- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദക്ഷിണ ചൈനാക്കടലില്‍ വീണ്ടും സംഘര്‍ഷം; ഫിലിപ്പീന്‍സിന്റെ പട്രോളിംഗ് ബോട്ടിനെ പിന്തുടരുന്നതിനിടെ നാടകീയ സംഭവങ്ങള്‍; ചൈനീസ് നാവിക, കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍ കൂട്ടിയിടിച്ചു
ദക്ഷിണ ചൈനാക്കടലില്‍ വീണ്ടും സംഘര്‍ഷം
മനില: ദക്ഷിണ ചൈനാക്കടലില്‍ സംഘര്‍ഷം. ഫിലിപ്പീന്‍സിന്റെ പട്രോളിംഗ് ബോട്ടിനെ പിന്തുടരുന്നതിനിടെ ചൈനയുടെ നാവികസേനാ യുദ്ധക്കപ്പലും കോസ്റ്റ് ഗാര്‍ഡ് കപ്പലും തമ്മില്‍ കൂട്ടിയിടിച്ചു. തര്‍ക്കപ്രദേശമായ സ്‌കാര്‍ബറോ ഷോളിന് സമീപമാണ് അപകടമുണ്ടായതെന്ന് ഫിലിപ്പീന്‍സ് കോസ്റ്റ് ഗാര്‍ഡ് (പിസിജി) അറിയിച്ചു.
പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് സഹായവിതരണം നടത്തുന്ന ബോട്ടുകള്‍ക്ക് സുരക്ഷ നല്‍കുകയായിരുന്ന ബിആര്‍പി സുലുവാന്‍ എന്ന ഫിലിപ്പീന്‍സ് കപ്പലിനെയാണ് ചൈനീസ് കോസ്റ്റ് ഗാര്‍ഡിന്റെ '3104' എന്ന കപ്പല്‍ അതിവേഗത്തില്‍ പിന്തുടര്‍ന്നത്. ഫിലിപ്പീന്‍സ് കപ്പലിന്റെ വലതുവശത്തുകൂടി അപകടകരമായ രീതിയില്‍ മറികടക്കാനുള്ള ചൈനീസ് കോസ്റ്റ് ഗാര്‍ഡ് കപ്പലിന്റെ ശ്രമം, ഒപ്പമുണ്ടായിരുന്ന പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പിഎല്‍എ) നാവികസേനാ യുദ്ധക്കപ്പലില്‍ ചെന്നിടിച്ചാണ് അവസാനിച്ചത്.
കൂട്ടിയിടിയുടെ ആഘാതത്തില്‍ കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ കടലില്‍ യാത്ര ചെയ്യാന്‍ കഴിയാത്ത വിധം തകര്‍ന്നു എന്ന് പിസിജി വക്താവ് കമ്മഡോര്‍ ജേ ടാരിയേലയുടെ പറഞ്ഞു. അപകടത്തിന് തൊട്ടുമുമ്പ് കപ്പലിന്റെ മുന്‍ഭാഗത്തുണ്ടായിരുന്ന ചൈനീസ് ജീവനക്കാരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വ്യക്തതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫിലിപ്പീന്‍സിന്റെ പ്രധാന ദ്വീപായ ലുസോണില്‍ നിന്ന് ഏകദേശം 140 മൈല്‍ കിഴക്കായും ഹോങ്കോങ്ങില്‍ നിന്ന് 500 മൈലിലധികം തെക്കുകിഴക്കായും സ്ഥിതി ചെയ്യുന്ന സ്‌കാര്‍ബറോ ഷോളിന് മേല്‍ ചൈനയും ഫിലിപ്പീന്‍സും ഒരുപോലെ അവകാശവാദം ഉന്നയിക്കുന്നുണ്ട്. ദക്ഷിണ ചൈനാക്കടലിലെ തര്‍ക്കപ്രദേശങ്ങളില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയാണ് അപകടം.