- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യ അപ്പീലില്‍ വിജയിച്ചാല്‍ പോലും ഇവര്‍ക്ക് തിരികെ ബ്രിട്ടനില്‍ പ്രവേശിക്കാന്‍ ഇനിമുതല്‍ സാധിക്കില്ല; ബ്രിട്ടീഷ് പൗരത്വം നഷ്ടപ്പെട്ട ഭീകരവാദികള്‍ വീണ്ടും ബ്രിട്ടനില്‍ എത്താനുള്ള പഴുതടച്ച് പുതിയ നിയമം
ലണ്ടന്‍: ഭീകരവാദികള്‍ എന്ന് ആരോപിക്കപ്പെട്ട് ബ്രിട്ടീഷ് പൗരത്വം റദ്ദാക്കപ്പെട്ടവര്‍ ബ്രിട്ടനിലെക്ക് തിരികെ എത്തുന്നതിന് സഹായിക്കുന്ന നിയമത്തിലെ പിഴവുകള്‍ അടച്ചുകൊണ്ട് ഹോം ഓഫീസ് സമര്‍പ്പിച്ച പുതിയ ഭേദഗതി എം പിമാര്‍ അംഗീകരിച്ചു.
ആദ്യ അപ്പീലില്‍ വിജയിച്ചാല്‍ പോലും ഇവര്‍ക്ക് തിരികെ ബ്രിട്ടനില്‍ പ്രവേശിക്കാന്‍ ഇനിമുതല്‍ സാധിക്കില്ല. രാജ്യത്തെ സംരക്ഷിക്കുക എന്നത് വലിയൊരു ദൗത്യമാണെന്ന് എം പി മാരെ ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു സെക്യൂരിറ്റി മിനിസ്റ്റര്‍ ഡാന്‍ ജാര്‍വിസ് ഭേദഗതിയെ പിന്താങ്ങണമെന്ന് എം പിമാരോട് ആവശ്യപ്പെട്ടത്. ഡിപ്രിവിയേഷന്‍ ഓഫ് സിറ്റിസണ്‍ഷിപ് ഓര്‍ഡേഴ്സ് (ഇഫക്റ്റ് ഡ്യൂറിംഗ് അപ്പീല്‍) ബില്ലായിരുന്നു പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.
ഈ നിര്‍ദ്ദേശം പാര്‍ലമെന്റില്‍ അംഗീകരിച്ച് നിയമമായാല്‍, ഭീകരബന്ധത്തിന്റെ പേരില്‍ പൗരത്വം നഷ്ടപ്പെടുന്നവര്‍, ആ തീരുമാനത്തിനെതിരെ നല്‍കുന്ന ആദ്യ അപ്പീലില്‍ ജയിച്ചാല്‍ പോലും ഹോം ഡിപ്പാര്‍ട്ട്‌മെന്റ് അവസാന വഴിയും ശ്രമിക്കുന്നതു വരെ പൗരത്വം നല്‍കേണ്ടിവരില്ല. സര്‍ക്കാരിന്റെ ഏറ്റവും വലിയ ഉത്തരവാദിത്വം രാജ്യത്തിന്റെ സുരക്ഷയാണെന്നായിരുന്നു ബില്‍ അവതരിപ്പിച്ചുകൊണ്ട് ജാര്‍വിസ് പറഞ്ഞത്. നിലവിലെ നിയമമനുസരിച്ച്, അപ്പീലില്‍ വിജയിക്കുന്ന വ്യക്തിയെ ഇമിഗ്രേഷന്‍ ഡിറ്റന്‍ഷനില്‍ നിന്നും മോചിപ്പിക്കുകയും ബ്രിട്ടനില്‍ തിരികെയെത്താന്‍ അനുവദിക്കുകയും വേണം. അതിനു ശേഷം മാത്രമെ ഹോം ഓഫീസിന് മേല്‍ക്കോടതികളില്‍ അപ്പീല്‍ നല്‍കാനാവൂ.
എന്നാല്‍, ബില്ലിനെതിരെ പ്രതിഷേധങ്ങളും ഉയര്‍ന്നിട്ടുണ്ട്. മുന്‍ കണ്‍സര്‍വേറ്റീവ് ഹോം ഓഫീസ് മന്ത്രി കിറ്റ് മാള്‍ട്ട്ഹൗസാണ് എതിര്‍പ്പുമായി എത്തിയവരില്‍ പ്രമുഖന്‍. നീതിനിര്‍വ്വഹണത്തിന്റെ അടിസ്ഥാന തത്വങ്ങളെ ഹനിക്കുന്നതാണ് ഈ ബില്‍ എന്നാണ് മുന്‍ മന്ത്രി ആരോപിക്കുന്നത്. കുറ്റം തെളിയിക്കപ്പെടുന്നതുവരെ എല്ലാവരും നിരപരാധികളാണെന്ന തത്വം വിസ്മരിക്കപ്പെടുകയാണ് ഇവിടെ എന്നും മുന്‍ മന്ത്രി പറഞ്ഞു. അന്തിമ അപ്പീലില്‍ കുറ്റവാളിയായി വിധിക്കപ്പെടുന്നതുവരെ എല്ലാവരും നിരപരാധികളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.