- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെമി ബാഡനോക്കിനെ ചുമന്നാല്‍ ടോറികള്‍ തോറ്റമ്പും; ബോറിസ് ജോണ്‍സണെ വീണ്ടും നേതാവാക്കാന്‍ നീക്കവുമായി പാര്‍ട്ടിക്കുള്ളില്‍ വിമത നീക്കം; ബ്രിട്ടണില്‍ രാഷ്ട്രീയ നീക്കങ്ങള്‍ സജീവം
ലണ്ടന്‍: ബ്രിട്ടണില്‍ കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് മുന്‍പില്‍ അടിപതറിയ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി, തദ്ദേശ തെരഞ്ഞെടുപ്പിലെ റിഫോം യു കെയുടെ കുതിച്ചു കയറ്റത്തെ തുടര്‍ന്ന് കൂടുതല്‍ തളര്‍ന്ന അവസ്ഥയിലാണ്. നിലവിലെ പാര്‍ട്ടി നേതാവ് കെമി ബേഡ്‌നോക്കിന്റെ നേതൃത്വത്തില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ പാര്‍ട്ടി അടപടലം പൊളിയുമെന്നാണ് പാര്‍ട്ടിക്കുള്ളില്‍ തന്നെ പലരുടെയും സംസാരം. ഇത് ഒഴിവാക്കാന്‍ ബോറിസ് ജോണ്‍സനെ വീണ്ടും നേതൃസ്ഥാനത്തേക്ക് കൊണ്ടു വരണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
ഈ മാസം ആദ്യം നടന്ന തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ കെമി ബേഡ്‌നോക്കിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി വളരെ മോശം പ്രകടനമായിരുന്നു കാഴ്ച വെച്ചത്. അറുന്നൂറോളം കൗണ്‍സിലര്‍മാരെ നഷ്ടമായി എന്ന് മാത്രമല്ല, പാര്‍ട്ടി നിയന്ത്രിച്ചിരുന്ന എല്ലാ കൗണ്‍സിലുകളുടെയും നിയന്ത്രണവും നഷ്ടപ്പെട്ടു. അടുത്തിടെ യു ഗോവ് നടത്തിയ അഭിപ്രായ സര്‍വ്വേയില്‍, റിഫോം യു കെയ്ക്കും, ലിബറല്‍ ഡെമോക്രാറ്റുകള്‍ക്കും പുറകിലായി നാലാം സ്ഥാനത്ത് എത്താന്‍ മാത്രമെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നുള്ളു.
കഴിഞ്ഞ നവംബറിലായിരുന്നു ബേഡ്‌നോക്ക് റോബര്‍ട്ട് ജെന്റിക്കിനെ പരാജയപ്പെടുത്തി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് എത്തുന്നത്. പാര്‍ട്ടി നിയമങ്ങള്‍ പ്രകാരം ഈ വര്‍ഷം നവംബര്‍ 2 വരെ ടോറി എം പിമാര്‍ക്ക് ഇവര്‍ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ, പാര്‍ട്ടിയെ ശക്തമാക്കാന്‍ മറ്റൊരു നേതാവിനെ എത്രയും പെട്ടെന്ന് കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നവര്‍ ബേഡ്‌നോക്കിനെ പുറത്താക്കാന്‍ മറ്റ് ബദല്‍ മാര്‍ഗ്ഗങ്ങള്‍ തേടുകയാണെന്ന റിപ്പോര്‍ട്ടും പുറത്തു വരുന്നുണ്ട്.
എന്നാല്‍, ബോറിസിന്റെ തിരിച്ചു വരവുണ്ടാകും എന്ന വാര്‍ത്തയെ കഴിഞ്ഞ ദിവസം ഒരു ടി വി അഭിമുഖത്തില്‍ ബേഡ്‌നോക്ക് തള്ളുകയായിരുന്നു. തനിക്ക് ബോറിസ് ജോണ്‍സനെ ഇഷ്ടമാണെന്നും ഇയാന്‍ ഡന്‍കന്‍ സ്മിത്തിനെ പോലെയും, ഡേവിഡ് കാമറൂണിനെ പോലെയും അദ്ദേഹവും തനിക്ക് ഉപദേശങ്ങള്‍ നല്‍കാറുണ്ടെന്നും ബേഡ്‌നോക്ക് പറഞ്ഞു. കീര്‍ സ്റ്റാര്‍മര്‍, ഇപ്പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ നാശങ്ങള്‍ ചെയ്യാതിരിക്കാതെ നോക്കുക എന്നതാണ് ഇപ്പോള്‍ തന്റെ ചുമതലയെന്നും, താന്‍ അത് ചെയ്യുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.