- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഖാലിസ്ഥാന്‍ ഭീകരരെ നിലക്ക് നിര്‍ത്തണം; ഇന്ത്യയില്‍ തട്ടിപ്പ് നടത്തി മുങ്ങിയവരെ തിരിച്ചയക്കണം; കുടിയേറ്റ നിയമങ്ങളില്‍ ഇളവ് വേണം; ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള വ്യാപാര കരാര്‍ ഒപ്പിടാന്‍ ഇന്ന് മോദി ലണ്ടനില്‍ എത്തും; ബക്കിങ്ങാം കൊട്ടാരത്തില്‍ രാജാവിന്റെ വിരുന്ന്
ലണ്ടന്‍: ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പിടാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ലണ്ടനില്‍ എത്താനിരിക്കെ, ഖാലിസ്ഥാന്‍ തീവ്രവാദികളും അനുബന്ധ സംഘടനകളും ഉയര്‍ത്തുന്ന ഭീഷണി ഇന്ത്യയുടെ അജണ്ടയിലെ മുഖ്യ ഇനമാകുമെന്ന് സൂചന. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് ഇക്കാര്യം ഇന്നലെ വെളിപ്പെടുത്തിയത്. ഇത് നാലാം തവണയാണ് പ്രധാനമന്ത്രി മോദി ബ്രിട്ടന്‍ സന്ദര്‍ശിക്കുന്നത്.
ഇന്ന് ആരംഭിക്കുന്ന യു കെ, മാലിദ്വീപ് സന്ദര്‍ശനങ്ങള്‍ക്ക് മുന്നോടിയായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഒരു പ്രത്യേക പത്രസമ്മേളനം വിളിച്ചു ചേര്‍ത്തിരുന്നു. ഖാലിസ്ഥാന്‍ തീവ്രവാദികളുടെയും അവരുമായി ബന്ധപ്പെട്ട മറ്റ് സംഘങ്ങളുടെയും സാന്നിദ്ധ്യത്തെ കുറിച്ച് യു കെ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി പറഞ്ഞു.അത് തുടരുകയും ചെയ്യും. അതുപോലെ, ഇന്ത്യയില്‍ തട്ടിപ്പുകളും മറ്റ് കുറ്റകൃത്യങ്ങളും നടത്തി, ബ്രിട്ടനില്‍ അഭയം തേടിയവരെ തിരിച്ചയയ്ക്കുന്ന കാര്യവും ബ്രിട്ടനുമായി ചര്‍ച്ച ചെയ്തതായി അദ്ദേഹം പറഞ്ഞു. ഇവരെ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കണം എന്ന ആവശ്യത്തില്‍ ഇന്ത്യ കടുത്ത നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയും ബ്രിട്ടനുമായുള്ള ബന്ധം 2021 ല്‍ തന്ത്രപരമായ കൂട്ടുകെട്ടായി വളര്‍ന്നു എന്നും അതിനു ശേഷം ഉന്നത തല രാഷ്ട്രീയ യോഗങ്ങള്‍ ഉണ്ടാകാറുണ്ടെന്നും വിദേശകാര്യ സെക്രട്ടറി പത്രസമ്മേളനത്തില്‍ പറഞ്ഞു. ഈ കൂട്ടുകെട്ടിനെ ഇനിയും ദൃഢമാക്കാന്‍ ഇരു കക്ഷികളും ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറുടെ പ്രത്യേക ക്ഷണപ്രകാരമാണ് നരേന്ദ്ര മോദി ബ്രിട്ടന്‍ സന്ദര്‍ശിക്കുന്നത്. അതിനു ശേഷം അദ്ദേഹം മാലിദ്വീപും സന്ദര്‍ശിക്കും.
23, 24 തീയതികളിലായുള്ള സന്ദര്‍ശനത്തിനിടെ നരേന്ദ്ര മോദി, ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി ഉഭയകക്ഷി ബന്ധത്തെ കുറിച്ച് സമഗ്രമായ ചര്‍ച്ചകള്‍ നടത്തും. അതുപോലെ പ്രാദേശിക പ്രാധാന്യമുള്ളതും, ആഗോള പ്രാധാന്യമുള്ളതുമായ നിരവധി വിഷയങ്ങളും അവര്‍ തമ്മില്‍ ചര്‍ച്ച ചെയ്യും. ചാള്‍സ് രാജാവിനെയും ഇന്ത്യന്‍ പ്രധാനമന്ത്രി കാണും. വാണിജ്യം, സമ്പദ്വ്യവസ്ഥ, സാങ്കേതിക വിദ്യ, പ്രതിരോധം, രാജ്യ സുരക്ഷ, കാലാവസ്ഥ, ആരോഗ്യം, വിദ്യാഭ്യാസം എന്നീ വിഷയങ്ങളില്‍ ഊന്നിയുള്ള കോമ്പ്രഹെന്‍സീവ് സ്ട്രാറ്റജിക് പാര്‍ട്ട്ണര്‍ഷിപ്പു (സി എസ് പി) മായി ബന്ധപ്പെട്ട വിപുലമായ ചര്‍ച്ചകളും ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ നടക്കും.
വിദേശയാത്രയുടെ രണ്ടാം ഘട്ടത്തില്‍, മാലിദ്വീപ് പ്രസിഡണ്ട് ഡോ. മൊഹമ്മദ് മുയിസുവിന്റെ ക്ഷണ പ്രകാരം മോദി മാലിദ്വീപ് സന്ദര്‍ശിക്കും. 25, 26 തീയതികളിലായിരിക്കും മാലിദ്വീപ് സന്ദര്‍ശനം. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഇത്തവണത്തെ ബ്രിട്ടീഷ് സന്ദര്‍ശനത്തിനിടയില്‍, ഇന്തോ - ബ്രിട്ടീഷ് സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് സാധ്യമായാല്‍ കയറ്റുമതി രംഗത്ത് ഇന്ത്യയ്ക്ക്, പ്രത്യേകിച്ചും ടക്സ്റ്റൈല്‍സ്, തുകല്‍, എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിയില്‍ വന്‍ കുതിപ്പ് ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.