മാസ് തടവറയില്‍ ബന്ദിയായ എവ്യാതര്‍ ഡേവിഡിനെ കൊണ്ട് സ്വന്തം ശവക്കുഴി എടുപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നത് ലോകമനസാക്ഷിയെ തന്നെ ഞെട്ടിച്ചിരുന്നു. എവ്യാതറിന്റെ അമ്മയായ ഗലിയ ഡേവിഡ് മകന്റെ ദുരവസ്ഥയെ കുറിച്ച് എല്ലാവര്‍ക്കുമായി ഒരു സന്ദേശം നല്‍കിയിരിക്കുകയാണ്. ദൃശ്യങ്ങള്‍ പുറത്തു വന്നതിന് ശേഷം അവര്‍ വീട് വിട്ടു പോയതായിട്ടാണ് റിപ്പോര്‍ട്ട്. തന്റെ മകന്‍ അവുഭവിക്കുന്ന ക്രൂരമായ പീഡനം ലോകം കാണണം എന്നാണ് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മകനെ ഹമാസ് ഭീകരര്‍ തട്ടിക്കൊണ്്ട പോയതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി അവര്‍ കടുത്ത മനാസിക സംഘര്‍ഷത്തിലൂടെയാണ് കടന്നു പോയത്. എവ്യാതറിനേയും ഒപ്പമുണ്ടായിരുന്ന മറ്റൊരു ചെറുപ്പക്കാരനേയും തടവിലാക്കിയ ആദ്യയാഴ്ച തന്നെ ഭീകരര്‍ അതിക്രൂരമായി പീഡിപ്പിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ചില ബന്ദികളെ മോചിപ്പിച്ച ഘട്ട്ത്തിലാണ് എവ്യാതര്‍ ജീവിച്ചിരിപ്പുണ്ട് എന്ന കാര്യം ഉറപ്പായത്. തന്റെ മകനെ ഇപ്പോള്‍ കണ്ടാല്‍ അസ്ഥികൂടം പോലെയിരിക്കുന്നു എന്നാണ് ഗലിയ പറയുന്നത്. ഇപ്പോള്‍ നടക്കുന്നത് അതിക്രൂരമായ പീഡനമാണ് എന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.

ഒരു നൃത്തപരിശീലകയായി ജോലി നോക്കുകയാണ് ഗാലിയ. മകന്റെ വീഡിയോ ആരേയും പിടിച്ചുകുലുക്കുന്നതാണ് എന്നാണ് അവര്‍ പറയുന്നത്. സാധാരണയായി ഹമാസില്‍ നിന്ന് ഇത്തരം വീഡിയോകള്‍ പുറത്തുവരുമ്പോള്‍, മുഖ്യധാരാ മാധ്യമങ്ങള്‍ അവ സംപ്രേഷണം ചെയ്യുന്നതിനുമുമ്പ് കുടുംബാംഗങ്ങളുടെ അനുമതി തേടാറുണ്ട്. ബന്ദികള്‍ എങ്ങനെ കഷ്ടപ്പെടുന്നുവെന്ന് ലോകം മനസ്സിലാക്കാനാണ് വീഡിയോ പുറത്തു വിടാന്‍ കുടുബം തീരുമാനിച്ചതെന്നാണ് ഗാലിയ പറയുന്നത്.

ഇവിടെ ആരാണ് ക്രൂരന്‍, ആരാണ് നമ്മുടെ കുട്ടികളെ മാത്രമല്ല, ഗാസയിലെ ജനങ്ങളെയും ദുരുപയോഗം ചെയ്യുന്നത് എന്ന് ലോകം മനസിലാക്കണം എന്നും അവര്‍ ചൂണ്ടിക്കാട്ടി. ലോകത്തിലെ എല്ലാവരും ഈ ചിത്രം കാണണമെന്നു ഗലിയ ആവശ്യപ്പെട്ടു. എവ്യാതറിനൊപ്പം ഹ്‌മാസ് തട്ടിക്കൊണ്ട് പോയ ഗൈ ഗില്‍ബുവ ദലാലിന്റെ അച്ഛന്‍ ഫലസ്തീന്‍ രാഷ്ട്രത്തിന് പിന്തുണ നല്‍കാനുള്ള ഫ്രാന്‍സിന്റയും ബ്രിട്ടന്റെയും നീക്കത്തോട് ശക്തമായി വിയോജിപ്പ് രേഖപ്പെടുത്തി.

ദലാലും എവ്യാതറും അടുത്ത സുഹൃത്തുക്കളാണ്. ഇതാണ് ഇവരുടെ സ്ഥിതി എങ്കില്‍ രണ്ട് പേരും ഏതാനും ആഴ്ച കൂടി മാത്രമേ ജീവിച്ചിരിക്കാന്‍ സാധ്യതയുള്ളൂ എന്നാണ് വീട്ടുകാര്‍ ഭയപ്പെടുന്നത്.