ഹേഗ്: ഇസ്രായേലിനെതിരെ ശക്തമായ ഉപരോധമേര്‍പ്പെടുത്തുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് നെതര്‍ലന്‍ഡ്സ് വിദേശകാര്യമന്ത്രി കാസ്പര്‍ വെല്‍ഡ്കാംപ് രാജിവെച്ചു. കാബിനറ്റ് യോഗത്തില്‍ വിഷയത്തില്‍ ധാരണയിലെത്താനാകാതെ വന്നതോടെയാണ് അദ്ദേഹത്തിന്റെ രാജി. കാവല്‍ സര്‍ക്കാരിന് ഇത് വലിയ തിരിച്ചടിയായി. ഇസ്രായേലിലെ മുന്‍ അംബാസഡര്‍ കൂടിയാണ് വെല്‍ഡ്കാംപ്. ഗാസ നഗരത്തിലും പരിസരത്തും ഗുരുതരമായ പ്രതിസന്ധിയാണുള്ളതെന്ന് യുഎന്‍ വിദഗ്ദ്ധര്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് വെല്‍ഡ്കാംപിന്റെ രാജി.

വെള്ളിയാഴ്ച രാത്രി ചേര്‍ന്ന കാബിനറ്റ് യോഗത്തില്‍ ഇസ്രായേലിനെതിരെ കൂടുതല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് രാജിയില്‍ കലാശിച്ചത്. വെല്‍ഡ്കാംപിന്റെ ന്യൂ സോഷ്യല്‍ കോണ്‍ട്രാക്ട് (എന്‍എസ്സി) പാര്‍ട്ടിയിലെ മറ്റ് അംഗങ്ങളും യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. 'അര്‍ത്ഥവത്തായ കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ തനിക്ക് മതിയായ ഇടപെടല്‍ നടത്താനായില്ല' എന്ന് രാജിവെച്ച ശേഷം വെല്‍ഡ്കാംപ് ഡച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍പിയോട് പറഞ്ഞു. 'നയതന്ത്രത്തിന് എന്നത്തേക്കാളും പ്രാധാന്യമുള്ള, അഭൂതപൂര്‍വമായ ഭൗമരാഷ്ട്രീയ സംഘര്‍ഷത്തിന്റെ കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗാസയിലെ ഗുരുതരമായ സാഹചര്യം അംഗീകരിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും തങ്ങളുടെ സഖ്യകക്ഷികളായ സെന്റര്‍-റൈറ്റ് പീപ്പിള്‍സ് പാര്‍ട്ടി ഫോര്‍ ഫ്രീഡം ആന്‍ഡ് ഡെമോക്രസിയും (വിവിഡി) പോപ്പുലിസ്റ്റ് ഫാര്‍മര്‍-സിറ്റിസണ്‍ മൂവ്മെന്റും (ബിബിബി) വിസമ്മതിക്കുകയാണെന്ന് എന്‍എസ്സി പാര്‍ട്ടി കുറ്റപ്പെടുത്തി.

കുറച്ചുകാലമായി ഇസ്രായേലിന്റെ നയങ്ങളില്‍ നെതര്‍ലന്‍ഡ്സ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ 3,400 വീടുകളുള്ള അനധികൃത സെറ്റില്‍മെന്റ് നിര്‍മ്മിക്കാനുള്ള ഇസ്രായേലിന്റെ പദ്ധതിയെ അപലപിച്ചുകൊണ്ട് 20 മറ്റ് രാജ്യങ്ങള്‍ക്കൊപ്പം നെതര്‍ലന്‍ഡ്സും സംയുക്ത പ്രഖ്യാപനത്തില്‍ ഒപ്പുവെച്ചിരുന്നു. ഈ സെറ്റില്‍മെന്റ് വെസ്റ്റ് ബാങ്കിനെ രണ്ടായി വിഭജിക്കുമെന്നാണ് വിമര്‍ശകര്‍ പറയുന്നത്. കൂടാതെ, കഴിഞ്ഞ ജൂലൈയില്‍ തീവ്ര വലതുപക്ഷ ഇസ്രായേല്‍ മന്ത്രിമാരായ ഇറ്റാമര്‍ ബെന്‍-ഗ്വിര്‍, ബെസലേല്‍ സ്‌മോട്‌റിച്ച് എന്നിവര്‍ക്ക് രാജ്യത്തേക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തിരുന്നു.

രണ്ട് വര്‍ഷത്തോളമായി തുടരുന്ന ഗാസയിലെ യുദ്ധത്തിനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി നെതര്‍ലന്‍ഡ്സില്‍ നിരവധി പ്രതിഷേധങ്ങള്‍ നടന്നിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് ഹേഗില്‍ നടന്ന പ്രകടനത്തില്‍ 100,000 മുതല്‍ 150,000 വരെ ആളുകള്‍ പങ്കെടുത്തു, ഇത് രണ്ട് ദശാബ്ദത്തിനിടെ നെതര്‍ലന്‍ഡ്സില്‍ നടന്ന ഏറ്റവും വലിയ പ്രതിഷേധമായിരുന്നു.