- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെറുതെയല്ല ട്രംപ് ഭീഷണി ഉയര്‍ത്തിയത്; അമേരിക്ക നല്കിയ ന്യൂക്ലിയര്‍ ഡീല്‍ പ്രൊപോസല്‍ ഇറാന്‍ തള്ളിയാലുടന്‍ ഇറാനില്‍ കയറി ബോംബിടാന്‍ ഒരുങ്ങി ഇസ്രായേല്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് ഉടനെയെങ്ങും പരിഹാരമുണ്ടാവില്ലെന്ന് തീര്‍ച്ച
ജെറുസലേം: അമേരിക്കയുമായുള്ള ഇറാന്റെ ആണവ കരാര്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഉടന്‍ ഇറാനെ ആക്രമിക്കാന്‍ ഇസ്രായേല്‍ ഒരുങ്ങുകയാണെന്ന സൂചനകള്‍ പുറത്ത്. ഇത് മനസ്സിലാക്കിയാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഭീഷണികള്‍ ഉയര്‍ത്തുന്നത്. ഇറാന്‍ തങ്ങളുടെ ആണവ പദ്ധതിക്കായുള്ള യുഎസ് നിര്‍ദ്ദേശത്തില്‍ വേഗത്തില്‍ നീങ്ങേണ്ടതുണ്ടെന്നും അല്ലെങ്കില്‍ 'എന്തെങ്കിലും മോശം സംഭവിക്കാന്‍ പോകുന്നുവെന്നും ട്രംപ് വിശദീകരിച്ചിരുന്നു. ഈ ഭീഷണിക്ക് പിന്നില്‍ ഇസ്രയേലിന്റെ മനസ്സ് അറിയാവുന്നത് കൊണ്ടു കൂടിയാണെന്നാണ് വിലയിരുത്തല്‍. നേരത്തെ ട്രംപ് കള്ളം പറയുകയാണെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി പറഞ്ഞിരുന്നു. മധ്യപൂര്‍വേഷ്യയില്‍ സമാധാനം വേണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഗള്‍ഫ് മേഖലയില്‍ നടത്തിയ പര്യടനത്തില്‍ ട്രംപ് പറഞ്ഞിരുന്നു. ''ട്രംപ് കള്ളമാണു പറയുന്നത്. ഗാസയിലെ കുട്ടികളുടെ തലയില്‍ വീഴ്ത്താന്‍ ഇസ്രയേലിന് 10 ടണ്‍ ബോംബാണ് യുഎസ് നല്‍കിയത്'' തലസ്ഥാനമായ ടെഹ്‌റാനിലെ ഒരു കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഖമനയി. ഇതിന് പിന്നാലെയാണ് ഇസ്രയേല്‍ നിലപാട് കൂടുതല്‍ കടുപ്പിക്കുന്നത്. ഇതോടെ പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന് ഉടനൊന്നും അയവുണ്ടാകില്ലെന്ന് വ്യക്തമായി.
ആണവ പദ്ധതി വിഷയത്തില്‍ യുഎസിന്റെ നിര്‍ദേശങ്ങളില്‍ ഇറാന്‍ പെട്ടെന്നു തീരുമാനം എടുക്കണമെന്നും ഇല്ലെങ്കില്‍ എന്തെങ്കിലും മോശമായത് സംഭവിക്കുമെന്നും പറഞ്ഞിരുന്നു. മറുപടി പോലും അര്‍ഹിക്കാത്ത പരാമര്‍ശം എന്നായിരുന്നു ഇതിനോട് ഖമനയിയുടെ മറുപടി. ഇത് ട്രംപിനുതന്നെയും അമേരിക്കന്‍ ജനതയ്ക്കും നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേലിനെ അതിമാരകമായ കാന്‍സറസ് ട്യൂമര്‍ എന്നും അദ്ദേഹം വിശേഷിപ്പിച്ചു. അതു പിഴുതെറിയുമെന്നും അദ്ദേഹം പറഞ്ഞു. ഭീഷണിപ്പെടുത്തല്‍ തുടര്‍ന്നുകൊണ്ടാണ് ട്രംപ് സമാധാനത്തെക്കുറിച്ചു പറയുന്നതെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ മറ്റൊരു പരിപാടിയില്‍ പറഞ്ഞിരുന്നു. ''ഇതിലേതാണ് വിശ്വസിക്കേണ്ടത്. ഒരിക്കല്‍ സമാധാനത്തെക്കുറിച്ചു പറയും, പിന്നീട് ഭീഷണിപ്പെടുത്തും. യുഎസുമായുള്ള ആണവ ചര്‍ച്ചകള്‍ ഇറാന്‍ തുടരും, ഭീഷണികളെ ഭയക്കുന്നില്ല. ഞങ്ങള്‍ യുദ്ധം ആഗ്രഹിക്കുന്നില്ല'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുറേനിയം സംപുഷ്ടീകരണമെന്നതിനെ ഇറാന്‍ ഉപേക്ഷിക്കില്ലെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് ആരഖ്ചി എക്‌സില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞു. ഇതെല്ലാം സംഘര്‍ഷം പുതിയ തലത്തിലെത്തുമെന്നതിന്റെ സൂചനകളാണ്.
അതിനിടെ വലിയ ആക്രമണത്തിന് ഇസ്രായേല്‍ പദ്ധതിയിടുന്നു എന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് പുറത്തു വന്നിട്ടുണ്ട്. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ഇസ്രായേല്‍ ആക്രമിക്കുമെന്ന വിവരമാണ് അവര്‍ക്ക് ലഭിച്ചതത്രെ. ഇതോടെ വിപണിയില്‍ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ക്രൂഡ് ഓയില്‍ വില ഉയരാന്‍ തുടങ്ങി. ബ്രെന്റ് ക്രൂഡ് ബാരലിന് 66.57 ഡോളര്‍ വരെ ഉയര്‍ന്നു. മറ്റു ക്രൂഡ് ഇനങ്ങളുടെ വിലയും വര്‍ധിച്ചിട്ടുണ്ട്. പേര് വെളിപ്പെടുത്താത്ത അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് സിഎന്‍എന്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇസ്രായേല്‍ ആക്രമണ പദ്ധതി ഒരുക്കുന്നുണ്ടത്രെ. അമേരിക്കയും ഇറാനും ആണവ ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് ഇസ്രായേലിന്റെ നീക്കം എന്നതും എടുത്തു പറയണം.
ഇറാന്റെ ആണവ പദ്ധതിയുടെ ഏറ്റവും വലിയ ശത്രുവായ ഇസ്രയേലിനെ ട്രംപ് ചര്‍ച്ചകളില്‍നിന്നും ഒഴിവാക്കിയത് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇറാന്‍ ഏറ്റവും ദുര്‍ബലമായിരിക്കുന്ന ഈ സമയത്ത് സൈനികാക്രമണം നടത്തി അവരുടെ ആണവ താവളങ്ങള്‍ നശിപ്പിക്കണം എന്നാണ് ഇസ്രയേല്‍ കരുതുന്നത്. 2024-ല്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണങ്ങള്‍ ഇറാന്റെ വ്യോമ പ്രതിരോധത്തിലെ വിടവുകള്‍ വെളിവാക്കിയിരുന്നു. 2025-ല്‍ അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് സംയുക്ത സൈനിക അഭ്യാസങ്ങള്‍ നടത്തിയിരുന്നത്. ഇസ്രയേല്‍ ആവശ്യപ്പെടുന്നത് സീറോ എന്റിച്ച്‌മെന്റ് ആണ്. അതായത് ഇറാന്‍ യുറേനിയം ഒട്ടും സമ്പുഷ്ടീകരിക്കരുതെന്ന്. ഇത് ഇറാന്‍ അംഗീകരിക്കില്ല.
ട്രംപിന്റെ സന്ദര്‍ശനത്തില്‍ സൗദി അറേബ്യക്കും തുര്‍ക്കിക്കും ഖത്തറിനും മുന്‍ഗണന കൊടുക്കുകയും സിറിയക്ക് മേലുള്ള ഉപരോധം നീക്കുകയും ചെയ്തത് അമേരിക്ക-ഇസ്രയേല്‍ ബന്ധങ്ങളെ ഉലച്ചതായും വിലയിരുത്തുന്നുണ്ട്. പരിമിതമായ തോതില്‍ സമ്പുഷ്ടീകരണം നടത്താന്‍ ഇറാനെ അനുവദിക്കുന്ന കരാര്‍ അമേരിക്കയുമായി ഉണ്ടായാല്‍ അത് ഇസ്രയേലിനെ ഏകപക്ഷീയമായി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ചേക്കും എന്നും വിലയിരുത്തലുണ്ട്. ട്രംപ് രണ്ടാംതവണ അധികാരത്തിലെത്തിയ വേളയില്‍ ഇറാനുമായി ആണവ ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. നാല് തവണകളായി ചര്‍ച്ച നടന്നുകഴിഞ്ഞു. ഒമാനിലും യൂറോപ്പിലും വച്ചായിരുന്നു ചര്‍ച്ചകള്‍. ഇനിയും ചര്‍ച്ച നടക്കുമെന്ന് സൂചനയുണ്ടെങ്കിലും തിയ്യതിയോ സ്ഥലമോ വ്യക്തമായിട്ടില്ല. ഇതിനിടെയാണ് ഇസ്രയേലിനന്റെ ആക്രമണ പദ്ധതി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്രായേല്‍ ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിച്ച വിവരമാണ് അമേരിക്കന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പങ്കുവയ്ക്കുന്നതത്രെ. അതിനൊപ്പം ഇസ്രായേല്‍ ഉദ്യോഗസ്ഥരുടെ സന്ദേശങ്ങള്‍ ചോര്‍ത്തിയതില്‍ നിന്നും സമാനമായ വിവരം കിട്ടി എന്നാണ് വാര്‍ത്തയിലുള്ളത്. ഇസ്രായേല്‍ സൈനികരുടെ നീക്കങ്ങള്‍ വ്യക്തമാക്കുന്നത് ഇറാനെതിരായ ആക്രമണം ഉടനെയുണ്ടാകുമെന്നാണ് എന്നും വാര്‍ത്തയില്‍ പറയുന്നു.
പശ്ചിമേഷ്യയിലെ പ്രധാന എണ്ണ ഉല്‍പ്പാദക രാജ്യമാണ് ഇറാന്‍. അമേരിക്കയുടെ ഉപരോധം കാരണം ഇറാന്റെ എണ്ണ വേണ്ടത്ര വിപണിയില്‍ എത്താറില്ല. ചൈന പോലുള്ള സഖ്യരാജ്യങ്ങള്‍ മാത്രമാണ് ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത്. മറ്റുരാജ്യങ്ങളുമായുള്ള ഇടപാടുകള്‍ സാധ്യമാകണം എങ്കില്‍ അമേരിക്കയുടെ ഉപരോധം നീങ്ങേണ്ടതുണ്ട്. ഇതിനുള്ള ചര്‍ച്ച നടന്നുവരവെയാണ് ഇസ്രായേല്‍ രഹസ്യനീക്കം നടത്തുന്നത്.