അലാസ്‌ക: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മില്‍ നടന്ന ഉന്നതതല ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത് അതിനാടകീയ നിമിഷങ്ങളോടെ. ആഗോള ശ്രദ്ധ നേടിയ ഈ കൂടിക്കാഴ്ചയില്‍, ട്രംപ് ആസൂത്രണം ചെയ്ത ഞെട്ടിക്കുന്ന 'പവര്‍ പ്ലേ'യില്‍ റഷ്യന്‍ പ്രസിഡന്റ് പുടിന്‍ അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിച്ചുപോയത് കൗതുകകരമായി. 2018-ന് ശേഷമുള്ള ഇരു നേതാക്കളുടെയും ആദ്യ മുഖാമുഖത്തില്‍, ട്രംപിന്റെ സൈനിക ശക്തിപ്രകടനവും പുടിന്‍ കണ്ടു.

അലാസ്‌കയിലെ ജോയിന്റ് ബേസ് എല്‍മെന്‍ഡോര്‍ഫ്-റിച്ചാര്‍ഡ്സണില്‍ ട്രംപ് പുടിനെ അഭിവാദ്യം ചെയ്തതിന് തൊട്ടുപിന്നാലെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഇരുവരും ട്രംപിന്റെ വാഹനവ്യൂഹത്തിന് നേരെ നടക്കവെ, ഒരു ബി-2 ബോംബറും നാല് എഫ്-35 ഫൈറ്റര്‍ ജെറ്റുകളും ആകാശത്തേക്ക് പറന്നുയര്‍ന്നു. ലോകത്തിലെ ഏറ്റവും ആധുനിക യുദ്ധവിമാനങ്ങളിലൊന്നായ ബി-2 ബോംബറിന്റെയും ഫൈറ്റര്‍ ജെറ്റുകളുടെയും അപ്രതീക്ഷിത ശബ്ദവും കാഴ്ചയും പുടിനെ ഞെട്ടിച്ചു. അദ്ദേഹം നടത്തം നിര്‍ത്തി ആകാശത്തേക്ക് നോക്കി. എന്നാല്‍, ട്രംപ് ഈ സൈനിക പ്രകടനത്തില്‍ ഒരു കൂസലുമില്ലാതെ, കയ്യടിച്ച് ആഘോഷിക്കുകയായിരുന്നു. ട്രംപിന്റെ വാഹനമായ 'ബീസ്റ്റില്‍' പുടിന്‍ യാത്ര തുടര്‍ന്നതും ശ്രദ്ധേയമായി. സാധാരണ സ്വന്തം വാഹനവ്യൂഹത്തില്‍ യാത്ര ചെയ്യുന്ന പുടിന്‍ ട്രംപിനൊപ്പം വാഹനത്തില്‍ ചിരിച്ച മുഖത്തോടെയാണ് നീങ്ങിയത്.

യുക്രൈനിലെ രക്തരൂഷിതമായ യുദ്ധത്തിന് അന്ത്യം കാണാനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്യാനാണ് ട്രംപും പുടിനും അലാസ്‌കയില്‍ കണ്ടുമുട്ടിയത്. ചര്‍ച്ചയില്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, യുഎസ് അംബാസഡര്‍ സ്റ്റീവ് വിറ്റ്കോഫ് എന്നിവര്‍ ട്രംപിനൊപ്പമുണ്ടായിരുന്നു. ചര്‍ച്ചയില്‍ ധാരണയിലെത്താനായില്ലെങ്കില്‍ അതിവേഗം ഉച്ചകോടിയില്‍ നിന്ന് പിന്‍വാങ്ങുമെന്ന് ട്രംപ് നേരത്തെ ഫോക്‌സ് ന്യൂസിനോട് പറഞ്ഞിരുന്നു. എന്നാല്‍ അതൊന്നും സംഭവിച്ചില്ല. ചര്‍ച്ച പ്രതീക്ഷ നല്‍കുന്നതെന്നായിരുന്നു ട്രംപ് പറഞ്ഞത്. എന്നാല്‍ ഉച്ചകോടിയില്‍ അന്തിമ തീരുമാനം ഉണ്ടായില്ല. ലോകരാഷ്ട്രീയത്തിലെ അതിശക്തനായ നേതാവായി അറിയപ്പെടുന്ന പുടിന്‍, ട്രംപിന്റെ ഈ തന്ത്രപരമായ സൈനിക നീക്കത്തില്‍ ഒരു നിമിഷത്തേക്കെങ്കിലും പതറിപ്പോയത് നിരീക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. കരുത്തിന്റെയും പ്രവചനാതീതത്വത്തിന്റെയും പ്രതിച്ഛായയുള്ള പുടിന്‍, ട്രംപിനേയും സൈനിക നീക്കങ്ങള്‍ ഞെട്ടിച്ചുവെന്നതാണ് വസ്തുത.

കനത്തസുരക്ഷാവലയത്തിലാണ് ട്രംപ്-പുതിന്‍ ഉച്ചകോടി നടന്നത്. ചര്‍ച്ചനടക്കുന്ന മുറിക്കുപുറത്ത് തുല്യഎണ്ണം യുഎസ്-റഷ്യന്‍ സുരക്ഷാ ഏജന്റുമാര്‍ നിലയുറപ്പിച്ചിരുന്നു. യുക്രൈന്‍ യുദ്ധമവസാനിപ്പിക്കാനുള്ള സമാധാനവാതില്‍ തുറന്നേക്കുമെന്ന പ്രത്യാശയോടെ പുറപ്പെടുംമുന്‍പ് 'ഏറെ നിര്‍ണായകം' എന്ന് ട്രംപ് ട്രൂത്ത് സോഷ്യല്‍ കുറിച്ചിരുന്നു. ചര്‍ച്ച അനുകൂലമല്ലാതിരിക്കാനുള്ള സാധ്യത 25 ശതമാനമേയുള്ളൂവെന്ന് ട്രംപ് നേരത്തേ പറഞ്ഞിരുന്നു. ഒരുകാലത്ത് റഷ്യയുടെ ഭാഗമായിരുന്ന, നിലവില്‍ യുഎസ് സംസ്ഥാനമായ അലാസ്‌കയിലേക്ക് വാഷിങ്ടണില്‍നിന്ന് ഏഴുമണിക്കൂര്‍ യാത്രയുണ്ട്. ആറുവര്‍ഷത്തിനുശേഷമാണ് ട്രംപും പുടിനും നേരില്‍ ചര്‍ച്ചനടത്തുന്നത്. റഷ്യയുടെ കര അതിര്‍ത്തിയില്‍നിന്ന് ബെറിങ് കടലിടുക്കുവഴി അലാസ്‌കയിലേക്ക് 90 കിലോമീറ്റര്‍ ദൂരമേയുള്ളൂ.

പഴയസോവിയറ്റ് യൂണിയനെ അനുസ്മരിപ്പിച്ചുകൊണ്ട് 'യുഎസ്എസ്ആര്‍' എന്നെഴുതിയ ടി ഷര്‍ട്ട് ധരിച്ചാണ് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗെയി ലാവ്റോവ് അലാസ്‌കയിലെത്തിയത്. 1922 മുതല്‍ 1991 വരെ യുഎസ്എസ്ആറിന്റെ ഭാഗമായിരുന്നു യുക്രൈന്‍. റഷ്യന്‍ സാമ്രാജ്യം വിപുലീകരിക്കുകയെന്ന പുതിന്റെ 'ഗ്രേറ്റര്‍ റഷ്യ' അജന്‍ഡയുമായി ചേര്‍ത്തുവായിക്കേണ്ട പ്രകോപനപരമായ സൂചനയാണിതെന്ന് വിലയിരുത്തപ്പെട്ടിരുന്നു. യുക്രൈന്‍ യുദ്ധമവസാനിപ്പിക്കാന്‍ ഊര്‍ജസ്വലമായ ശ്രമമാണ് നടത്തുന്നതെന്നു പറഞ്ഞ് പുതിന്‍ ബുധനാഴ്ച ട്രംപിനെ പുകഴ്ത്തിയിരുന്നു. യുദ്ധം തുടങ്ങിയശേഷമുള്ള പുടിന്റെ പാശ്ചാത്യരാജ്യങ്ങളിലേക്കുള്ള ആദ്യ സന്ദര്‍ശനമാണിത്. യുഎസിലേക്ക് 10 വര്‍ഷത്തിനിടെ ആദ്യത്തേതും. യുദ്ധത്തിന്റെപേരില്‍ അന്താരാഷ്ട്രകോടതിയുടെ അറസ്റ്റുവാറന്റ് നേരിടുന്നതിനാല്‍ സഖ്യകക്ഷികളായ രാജ്യങ്ങളിലല്ലാതെ പുടിന്‍ പോയിട്ടില്ല.

ട്രംപും പുടിനും ഉപദേശകരില്ലാതെ അടച്ചിട്ട മുറിയില്‍ ഒറ്റയ്ക്ക് ചര്‍ച്ച നടത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ അതുണ്ടായില്ല. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുടിനും ട്രംപും കാണുന്നത്. നേരത്തെ അലാസ്‌കന്‍ നഗരമായ ആങ്കറേജിലെ ജോയിന്റ് ബേസ് എല്‍മെന്‍ഡോര്‍ഫ്-റിച്ചാര്‍ഡ്സണ്‍ (ജെബിഇആര്‍) സേനാതാവളത്തില്‍ എത്തിയ ഇരുവരും ഹസ്തദാനം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വ്യോമത്താവളത്തില്‍ നേരിട്ടെത്തിയാണ് ട്രംപ് പുടിനെ സ്വീകരിച്ചത്. ട്രംപിന്റെ ഔദ്യോഗിക വാഹനമായ 'ബീസ്റ്റ്' കാറില്‍ കയറിയാണ് പുതിന്‍ ചര്‍ച്ചാ വേദിയിലേക്ക് പോയത്.