വാഷിങ്ടണ്‍: ആറ് മാസം കൊണ്ട് ആറ് യുദ്ധങ്ങള്‍ അവസാനിപ്പിച്ചെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീരവാദം മുഴക്കുമ്പോള്‍ അമേരിക്ക നേരിടുന്ന ഗുരുതര സുരക്ഷ ഭീഷണി സംബന്ധിച്ച റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കിം ജോങ് ഉന്നിന്റെ നേതൃത്വത്തിലുള്ള ഉത്തരകൊറിയയില്‍ നിന്നുമാണ് കടുത്ത സുരക്ഷ ഭീഷണി ഉയരുന്നതെന്നാണ് വിവരം. ചൈനീസ് അതിര്‍ത്തിക്ക് സമീപം ഉത്തരകൊറിയയ്ക്ക് ഒരു രഹസ്യ സൈനിക താവളം ഉണ്ടെന്നും അത് യുഎസിന് ആണവ ഭീഷണി' ഉയര്‍ത്തുന്നുവെന്നുമാണ് പുതിയ ഗവേഷണങ്ങള്‍ വെളിപ്പെടുത്തുന്നത്. ചൈനീസ് അതിര്‍ത്തിയില്‍ നിന്നും 27 കിലോമീറ്റര്‍ അകലെയുള്ള നോര്‍ത്ത് പ്യോംഗന്‍ പ്രവിശ്യയിലെ സിന്‍പുങ്ങിലാണ് ഈ താവളം സ്ഥിതി ചെയ്യുന്നതെന്നാണ് വാഷിംഗ്ടണ്‍ ഡിസി ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് കണ്ടെത്തിയിരിക്കുന്നത്. ഉത്തരകൊറിയയുടെ ആറ് മുതല്‍ ഒമ്പത് വരെ നൂതന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളും അവയുടെ മൊബൈല്‍ ലോഞ്ചറുകളും സൈനിക കാവലില്‍ നിലകൊള്ളുന്നുവെന്നതാണ് യുഎസിന് ഇത് ഒരു ഭീഷണിയാക്കുന്നത്. 2000-ങ്ങളുടെ തുടക്കത്തില്‍ നിര്‍മ്മിക്കപ്പെട്ട ഈ ബേസ് 2014-ഓടെ പ്രവര്‍ത്തനക്ഷമമായതായാണ് കരുതപ്പെടുന്നത്.

ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഒരു യുദ്ധത്തിന് തിരികൊളുത്താന്‍ സാദ്ധ്യതയുള്ള യുഎസ്- ദക്ഷിണ കൊറിയ സൈനികാഭ്യാസം നടന്നത്. യുഎസും ദക്ഷിണ കൊറിയയും തമ്മില്‍ വളരുന്ന സൈനിക ബന്ധം ചൊടിപ്പിച്ചത് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെയായിരുന്നു. ഈ വിവരം അറിഞ്ഞയുടന്‍ കിം ആദ്യം ആഹ്വാനം ചെയ്തത് രാജ്യത്തിന്റെ ആണവായുധ ശേഷി ധ്രുതഗതിയില്‍ ഉയര്‍ത്താനായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ചോ ഹ്യോന്‍ എന്ന നാവിക യുദ്ധക്കപ്പല്‍ സന്ദര്‍ശിച്ച് അതിലെ ആയുധ സംവിധാനങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് സ്വീകരിക്കവെയാണ് കിം ഈ പരാമര്‍ശം നടത്തിയത്.

ആണവായുധ ശേഷി വര്‍ദ്ധിപ്പിക്കാനുള്ള നീക്കങ്ങള്‍ ഉത്തരകൊറിയയുടെ ഭാഗത്ത് നിന്നുണ്ടാകുന്നതിനിടെയാണ് രാജ്യത്ത് സ്ഥിതി ചെയ്യുന്ന ഒരു രഹസ്യ വ്യോമതാവളത്തെക്കുറിച്ചുള്ള വിവരം പുറത്തുവരുന്നത്. ചൈനയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഈ രഹസ്യ സൈനിക താവളത്തില്‍ നിന്ന് അമേരിക്കന്‍ വന്‍കരയെ ലക്ഷ്യമാക്കി മിസൈല്‍ തൊടുക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത. അമേരിക്കയെ സംബന്ധിച്ച് വലിയൊരു ആണവ ഭീഷണിയാണ് ഈ സൈനിക താവളമെന്നാണ് വിവരം.

പൊതുജനങ്ങളുടെ ശ്രദ്ധ പതിയാത്ത ഒരുപര്‍വത താഴ്വരയിലാണ് സിന്‍പുങ്-ഡോങ് മിസൈല്‍ താവളം, ഉത്തരകൊറിയയുടെ രഹസ്യ മിസൈല്‍ ബെല്‍റ്റ് നിര്‍മ്മിക്കുന്ന 20 ഓളം രഹസ്യ താവളങ്ങളില്‍ ഒന്നാണ്. കൊറിയന്‍ പീപ്പിള്‍സ് ആര്‍മിയുടെ (KPA) സൈനിക നിര്‍മ്മാണ വിഭാഗത്തിലെ പ്രത്യേക എഞ്ചിനിയറിംഗ് ട്രൂപ്പുകളാണ് ഇത് നിര്‍മ്മിച്ചതെന്നാണ് വിവരം. ഉത്തരകൊറിയയുടെ അപ്രഖ്യാപിത ബാലിസ്റ്റിക് മിസൈല്‍ താവളങ്ങള്‍, അറ്റകുറ്റപ്പണികള്‍, പിന്തുണ, മിസൈല്‍ സംഭരണം, വാര്‍ഹെഡ് സംഭരണ സൗകര്യങ്ങള്‍ എന്നിവയുടെയെല്ലാം ഉത്തരവാദിത്തം ഈ ഗ്രൂപ്പിനാണ്.

ഏകദേശം 22 കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന (5,436 ഏക്കര്‍) സിന്‍പുങ്-ഡോംഗ് മിസൈല്‍ ബേസ്, ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തെക്കാള്‍ വലുതാണ്. ഭൂഗര്‍ഭ ഷെല്‍ട്ടറുകള്‍,മറ്റ് സഹായ സംവിധാനങ്ങള്‍, മൊബൈല്‍ മിസൈല്‍ ലോഞ്ചറുകള്‍ക്കായുള്ള പ്രത്യേക മേഖലകള്‍ എന്നിവയെല്ലാം ഈ ബേസിലുണ്ട്. പരമ്പരാഗത മിസൈല്‍ സൈറ്റുകളില്‍ നിന്ന് വ്യത്യസ്തമായി, സ്ഥിരമായ ലോഞ്ച് പാഡുകളും വലിയ പ്രതിരോധ കോട്ടകളും ഇവിടെയില്ല.

സിന്‍പുങ്-ഡോങ് മിസൈല്‍ താവളത്തിലേക്കുള്ള പ്രവേശന കവാടം കനത്ത സസ്യജാലങ്ങളാലും വനങ്ങളാലും ചുറ്റപ്പെട്ടിരിക്കുന്നതിനാല്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടാകുമെന്ന് സിഎസ്‌ഐഎസ് അഭിപ്രായപ്പെട്ടു. പ്രതിസന്ധി ഘട്ടങ്ങളിലോ യുദ്ധ സമയങ്ങളിലോ ലോഞ്ചറുകള്‍ക്കും മിസൈലുകള്‍ക്കും ബേസില്‍ നിന്ന് പുറത്തുപോകാനും പ്രത്യേക യൂണിറ്റുകളുമായി ബന്ധിപ്പിക്കാനും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് കണ്ടെത്താന്‍ പ്രയാസമുള്ള വിക്ഷേപണങ്ങള്‍ നടത്താനും കഴിയുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രതിസന്ധി ഘട്ടങ്ങളിലോ യുദ്ധസമയങ്ങളിലോ ലോഞ്ചറുകളും മിസൈലുകളും ബേസില്‍ നിന്ന് പുറത്തുവന്ന് പ്രത്യേക യൂണിറ്റുകളുമായി ചേര്‍ന്ന് സംശയം ജനിപ്പിക്കാത്ത രീതിയില്‍ വിക്ഷേപണങ്ങള്‍ നടത്താന്‍ സാധ്യതയുണ്ടെന്നും CSIS കൂട്ടിച്ചേര്‍ത്തു. ഈ സൈറ്റ് മറുച്ചുവെക്കാന്‍ ഉത്തരകൊറിയ കഠിനപ്രയ്തനം നടത്തിയിട്ടുണ്ടെന്നും സിഎസ്ഐഎസ് റിപ്പോര്‍ട്ടിന്റെ സഹ-രചയിതാവായ ജെന്നിഫര്‍ ജുന്‍ പറഞ്ഞു.

കൂടാതെ, ഉപഗ്രഹ ചിത്രങ്ങള്‍ പ്രകാരം, സിന്‍പുങ്-ഡോങ് മിസൈല്‍ താവളത്തില്‍ ആറ് മുതല്‍ ഒമ്പത് വരെ ആണവ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളും (ഐസിബിഎം) അവയുടെ ലോഞ്ചറുകളും ഉണ്ട്. 'ഈ മിസൈലുകള്‍ കിഴക്കന്‍ ഏഷ്യയ്ക്കും അമേരിക്കന്‍ ഐക്യനാടുകള്‍ക്കും സാധ്യതയുള്ള ആണവ ഭീഷണി ഉയര്‍ത്തുന്നു,' റിപ്പോര്‍ട്ട് പറയുന്നു. സ്ഥലത്തെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മ്മാണം ഇപ്പോഴും നടക്കുന്നുണ്ടെന്ന് സിഎസ്ഐഎസ് വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഈ താവളത്തെക്കുറിച്ച് ഏറ്റവും ശ്രദ്ധേയമായ കാര്യം, ചൈനയുമായുള്ള അതിര്‍ത്തിയോട് ചേര്‍ന്നുള്ള അതിന്റെ സ്ഥാനമാണ്. അതിനാല്‍ ഇത് ഒരു മുന്‍കൂര്‍ ആക്രമണത്തിന് ബുദ്ധിമുട്ടാക്കുന്നു എന്നതുമാണ്. ''ചൈനയ്ക്ക് വളരെ അടുത്തായി താവളങ്ങള്‍ നിര്‍മ്മിക്കുന്നതിനാല്‍ ഭാവിയിലൊരു ആക്രമണമുണ്ടായാല്‍ അതിനെ ചൈനയും എതിര്‍ത്തേക്കും. ഇതിലൂടെ രാഷ്ട്രീയപരമായി രീതിയില്‍ കൂടി മുതലെടുക്കാന്‍ ഉത്തരകൊറിയക്ക് സാധിച്ചേക്കുമെന്ന്'' സിയോളിലെ ഇവാ സര്‍വകലാശാലയിലെ പ്രൊഫസര്‍ ലീഫ്-എറിക് ഈസ്ലി സിഎന്‍എന്നിനോട് പറഞ്ഞു.

ഉത്തരകൊറിയയുടെ വര്‍ദ്ധിച്ചുവരുന്ന ആണവ ഭീഷണിയുമായി ഈ രഹസ്യ സൈനിക താവളം ബന്ധപ്പെട്ടിരിക്കുന്നു. 2019 ല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നും തമ്മിലുള്ള ആണവനിരായുധീകരണ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനുശേഷം, അന്താരാഷ്ട്ര ഉപരോധങ്ങളെ അവഗണിച്ച് ഉത്തരകൊറിയ തങ്ങളുടെ ആയുധ പരിപാടികള്‍ സ്ഥിരമായി മുന്നോട്ട് കൊണ്ടുപോകുകയാണ്. ഉത്തരകൊറിയന്‍ സര്‍ക്കാരിന്റെ 76-ാം സ്ഥാപക വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തില്‍, 'ആണവശക്തി ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ സായുധ സേനകളെയും യുദ്ധത്തിന് പൂര്‍ണ്ണമായും സജ്ജരാക്കുന്നതിനുള്ള നടപടികളും ശ്രമങ്ങളും ഇരട്ടിയാക്കുമെന്ന്' കിം ജോങ്-ഉന്‍ പറഞ്ഞിരുന്നു

സമീപകാലത്ത്, ഉത്തരകൊറിയ റഷ്യയുമായുള്ള സുരക്ഷാ ബന്ധങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്, ഉക്രെയ്‌നിനെതിരായ യുദ്ധത്തില്‍ പോരാടുന്നതിന് ആയുധങ്ങളും സൈന്യവും അയയ്ക്കുന്നത് ഉള്‍പ്പെടെ, പ്രതിരോധ രം ഗത്തെ സാങ്കേതിക സഹായം ഉള്‍പ്പെടെ കൈമാറിയിരുന്നു. ഉത്തരകൊറിയയുടെ മിസൈലുകള്‍ അവരുടെ അയല്‍ രാജ്യങ്ങളെ വല്ലാതെ ഭയപ്പെടുത്താറുണ്ട്. ഇപ്പോള്‍ അക്കൂട്ടത്തിലേക്ക് യുഎസും ഉള്‍പ്പെടുന്നു. ഏകദേശം 13,000 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഹ്വാസോങ്-15 മിസൈലിന് യുഎസിലെ പ്രധാനപ്പെട്ട പല നഗരങ്ങളെയും തകര്‍ക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.