെതിരേ നിലപാടെടുത്ത തുര്‍ക്കിയെയും അസര്‍ബൈജാനെയും ഒഴിവാക്കി. ഐക്യരാഷ്ട്ര രക്ഷാസമിതിയിലെ അംഗരാജ്യങ്ങള്‍, യുഎന്‍ സാന്നിധ്യമുള്ള രാജ്യങ്ങള്‍, ഇന്ത്യയുടെ പരന്പരാഗത പങ്കാളിരാജ്യങ്ങള്‍ എന്നിവയ്ക്കു പുറമെ യുഎന്നിലും യൂറോപ്യന്‍ യൂണിയന്‍, ആഫ്രിക്കന്‍ യൂണിയന്‍ പ്രതിനിധികളുമായും ഇന്ത്യന്‍ സംഘങ്ങള്‍ വിശദമായ ചര്‍ച്ച നടത്തും. യുഎസ്, ഫ്രാന്‍സ്, യുകെ, റഷ്യ എന്നിവയോടൊപ്പം ബ്രസീല്‍, ജര്‍മനി, ജപ്പാന്‍, സ്‌പെയിന്‍, ഡെന്മാര്‍ക്ക്, ബെല്‍ജിയം, അള്‍ജീരിയ, ഗ്രീസ്, ലാത്വിയ, സ്ലോവേനിയ, പനാമ, ഗയാന, കൊളംബിയ, ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പുര്‍, ദക്ഷിണ കൊറിയ, അറബ് രാജ്യങ്ങളായ സൗദി അറേബ്യ, യുഎഇ, കുവൈറ്റ്, ബഹറിന്‍, ആഫ്രിക്കന്‍ രാജ്യങ്ങളായ സിയറ ലിയോണ്‍, കോംഗോ, ലൈബീരിയ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയുടെ പ്രത്യേക ദൗത്യത്തിലുണ്ട്. വടക്കേ അമേരിക്ക, മധ്യ അമേരിക്ക, ദക്ഷിണ അമേരിക്ക, യൂറോപ്പ്, വടക്കേ ആഫ്രിക്ക, പശ്ചിമ ആഫ്രിക്ക, തെക്കുകിഴക്കന്‍ ഏഷ്യ, കിഴക്കനേഷ്യ, പശ്ചിമേഷ്യ തുടങ്ങിയ മേഖലകളിലാണ് ആകെ 59 അംഗങ്ങളുള്ള ഇന്ത്യയുടെ ഏഴു വ്യത്യസ്ത പ്രതിനിധിസംഘങ്ങളുടെ രണ്ടാഴ്ച നീളുന്ന സന്ദര്‍ശനം.
വിദേശത്തേക്കു പോയ ആദ്യ രണ്ടു പ്രതിനിധിസംഘങ്ങളില്‍ മലയാളികളായ ഇ.ടി. മുഹമ്മദ് ബഷീറും ഡോ. ജോണ്‍ ബ്രിട്ടാസും അംഗങ്ങളാണ്. ബ്രിട്ടാസ് ഉള്‍പ്പെട്ട സംഘം ഇന്നു ജപ്പാനിലും ബഷീര്‍ ഉള്‍പ്പെട്ട സംഘം ഇന്നു യുഎഇയിലും ഇന്ത്യയുടെ പ്രത്യേക ദൗത്യചര്‍ച്ചകള്‍ക്കു തുടക്കം കുറിക്കും.