ലണ്ടന്‍: ബ്രിട്ടണിലെ എന്‍ എച്ച് എസ്സ് ആശുപത്രികളില്‍ ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിക്കുമ്പോള്‍, യു കെയില്‍ പഠിച്ച ഡോക്ടര്‍മാര്‍ക്ക് മുന്‍ഗണന നല്‍കുന്ന പദ്ധതി തയ്യാറാക്കുകയാണ് ലേബര്‍ സര്‍ക്കാര്‍. യു കെയിലെ നികുതിദായകരുടെ ചെലവില്‍ പഠിച്ച്, പരിശീലനം നേടിയവര്‍ക്ക്, പ്രത്യേക പരിഗണന നല്‍കാനാണ് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീതിംഗ് ഉദ്ദേശിക്കുന്നത്. എന്‍ എച്ച് എസ്സില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാനുള്ള ലേബര്‍ സര്‍ക്കാരിന്റെ 10 വര്‍ഷത്തെ ഹെല്‍ത്ത് പ്ലാനിന്റെ ഭാഗമായിട്ടാണ് ഇത് എന്ന് മെയില്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്‍ എച്ച് എസ്സിലെ സ്പെഷ്യാലിറ്റി ട്രെയിനിംഗ് ജോലികളില്‍ വിദേശ ഡോക്ടര്‍മാരെയും അനുവദിക്കുന്ന 2020 ല്‍ കൊണ്ടുവന്ന മാറ്റം എടുത്തുകളയുന്നതും ഈ പദ്ധതിയുടെ ഭാഗമാണെന്ന് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ നീക്കം ജൂനിയര്‍ ഡോക്ടര്‍മാര്‍ സഹര്‍ഷം സ്വീകരിക്കുമെന്നാണ് ഹെല്‍ത്ത് സെക്രടറി കരുതുന്നത്. മാത്രമല്ല, സ്പെഷ്യാലിറ്റി ട്രെയിനിംഗ് പ്ലേസുകളില്‍ യു കെ മെഡിക്കല്‍ ഗ്രാഡ്വേറ്റുകള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനും ആവശ്യപ്പെട്ടിരുന്നു. നേരത്തെ, ജോലികള്‍ക്കായി യു കെ ഗ്രാഡ്വേറ്റുകള്‍ക്ക് തുല്യമായ പരിഗണന വിദേശികള്‍ക്കും നല്‍കണമെന്ന നിലപാടായിരുന്നു സ്ട്രീതിംഗ് നേരത്തെ എടുത്തിരുന്നത്.

ട്രെയിനിംഗ് പ്ലേസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുവാനുള്ള സാധ്യത തേടി ആരോഗ്യ സാമൂഹ്യ ക്ഷേമ വകുപ്പ് ധനവകുപ്പുമായി ചര്‍ച്ച ചെയ്യുകയാണ്. 10 വര്‍ഷത്തെ ആരോഗ്യ പദ്ധതിയുടെ ചോര്‍ന്ന് കിട്ടിയ രേഖകളെ ആധാരമാക്കിയുള്ള ഈ റിപ്പോര്‍ട്ടില്‍ പറയുന്നത് 2020 ല്‍ അന്നത്തെ ഹെല്‍ത്ത് സെക്രട്ടരി മാറ്റ് ഹാന്‍കോക്ക് കൊണ്ടു വന്ന പരിഷ്‌കരണങ്ങളില്‍ നിന്നുള്ള മലക്കം മറിച്ചിലാണ് പുതിയ പദ്ധതി എന്നാണ്.

ബ്രിട്ടണില്‍ കുടിയേറ്റക്കാരായ ഡോക്ടര്‍മാരെ ബാധിക്കുന്ന മറ്റൊരു പരിഷ്‌കാരം കൂടി വരുന്നു... ഇനി നിയമനങ്ങളില്‍ മുന്‍ഗണന യുകെയില്‍ പഠിച്ച ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക്; ഇതുവരെ നടപ്പിലാക്കിയത് വംശീയത ഇല്ലാതാക്കാനുള്ള ശുപാര്‍ശകളില്‍ മൂന്നിലൊന്നു മാത്രം

അതിനിടെ യു കെയില്‍ വംശീയ വിവേചനം ഇല്ലാതെയാക്കാന്‍ നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ ഇതുവരെ നടപ്പിലാക്കിയത് മൂന്നിലൊന്ന് മാത്രമെന്ന് റിപ്പോര്‍ട്ട്. ദി ഗാര്‍ഡിയന്‍ ആണ് ഈ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. ബ്ലാക് ലൈവ്‌സ് മാറ്റര്‍ പ്രതിഷേധങ്ങളുടെ അഞ്ചാം വാര്‍ഷികത്തിന് മുന്നോടിയായി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്, സര്‍ക്കാരിന് ലഭിച്ച നിര്‍ദ്ദേശങ്ങള്‍ വിദഗ്ധര്‍ വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണ്. അവഗണിച്ച നിര്‍ദ്ദേശങ്ങള്‍ കൂടി എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന ആവശ്യം ഇതോടെ ശക്തമാവുകയാണ്.

പല വിധത്തിലുള്ള തട്ടിപ്പുകള്‍ക്കും, കലാപങ്ങള്‍ക്കും പ്രതികരണമായ 1981 മുതല്‍ സര്‍ക്കാര്‍ കമ്മീഷന്‍ ചെയ്ത, വംശീയ അസമത്വവുമായി ബന്ധപ്പെട്ട 12 റിപ്പോര്‍ട്ടുകളാണ് വിദഗ്ധര്‍ വിശകലനം ചെയ്തത്. വിദ്യാഭ്യാസം, വ്യാപാരം, ആരോഗ്യം, ക്രിമിനല്‍ ജസ്റ്റില്‍ തുടങ്ങി നിരവധി മേഖലകളുമായി ബന്ധപ്പെട്ട് 600 ഓളം നിര്‍ദ്ദേശങ്ങളാണ് ഈ റിപ്പോര്‍ട്ടുകളിലെല്ലാം ആയി നല്‍കിയിരിക്കുന്നത്. അതില്‍ മൂന്നില്‍ ഒന്ന് താഴെ നിര്‍ദ്ദേശങ്ങള്‍ മാത്രമെ നടപ്പിലാക്കിയിട്ടുള്ളു എന്നാണ് ഗാര്‍ഡിയന്റെ വിശകലന റിപ്പോര്‍ട്ടില്‍ പറയുന്നത്. മറ്റ് ചിലത് പൂര്‍ണ്ണമായും ഒഴിവാക്കുകയോ, നിര്‍ദ്ദേശങ്ങള്‍ക്ക് നേര്‍ വിപരീതമായ നയം കൈക്കൊള്ളുകയോ ചെയ്തിട്ടുണ്ട്.

നടപ്പാക്കിയ നിര്‍ദ്ദേശങ്ങള്‍ തന്നെ ഭാഗിമായോ, സൂചകമായോ, പരിമിതമായോ അല്ലെങ്കില്‍ സ്ഥിരതയില്ലാതെയോ ആണ് നടപ്പിലാക്കിയിരിക്കുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അവയില്‍ പലതും ഫലം ചെയ്തുവോ എന്ന് കണ്ടെത്താന്‍ പോലും സാധിക്കാത്തരീതിയിലാണ് നടപ്പിലാക്കിയിരിക്കുന്നത്. എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ റിപ്പോര്‍ട്ടുകള്‍ കമ്മീഷന്‍ ചെയ്യുകയും അതിനു ശേഷം അവ അലമാരകള്‍ക്കുള്ളില്‍ അടച്ചു വയ്ക്കുകയുമാണെന്ന ആരോപണം ഇതോടെ ശക്തമാവുകയാണ്.