ന്യുയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിനും നേരിട്ട് ചര്‍ച്ച നടത്തും. യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌ക്കിയേയും പങ്കെടുപ്പിക്കാന്‍ നീക്കം. യുക്രൈന്‍ റഷ്യ യുദ്ധം പരിഹരിക്കുന്നിതനൊപ്പം ഇന്ത്യക്കെതിരായ ട്രംപിന്റെ തീരുവ യുദ്ധത്തിലും ഇതിലൂടെ മഞ്ഞുരുകാനാണ് സാധ്യതയെന്നാണ് വിലയിരുത്തപ്പെടുന്നത്. അടുത്തയാഴ്ച തന്നെ ട്രംപ് പുട്ടിന്‍ കൂടിക്കാഴ്ച നടക്കുമെന്നാണ് കരുതപ്പെടുന്നത്. ഇന്നലെ യൂറോപ്യന്‍ നേതാക്കളുമായി നടത്തിയ ഫോണ്‍ ചര്‍ച്ചയില്‍ ട്രംപ് ഇക്കാര്യം പങ്കുവെച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ട്രംപിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്കോഫ് നേരത്തെ പുടിനുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ പുടിനും സെലെന്‍സ്‌കിയും ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സമ്മതിച്ചോ എന്ന കാര്യം വ്യക്തമല്ല.

അവര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും എന്നാല്‍ എവിടെയാണ് ചര്‍ച്ച നടത്തേണ്ടത് എന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെന്നും ട്രംപ് വ്യക്തമാക്കി. വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറയുന്നത് പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ച നടത്താന്‍ റഷ്യക്കാര്‍ ആഗ്രഹം പ്രകടിപ്പിച്ചു എന്നും പുടിനുമായും സെലെന്‍സ്‌കിയുമായും കൂടിക്കാഴ്ച നടത്താന്‍ ട്രംപ് തയ്യാറാണ് എന്നുമാണ്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ താന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ ഉടന്‍ തന്നെ റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ യുദ്ധം അവസാനിച്ചില്ല എന്ന് മാത്രമല്ല റഷ്യ യുക്രൈന് നേര്‍ക്ക് അതിശക്തമായ രീതിയില്‍ ആക്രമണം തുടരുകയുമാണ്. കഴിഞ്ഞ മാസം പുട്ടിന് ചര്‍ച്ചയില്‍ പങ്കെടുക്കാനും വെടിനിര്‍ത്തലിന് സമ്മതിക്കാനും 50 ദിവസത്തെ സമയം നല്‍കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.

ഇല്ലെങ്കില്‍ റഷ്യയ്ക്ക് കൂടുതല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും എന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. സ്‌കോട്ട്ലന്‍ഡിലേക്കുള്ള യാത്രയ്ക്കിടെ ട്രംപ് ആ കാലയളവ് വെറും 10 ദിവസമായി ചുരുക്കിയിരുന്നു. തന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്കോഫ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി വളരെ ഫലപ്രദമായ ഒരു കൂടിക്കാഴ്ച നടത്തിയതായും അക്കാര്യത്തില്‍ വലിയ പുരോഗതി കൈവരിച്ചതായും ട്രംപ് വ്യക്തമാക്കി. 2018 നവംബറില്‍ ബ്യൂണസ് ഐറിസില്‍ നടന്ന ജി 20 ഉച്ചകോടിക്കിടെ അനൗപചാരിക സംഭാഷണത്തില്‍ ഏര്‍പ്പെട്ടതിനുശേഷം ട്രംപ് പുട്ടിനെ നേരിട്ട് കണ്ടിട്ടില്ല. ഉക്രെയ്ന്‍ സംഘര്‍ഷങ്ങളെച്ചൊല്ലി ട്രംപ് പുടിനുമായുള്ള ഔദ്യോഗിക ജി 20 കൂടിക്കാഴ്ച റദ്ദാക്കിയതിന് ശേഷമാണ് സംഭാഷണം നടന്നത്.