- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രംപിന്റെ തീരുമാനം ഏറെ കാലമായി കാത്തിരുന്ന സിറിയയുടെ പുനര്‍നിര്‍മാണത്തിനും വികസനത്തിനുമുള്ള വാതില്‍ തുറക്കും; സിറിയയുടെ സാമ്പത്തിക വ്യാപാര ഉപരോധങ്ങള്‍ പിന്‍വലിക്കുന്നത് സൗദിയുടെ ആവശ്യം പരിഗണിച്ച്; ആ നിര്‍ണ്ണായ ഉത്തരവില്‍ ട്രംപ് ഒപ്പിട്ടു; ലക്ഷ്യം സമാധാനമെന്ന് അമേരിക്ക; സിറിയയ്ക്ക് നല്ല കാലം വരുന്നു
വാഷിങ്ടന്‍: സിറിയയ്‌ക്കെതിരായ അമേരിക്കന്‍ ഉപരോധം അവസാനിപ്പിച്ചു. ഇതിനുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു. സാമ്പത്തിക വ്യാപാര ഉപരോധങ്ങള്‍ പൂര്‍ണ്ണമായും പിന്‍വലിച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ സിറിയയുടെ മുന്‍ പ്രസിഡന്റ് ബാഷാര്‍ അല്‍ അസദിനും കുടുംബത്തിനുമുള്ള ഉപരോധം തുടരും. യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന് യുഎസ് പ്രസ് സെക്രട്ടറി അറിയിച്ചു. ഉപരോധം അവസാനിപ്പിച്ച് ആഭ്യന്തരയുദ്ധത്തില്‍ തകര്‍ന്ന് സിറിയയെ പുനര്‍നിര്‍മിക്കാന്‍ വേണ്ട സഹായങ്ങള്‍ ചെയ്യുമെന്ന് മേയില്‍ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതാണ് യാഥാര്‍ത്ഥ്യമാകുന്നത്. മേയില്‍ സൗദി സന്ദര്‍ശനത്തിനിടെയാണ് വര്‍ഷങ്ങളായി സിറിയയ്‌ക്കെതിരെ യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതാണ് യഥാര്‍ത്ഥ്യമാകുന്നത്. 24 വര്‍ഷം സിറിയ അടക്കിവാണ ബഷാര്‍ അല്‍ അസദിന്റെ കാലത്താണ് സിറിയയ്ക്കെതിരെ യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയത്. സിറിയയില്‍ അപ്രതീക്ഷിത അട്ടിമറിയിലൂടെ 2024 ഡിസംബര്‍ എട്ടിനാണ് പ്രസിഡന്റ് ബഷാര്‍ അല്‍ അസദിനെ തുരത്തി വിമതസഖ്യം അധികാരം പിടിച്ചത്. അസദ് കുടുംബത്തിന്റെ അരനൂറ്റാണ്ടു പിന്നിട്ട ആധിപത്യത്തിനാണ് അതോടെ അന്ത്യമായത്.
ട്രംപിന്റെ തീരുമാനം ഏറെ കാലമായി കാത്തിരുന്ന സിറിയയുടെ പുനര്‍നിര്‍മാണത്തിനും വികസനത്തിനുമുള്ള വാതില്‍ തുറക്കുമെന്ന് സിറിയയുടെ വിദേശകാര്യ മന്ത്രി അസദ് അല്‍ ശിബാനി എക്‌സില്‍ കുറിച്ചു. ഈ നീക്കം സിറിയയെ സാമ്പത്തികമായി മുന്നോട്ടു കൊണ്ടുപോകാനും രാജ്യാന്തര സമൂഹത്തിനുമുന്നില്‍ രാജ്യത്തെ തുറന്നു കാട്ടാനുള്ള അവസരം സൃഷ്ടിക്കുമെന്നും പ്രതികരിച്ചു. സിറിയയുടെ ഇടക്കാല പ്രസിഡന്റ് അഹമ്മദ് അല്‍ ഷരായുമായി ട്രംപ് കൂടിക്കാഴ്ചയും നടത്തിയിരുന്നു. 25 വര്‍ഷത്തിനു ശേഷം ഇരുരാജ്യങ്ങളുടെയും തലവന്മാര്‍ തമ്മില്‍ നടന്ന കൂടിക്കാഴ്ച ചരിത്രമായിരുന്നു. രണ്ടായിരാമാണ്ടിലാണ് ഇതിന് മുമ്പ് അന്നത്തെ സിറിയന്‍ പ്രസിഡന്റ് ഹാഫിസ് അല്‍ അസദും അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണും തമ്മിലുള്ള ഉച്ചകോടി നടന്നത്. 54 വര്‍ഷം നീണ്ട അസദ് കുടുംബവാഴ്ച അട്ടിമറിച്ച വിമതസേനയെ നയിച്ച അബൂ മുഹമ്മദ് അല്‍ ജുലാനി എന്ന അല്‍ ഷാര ഇടക്കാല പ്രസിഡന്റായി, അമേരിക്ക ഭീകരവാദിയെന്ന് പ്രഖ്യാപിച്ചിട്ടുള്ള വ്യക്തി കൂടിയാണ് അദ്ദേഹം. കഴിഞ്ഞ ഡിസംബറില്‍ വിമതസേന രാജ്യം പിടിച്ചപ്പോള്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് റഷ്യയിലേക്ക് പലായനം ചെയ്യുകയായിരുന്നു.
മധ്യപൂര്‍വേഷ്യയിലെ ശാക്തിക ബലാബലത്തെ ഇത് മാറ്റിമറിക്കും. മധ്യപൂര്‍വേഷ്യയിലെ ഏറ്റവും പ്രമുഖ ശക്തികളായ ഇറാനും ഇസ്രയേലും അമേരിക്കന്‍ തീരുമാനത്തെ എങ്ങനെ എടുക്കുമെന്നതാണ് നിര്‍ണ്ണായകം. തുര്‍ക്കിക്കും ഇത് വെല്ലുവിളിയാണ്. സൗദി സന്ദര്‍ശനത്തിനിടെ സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ പുകഴ്ത്തിയ ട്രംപ് അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് ഉപരോധം നീക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നു. 1979 മുതല്‍ അമേരിക്കന്‍ ഉപരോധങ്ങള്‍ നേരിട്ടു വരികയാണ് സിറിയ. 2011 മുതല്‍ 2024 വരെയുള്ള ആഭ്യന്തര യുദ്ധകാലത്ത് പ്രതിഷേധസ്വരങ്ങളെ നിര്‍ദ്ദയമായി അടിച്ചമര്‍ത്തിയ ബാഷര്‍ അല്‍ അസദ് ഭരണകൂടത്തിനെതിരെ അമേരിക്ക ഉപരോധം ശക്തിപ്പെടുത്തി.
സിറിയയുടെ സാമ്പത്തിക രംഗവും സൈനിക സംവിധാനവും അവര്‍ക്ക് പിന്തുണ നല്‍കുന്നവരും ഉപരോധത്തിന് ഇരയായി. ഉപരോധം സിറിയയുടെ സമ്പദ്വ്യവസ്ഥയെ തകര്‍ക്കുകയും രാജ്യത്തെ മാനുഷിക പ്രതിസന്ധിക്ക് ആക്കം കൂട്ടുകയും ചെയ്തു. സിറിയന്‍ നേതാവ് അല്‍ ഷാരായെക്കുറിച്ച് ഇസ്രയേലിന് കടുത്ത സംശയങ്ങളുണ്ട്. പ്രധാനകാരണം അദ്ദേഹത്തിന്റെ ഭീകരവാദ പശ്ചാത്തലവും ഇസ്രയേല്‍ വിരുദ്ധ പ്രചാരണം നടത്തുന്ന എഛ്.ടി.എസിന്റെ ചരിത്രവുമാണ്. ഉപരോധം നീക്കുമ്പോള്‍ സിറിയ വീണ്ടും ഇസ്രയേല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയാവുമോയെന്ന സംശയം അവര്‍ക്കുണ്ട്.