സിയോൾ: ദക്ഷിണ കൊറിയയുടെ അതിർത്തിയിൽ സ്ഥാപിച്ചിരുന്ന പ്രചാരണ സ്പീക്കറുകൾ നീക്കം ചെയ്തെന്ന അവകാശവാദം ഉത്തരകൊറിയ തള്ളി. ദക്ഷിണ കൊറിയ തെറ്റിദ്ധാരണ സൃഷ്ടിക്കുകയാണെന്ന് കിം ജോങ് ഉന്നിന്റെ സഹോദരിയും ഉത്തരകൊറിയയുടെ ശക്തയായ നേതാവുമായ കിം യോ ജോങ് ആരോപിച്ചു. വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, വ്യാഴാഴ്ച ഔദ്യോഗിക വാർത്താ ഏജൻസിയായ കെ.സി.എൻ.എ വഴി പുറത്തിറക്കിയ പ്രസ്താവനയിലാണ് കിം യോ ജോങ് ഇക്കാര്യം വ്യക്തമാക്കിയത്. ദക്ഷിണ കൊറിയയുടെ സൈനിക വിഭാഗം നടത്തിയ അവകാശവാദം "യാതൊരു അടിസ്ഥാനവുമില്ലാത്തതും ശ്രദ്ധ തിരിച്ചുവിടാനുള്ള" ശ്രമവുമാണെന്ന് അവർ പറഞ്ഞു.

അതിർത്തിയിൽ സ്ഥാപിച്ചിട്ടുള്ള സ്പീക്കറുകൾ ഞങ്ങൾ ഇതുവരെ നീക്കം ചെയ്തിട്ടില്ല, അവ നീക്കം ചെയ്യാൻ ഉദ്ദേശിക്കുന്നുമില്ല," കിം യോ ജോങ് കൂട്ടിച്ചേർത്തു. പ്യോങ്‌യാങ്ങിനോടുള്ള പുതിയ നയങ്ങൾ മെച്ചപ്പെടുത്തി പൊതുജനാഭിപ്രായം രൂപപ്പെടുത്താനുള്ള ദക്ഷിണ കൊറിയയുടെ ശ്രമമാണിതെന്നും അവർ കുറ്റപ്പെടുത്തി.

"നമ്മൾ അവരുടെ നടപടികളോട് പ്രതികരിക്കുകയാണെങ്കിൽ അത് അവർക്ക് നല്ലതാകും, പ്രതികരിച്ചില്ലെങ്കിൽ പോലും അവരുടെ 'സമാധാന ശ്രമങ്ങൾ' പ്രതിഫലിക്കുമെന്നും, സംഘർഷം വർദ്ധിപ്പിച്ചതിന്റെ ഉത്തരവാദിത്തം ഉത്തരകൊറിയയുടെ മേൽ കെട്ടിവെച്ച് ലോക പിന്തുണ നേടാമെന്നുമാണ് അവരുടെ വ്യാമോഹം," കിം യോ ജോങ് പറഞ്ഞു. ഇത്തരം തന്ത്രങ്ങൾ "വെറും സ്വപ്നം" മാത്രമാണെന്നും അവയിൽ തങ്ങൾക്ക് യാതൊരു താൽപ്പര്യവുമില്ലെന്നും അവർ കൂട്ടിച്ചേർത്തു.

"ദക്ഷിണ കൊറിയ തങ്ങളുടെ സ്പീക്കറുകൾ പിൻവലിച്ചാലും ഇല്ലെങ്കിലും, പ്രക്ഷേപണം നിർത്തിയെന്നോ സൈനിക അഭ്യാസങ്ങൾ മാറ്റിവെച്ചെന്നോ ലഘൂകരിച്ചെന്നോ ഉള്ള കാര്യങ്ങളിൽ ഞങ്ങൾക്ക് യാതൊരു താൽപ്പര്യവുമില്ല," അവർ പറഞ്ഞു. "ഈ നാടകീയമായ, വഞ്ചനാപരമായ പ്രകടനം ഇനി ആകർഷകമല്ല."

ദക്ഷിണ കൊറിയയുടെ ഏകീകരണ മന്ത്രാലയം കിം യോ ജോങ്ങിന്റെ ആരോപണങ്ങൾക്ക് നേരിട്ട് മറുപടി നൽകിയില്ല. എങ്കിലും, ഇരു കൊറിയകൾ തമ്മിലുള്ള ബന്ധങ്ങൾ "സാധാരണ നിലയിലാക്കാനും സ്ഥിരപ്പെടുത്താനുമുള്ള" ശ്രമങ്ങൾ തുടരുമെന്ന് മന്ത്രാലയം അറിയിച്ചു.

ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് കഴിഞ്ഞ ശനിയാഴ്ചയാണ് ഉത്തരകൊറിയ അതിർത്തിയിലെ ചില സ്പീക്കറുകൾ നീക്കം ചെയ്തതായി അറിയിച്ചത്. ഇരു രാജ്യങ്ങൾക്കിടയിൽ സ്പീക്കർ യുദ്ധം നിലനിൽക്കുന്ന സാഹചര്യത്തിൽ, ദക്ഷിണ കൊറിയയുടെ അവകാശവാദങ്ങളെ ഉത്തരകൊറിയ നിഷേധിച്ചത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ദക്ഷിണ കൊറിയയുടെ സമാധാന ശ്രമങ്ങളോട് ഉത്തരകൊറിയ ക്രിയാത്മകമായി പ്രതികരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വാക്ക് യുദ്ധത്തിന് കാരണമായ ഉച്ചഭാഷിണികൾ അതിർത്തിയിൽ നിന്ന് നീക്കം ചെയ്യുന്ന പ്രക്രിയ ശനിയാഴ്ച ആരംഭിച്ചു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ദക്ഷിണ കൊറിയ അതിന്റെ വശത്തുള്ള ഉച്ചഭാഷിണികൾ പൂർണ്ണമായും നീക്കം ചെയ്തു. പ്രതികരണമായി, ഇപ്പോൾ ഉത്തരകൊറിയയും അത് പിന്തുടരുകയാണ്. ശനിയാഴ്ച രാവിലെ മുതൽ അതിർത്തിയിലെ ചില പ്രദേശങ്ങളിൽ ഉത്തരകൊറിയൻ സൈന്യം ഉച്ചഭാഷിണികൾ നീക്കം ചെയ്യുന്നത് കണ്ടെത്തിയതായി ദക്ഷിണ കൊറിയയുടെ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് (ജെസിഎസ്) ഒരു പ്രസ്താവനയിൽ പറഞ്ഞു.

ജൂണിൽദക്ഷിണ കൊറിയൻ പ്രസിഡന്റായി ലീ ജെയ്-മ്യുങ് അധികാരമേറ്റതിനുശേഷം, അദ്ദേഹം ഉത്തരകൊറിയയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ശ്രമിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി, ജൂൺ 11 ന് ഉത്തരകൊറിയയെ വിമർശിക്കുന്ന പ്രചാരണ സംപ്രേക്ഷണങ്ങൾ അദ്ദേഹം നിർത്തിവച്ചു. മുൻ യാഥാസ്ഥിതിക യൂൻ സുക്-യോൾ സർക്കാരിന്റെ കാലത്ത് ഉത്തരകൊറിയ ആയിരക്കണക്കിന് മാലിന്യ ബലൂണുകൾ അയച്ചതിന് ശേഷം, ആറ് വർഷത്തിന് ശേഷം ദക്ഷിണ കൊറിയ അതിന്റെ ഉച്ചഭാഷിണി പ്രചാരണം പുനരാരംഭിച്ചു. എന്നാൽ , നിലവിലെ സർക്കാർ പിരിമുറുക്കം കുറയ്ക്കുന്നതിനാണ് മുൻഗണന നൽകുന്നത്.

ഉച്ചഭാഷിണി പ്രക്ഷേപണം നിർത്തുന്നതിനു പുറമേ, ഉത്തരകൊറിയയ്‌ക്കെതിരെ ലഘുലേഖകൾ അയയ്ക്കരുതെന്ന് പ്രസിഡന്റ് ലീ പൗര സംഘടനകളോട് അഭ്യർത്ഥിച്ചു. ഈ സമാധാനപരമായ നടപടികൾ ഉത്തരകൊറിയയുമായുള്ള ചർച്ചകൾക്ക് വഴിയൊരുക്കുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. കൂടാതെ, ദക്ഷിണ കൊറിയ അമേരിക്കയുമായി നടത്തുന്ന വാർഷിക ‘ഉൾച്ചി ഫ്രീഡം ഷീൽഡ്’ സൈനികാഭ്യാസത്തിന്റെ വ്യാപ്തിയും കുറച്ചിട്ടുണ്ട്. ഈ അഭ്യാസങ്ങളോട് ഉത്തരകൊറിയ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഈ തീരുമാനം.

നിലവിൽ , അതിർത്തിയിലെ എല്ലാ പ്രദേശങ്ങളിൽ നിന്നും ഉത്തരകൊറിയ ഈ സ്പീക്കറുകൾ നീക്കം ചെയ്യുമോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല, കൂടാതെ ഉത്തരകൊറിയൻ സൈനിക നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ദക്ഷിണകൊറിയൻ സൈന്യം അറിയിച്ചു.