ബ്രിസ്റ്റോള്‍: സെന്‍ട്രല്‍ ലണ്ടനില്‍ പലസ്തീന്‍ അനുകൂല റാലിക്കിടെ ഇസ്രയേല്‍ ബന്ധമുള്ള പ്രതിരോധ സ്ഥാപനത്തിലേക്ക് അതിക്രമിച്ചു കയറി ആക്രമണം നടത്തിയ ആറ് പലസ്തീന്‍ ആക്ഷന്‍ പ്രവര്‍ത്തകര്‍ക്ക് കുരുക്ക് മറുകുന്നു. കേസിന്റെ വിചാരണ ആരംഭിക്കും വരെ ഇവര്‍ ജയിലില്‍ തുടരേണ്ടതായി വരുമെന്നാണ് റിപ്പോര്‍ട്ട്. ചുരുങ്ങിയത് 18 മാസമെങ്കിലും അവര്‍ വിചാരണ കാത്ത് ജയിലില്‍ കഴിയേണ്ടി വരും എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ചുറ്റികകളും മറ്റ് ആയുധങ്ങളുമായി പലസ്തീന്‍ ആക്ഷന്‍ പ്രവര്‍ത്തകര്‍, 2024 ആഗസ്റ്റ് 6 ന് ആയിരുന്നു ബ്രിസ്റ്റോളിലെ പാച്ച്വേയ്ക്ക് സമീപമുള്ള എല്‍ബിറ്റ് സിസ്റ്റത്തിലേക്ക് അതിക്രമിച്ചു കയറിയത്. പത്ത് ലക്ഷം പൗണ്ടിലധികം നാശനഷ്ടങ്ങള്‍ വരുത്തിയ ഈ അതിക്രമത്തിന് തീവ്രവാദ ബന്ധമുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.

ഫിന്‍ കോളിന്‍സ് (19), ഹാര്‍ലാന്‍ഡ് ആര്‍ച്ചര്‍ (20), സലാം മഹമ്മൂദ് (19), മോയ്സ് ഇബ്രാഹിം (27), ലൂയി ആഡംസ് (33), ലിയാം മുല്ലാനി (33) എന്നിവരെ ഈ കേസുമായി ബന്ധപ്പെട്ട് ഇന്നലെ ഓള്‍ഡ് ബെയ്‌ലിയിലെ കോടതിയില്‍ ഹാജരാക്കിയിരുന്നു. തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ തെക്ക് കിഴക്കന്‍ മേഖലാ വിഭാഗമാണ് ഒന്നിലധികം തിരച്ചിലുകള്‍ക്കൊടുവില്‍ ഇവരെ അറസ്റ്റ് ചെയ്തത്. കേസിന്റെ പ്രാഥമിക വിചാരണ വൂള്‍വിച്ച് ക്രൗണ്‍ കോടതിയില്‍ ഡിസംബര്‍ 2 ന് നടത്തുമെന്ന് ജസ്റ്റിസ് ചീമ ഗ്രബ്ബ് ഉത്തരവിട്ടു. പിന്നീട് 2027 ഫെബ്രുവരി 1 മുതല്‍ ആയിരിക്കും തുടര്‍ വിചാരണ ആരംഭിക്കുക. ഇതുമായി ബന്ധപ്പെട്ട മറ്റ് മൂന്ന് കേസുകള്‍ വിചാരണ നടത്തുന്ന ജസ്റ്റിസ് ജോണ്‍സണ്‍ ഈ കേസ് വൂള്‍വിച്ച് ക്രൗണ്‍ കോടതിയില്‍ നവംബര്‍ 17 ന് വീണ്ടും കേള്‍ക്കും. മൊത്തം 18 പേരെയാണ് ഈ അതിക്രമിച്ചു കടക്കലുമായി അറസ്റ്റ് ചെയ്തിട്ടുള്ളത്.

പലസ്തീന്‍ ആക്ഷന്‍ ഒരു നിരോധിത സംഘടനയായി ബ്രിട്ടീഷ് ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഈ സംഘടനയില്‍ അംഗത്വം തുടര്‍ന്നാലോ, അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാലോ അത് ക്രിമിനല്‍ കുറ്റമായി കണക്കാക്കപ്പെടും. 2000 ലെ ടെററിസം ആക്റ്റ് പ്രകാരം 14 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ള കുറ്റമാണിത്. ഈ സംഘടനയുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു എന്ന സംശയത്തില്‍ ഈ മാസം ആദ്യം അഞ്ഞൂറോളം പേരെ അറസ്റ്റ് ചെയ്തിരുന്നു. സെന്‍ട്രല്‍ ലണ്ടനില്‍ നടന്ന ഒരു ഐക്യദാര്‍ഢ്യ പ്രഖ്യാപന റാലിയില്‍ പങ്കെടുത്തവരെയാണ് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 9 ന് ഒരുപറ്റം ഇടതുപക്ഷ അനുഭാവികള്‍ ഈ സംഘടനയ്ക്ക് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് ലണ്ടനിലെ പാര്‍ലമെന്റ് ചത്വരത്തില്‍ പ്രകടനം നടത്തിയിരുന്നു.