ലണ്ടന്‍: കുടിയേറ്റ നിയമങ്ങളില്‍ വരുത്തുന്ന പരിഷ്‌കരണങ്ങളുമായി ബന്ധപ്പെട്ട് മെയ് 12 ന് സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കിയതിനു ശേഷം, അതില്‍ പരാമര്‍ശിച്ച മാറ്റങ്ങള്‍ ഇന്നലെ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ഇതിന്റെ ഭാഗമായി വിദേശ രാജ്യങ്ങളില്‍ നിന്നും കെയര്‍ വര്‍ക്കര്‍മാരെ കൊണ്ടു വരുന്നത് നിര്‍ത്തലാക്കും. അതിനു പുറമെ സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്ക് വിസ ലഭിക്കാന്‍ ആവശ്യമായ മിനിമം ശമ്പളവും മിനിമം യോഗ്യതയും ഇന്നലെ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച ബില്ലില്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇനി മുതല്‍ സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്ക് ചുരുങ്ങിയത് ഡിഗ്രി ലെവല്‍ വിദ്യാഭ്യാസം ആവശ്യമായി വരും. ഫലത്തില്‍ 111 തസ്തികകളില്‍ ഇനി വിദേശികള്‍ക്ക് അവസരം ലഭിക്കില്ല.

അതുപോലെ ബ്രിട്ടനിലേക്ക് സ്‌കില്‍ഡ് വര്‍ക്കര്‍ വിസയില്‍ എത്തുന്ന വിദേശ തൊഴിലാളികള്‍ക്ക് വിസ ലഭിക്കണമെങ്കില്‍ ചുരുങ്ങിയത് 41,700 പൗണ്ടെങ്കിലും ശമ്പളം ഉണ്ടായിരിക്കണം. നേരത്തേ ഇത് 38,700 പൗണ്ട് ആയിരുന്നു. ഡിഗ്രി തലത്തിനു താഴെ വിദ്യാഭ്യാസം ആവശ്യമായ ജോലികളുടെ കാര്യത്തില്‍ 2026 അവസാനം വരെ സമയബന്ധിതമായ രീതിയില്‍ ഒരു താത്ക്കാലിക ജോബ് ഷോര്‍ട്ടേജ് ലിസ്റ്റ് രൂപീകരിക്കും. സുപ്രധാനമായ അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വിദേശ തൊഴിലാളികളെ കൊണ്ടു വരുന്നതിന് ഇത് ഉപയോഗിക്കാം.

എന്നാല്‍, ഇത്താരത്തില്‍ വരുന്നവര്‍ക്ക് ബ്രിട്ടനിലേക്ക് ആശ്രിതരെ കൊണ്ടുവരാന്‍ കഴിയില്ല. മാത്രമല്ല, ശമ്പളത്തിന്റെ കാര്യത്തിലും വിസ ഫീസിലും ഇവര്‍ക്ക് ഇളവുകള്‍ ലഭിക്കുകയുമില്ല. സര്‍ക്കാരിന്റെ കുടിയേറ്റ ധവളപത്രത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന മാറ്റങ്ങളില്‍ ആദ്യമായി നടപ്പില്‍ വരുത്തുക ഈ മാറ്റങ്ങളായിരിക്കും. ബ്രിട്ടനിലേക്കെത്തുന്ന കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇത് പാര്‍ലമെന്റില്‍ പാസ്സാവുകയാണെങ്കില്‍ ജൂലായ് 22 മുതല്‍ നടപ്പില്‍ വരും.

അതിനിടയില്‍ കുടിയേറ്റം കാര്യക്ഷമമായി നിയന്ത്രിക്കുന്നതിനായി ഇമിഗ്രേഷന്‍ സിസ്റ്റത്തില്‍ സമൂലമായ പരിവര്‍ത്തനം കൊണ്ടുവരുമെന്ന് ഹോം സെക്രട്ടരി യുവെറ്റ് കൂപ്പര്‍ അറിയിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നെറ്റ് മൈഗ്രേഷന്‍ നാലിരട്ടിയായി വര്‍ദ്ധിച്ചുവെന്നും അവര്‍ കുറ്റപ്പെടുത്തി. പുതിയ ഭേദഗതികള്‍ കുടിയേറ്റ നിയമത്തില്‍ ഉണ്ടാവുന്നതോടെ കുടിയേറ്റം കാര്യക്ഷമമായി നിയന്ത്രിക്കാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു.

ധവളപത്രത്തിലെ, സ്‌കില്‍ഡ് വര്‍ക്കര്‍ വിസയ്ക്ക് ആവശ്യമായ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തിന്റെ നിലവാരം ഉയര്‍ത്തുന്നതുള്‍പ്പടെയുള്ള മറ്റ് നിര്‍ദ്ദേശങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെപ്രാബല്യത്തില്‍ വരുമെന്നാണ് കരുതപ്പെടുന്നത്. കുടിയേറ്റം കുറയ്ക്കുന്നതിനും ഇമിഗ്രേഷന്‍ സിസ്റ്റം ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാനും അതുപോലെ, കുറഞ്ഞ ശമ്പളത്തില്‍ വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നത് നിര്‍ത്തലാക്കാനും ഉദ്ദേശിച്ചാണ് ഈ പരിഷ്‌കാരങ്ങള്‍.

എന്നാല്‍, കെയര്‍വര്‍ക്കര്‍ വിസ നിര്‍ത്തലാക്കാനുള്ള ശ്രമം മേഖലയ്ക്ക് വലിയ തിരിച്ചടിയാകുമെന്നാണ് മേഖലയിലെ പ്രമുഖര്‍ ചൂണ്ടിക്കാണിക്കുന്നത്. വലിയൊരു പരിധിവരെ വിദേശ തൊഴിലാളികളെ ആശ്രയിച്ചാണ് കെയര്‍ മേഖല മുന്നോട്ട് പോകുന്നത്. അതുകൊണ്ടു തന്നെ ഇത്തരമൊരു തീരുമാനം മേഖലയെ സര്‍വ്വനാശത്തിന്റെ വക്കിലെത്തിക്കുമെന്ന് ജി എം ബി നാഷണല്‍ ഓഫീസര്‍ വില്‍ ഡാല്‍ട്ടന്‍ പറയുന്നു. നിലവില്‍ ഈ മേഖലയില്‍ രാജ്യവ്യാപകമായി 1,30,000 ഒഴിവുകളാണ് ഉള്ളത്.