- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൊണെറ്റ്‌സ്‌ക് പ്രവിശ്യയുടെ ഭൂരിഭാഗം പ്രദേശം ഉള്‍പ്പെടെ യുക്രെയിന്റെ അഞ്ചില്‍ ഒന്ന് പ്രദേശവും ഇപ്പോള്‍ റഷ്യയുടെ നിയന്ത്രണത്തില്‍; അതിര്‍ത്തികളില്‍ സ്വന്തം രക്തം ചിന്തി രാജ്യത്തിനായി പൊരുതുമ്പോഴും അന്താരാഷ്ട്ര നയതന്ത്ര നീക്കങ്ങളില്‍ തങ്ങള്‍ ഒറ്റപ്പെട്ടുപോവുമോ എന്ന ആശങ്കയില്‍ യുക്രെയിന്; ആ ജനത വഞ്ചനയുടെ ഭീതിയില്‍
കീവ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള നിര്‍ണ്ണായക ചര്‍ച്ചകള്‍ക്ക് ഒരുങ്ങുകയാണ് യുക്രെയിന്‍, സെലന്‍സ്‌കി ഇതിനായി വാഷിങ്ടണിലെത്തും. ഇതിനിടെ തങ്ങളെ യൂറോപ്പ് 'കൈവിടരുതേ' എന്ന് കെഞ്ചുകയാണ് യുക്രെയിന്‍. അലാസ്‌കയില്‍ വ്‌ലാഡിമിര്‍ പുടിന് ചുവന്ന പരവതാനി വിരിച്ചത് വലിയ രോഷത്തിന് ഇടയാക്കിയതിന് പിന്നാലെ, വാഷിംഗ്ടണില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചകള്‍ യുക്രെയ്നിന് ഒരു മഹാദുരന്തമായി മാറുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍. റഷ്യയ്ക്ക് നിരവധി വാഗ്ദാനങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കിയെന്നാണ് സൂചന. ഇതെല്ലാം യുക്രെയിന് വലിയ വെല്ലുവിളിയായി മാറും. നിരവധി പ്രവശ്യങ്ങള്‍ റഷ്യയ്ക്ക് നല്‍കാമെന്ന് അമേരിക്ക സമ്മതിച്ചുവെന്നും സൂചനകളുണ്ട്.
അതിനിടെ ഡൊണെറ്റ്‌സ്‌ക് വിട്ടുകൊടുക്കണമെന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്റെ ആവശ്യം യുക്രെയ്നെ അറിയിച്ചിട്ടുണ്ട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍ പുട്ടിന്റെ ആവശ്യം യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി നിരസിച്ചെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ യുക്രെയ്ന്‍ കരാറിന് തയാറാകണമെന്നും റഷ്യ ഒരു വലിയ ശക്തിയാണ്, യുക്രെയ്ന്‍ അങ്ങനെയല്ലെന്നും ട്രംപ് ആവശ്യപ്പെട്ടു. യുക്രെയ്ന്റെ കൂടുതല്‍ പ്രദേശം വിട്ടുനല്‍കണമെന്ന് അലാസ്‌ക ഉച്ചകോടിയില്‍ ട്രംപിനോട് പുട്ടിന്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഡൊണെറ്റ്‌സ്‌ക് പ്രവിശ്യയുടെ ഭൂരിഭാഗം പ്രദേശം ഉള്‍പ്പെടെ യുക്രെയ്ന്റെ അഞ്ചില്‍ ഒന്ന് പ്രദേശവും ഇപ്പോള്‍ റഷ്യയുടെ നിയന്ത്രണത്തിലാണ്. ഡൊണെറ്റ്‌സ്‌കില്‍ 2014 ലാണ് റഷ്യ പ്രവേശിച്ചത്. മോസ്‌കോയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായ വ്യാവസായിക മേഖലയായ ഡൊണെറ്റ്‌സ്‌ക് റഷ്യയ്ക്ക് വിട്ടുനല്‍കാന്‍ തയാറായാല്‍ മറ്റു പ്രദേശങ്ങളിലെ മുന്നേറ്റം മരവിപ്പിക്കാന്‍ തയാറാണെന്ന് പുട്ടിന്‍ നിലപാട് സ്വീകരിച്ചതായാണ് സൂചന.
പുടിനുമായി സൗഹൃദത്തിലാകാന്‍ അമേരിക്ക ചതിക്കുമെന്ന ചിന്ത യുക്രെയിനികള്‍ക്കുണ്ട്. ട്രംപിന്റെ സമീപകാല പ്രസ്താവനകള്‍ യുക്രെയിന്‍ ആശങ്കകള്‍ക്ക് ശക്തി പകരുകയാണ്. 'റഷ്യ ഒരു വലിയ ശക്തിയാണ്, അവര്‍ അങ്ങനെയല്ല' എന്ന് യുക്രെയ്നിനെക്കുറിച്ച് ട്രംപ് നടത്തിയ പരാമര്‍ശവും അതിന് ശേഷം ഗോള്‍ഫ് കളിക്കാന്‍ പോയതും രാജ്യത്തിന് വലിയ തിരിച്ചടിയായി. യുക്രെയ്ന്‍ ഒരു ഒത്തുതീര്‍പ്പ് ഡീലിന് തയ്യാറാകണം എന്നായിരുന്നു ട്രംപിന്റെ നിലപാട്. ഇത് യൂറോപ്യന്‍ പിന്തുണയില്ലെങ്കില്‍ ്അതുപോലെ അനുസരിക്കേണ്ടി വരും. റഷ്യയുടെ അതിരൂക്ഷമായ ആക്രമണങ്ങളില്‍ അളവറ്റ ദുരിതങ്ങള്‍ സഹിച്ചവര്‍ക്ക്, അലാസ്‌കയില്‍ പുടിന് ലഭിച്ച ചുവന്ന പരവതാനി സ്വീകരണവും യുക്രെയ്നിന് അനുകൂലമായ ഒരു വ്യക്തമായ തീരുമാനങ്ങളും ഇല്ലാത്തതും കടുത്ത വഞ്ചനയായി അനുഭവപ്പെട്ടു.
'എന്റെ പിതാവിന്റെ മരണത്തിന് ഉത്തരവാദിയായ, യുദ്ധക്കളത്തില്‍ എത്രയോ സഖാക്കളുടെ ജീവനെടുത്ത, കുട്ടികളുടെ ആശുപത്രികളില്‍ ബോംബിടുന്നത് യുദ്ധമുറയാണെന്ന് വിശ്വസിക്കുന്ന ഒരാളെ ലോകത്തിന്റെ നേതാവ് ഹസ്തദാനം നല്‍കി, ചിരിച്ച്, ചുവന്ന പരവതാനി വിരിച്ച് സ്വീകരിക്കുന്നത് കാണാന്‍ വയ്യായിരുന്നു,' അദ്ദേഹം രോഷത്തോടെ പറഞ്ഞു. 'ഞങ്ങളുടെ ഭൂമിയെക്കുറിച്ച് ഞങ്ങളില്‍ പലരും രക്തം ചിന്തിയ മണ്ണിനെക്കുറിച്ച് ചന്തയില്‍ രണ്ട് വ്യാപാരികള്‍ വിലപേശുന്നത് പോലെ അവര്‍ സംസാരിക്കുന്നത് സഹിക്കാന്‍ പ്രയാസമായിരുന്നു.'-ഇതാണ് സാധാരണക്കാരനായ യുക്രൈയിന്‍ പൗരന്റെ പ്രതികരണം. ട്രംപിന്റെ നീക്കങ്ങളെ യുക്രെയ്നിന്റെ സഖ്യകക്ഷികള്‍ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും, അവര്‍ യുക്രെയ്നിന് പിന്തുണ പ്രഖ്യാപിക്കുകയും റഷ്യക്കെതിരായ ഉപരോധം ശക്തമാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. യൂറോപ്യന്‍ നേതാക്കളെയും നാളത്തെ ചര്‍ച്ചകളിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
അതിര്‍ത്തികളില്‍ സ്വന്തം രക്തം ചിന്തി രാജ്യത്തിനായി പൊരുതുമ്പോഴും, അന്താരാഷ്ട്ര നയതന്ത്ര നീക്കങ്ങളില്‍ തങ്ങള്‍ ഒറ്റപ്പെട്ടുപോവുമോ എന്ന കടുത്ത ആശങ്കയിലാണ് യുക്രെയ്ന്‍ ജനത. ലോകശക്തികള്‍ തങ്ങളുടെ ദുരിതങ്ങള്‍ കണ്ട് മനംമാറ്റത്തിന് തയ്യാറാവുമെന്ന പ്രതീക്ഷയും അവര്‍ക്കുണ്ട്. എന്നാല്‍ നിരന്തരമായ വഞ്ചനയുടെ ഭീതിയും ഒരുപോലെ അവരെ വേട്ടയാടുന്നുവെന്നതാണ് വസ്തുത.