- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ ട്രംപിന്റെ രഹസ്യ ഓപ്പറേഷന്? മൂന്നംഗ ദൗത്യസംഘം രഹസ്യനീക്കം നടത്തിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍; യുഎസ് സ്ഥാനപതിയെ വിളിച്ചുവരുത്തി ഡെന്‍മാര്‍ക്ക്; ഇരുരാജ്യങ്ങള്‍ തമ്മില്‍ ഭിന്നത രൂക്ഷമാകുന്നു
യുഎസ് സ്ഥാനപതിയെ വിളിച്ചുവരുത്തി ഡെന്‍മാര്‍ക്ക്
കോപ്പന്‍ഹേഗന്‍: യു എസ് പ്രസിഡന്റായി സ്ഥാനമേറ്റതിന് പിന്നാലെ ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച 'ഗ്രീന്‍ലാന്‍ഡ് മോഹം' പ്രാവര്‍ത്തികമാക്കാന്‍ മൂന്നംഗ യു എസ് സംഘം രഹസ്യനീക്കം നടത്തിയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ യു എസ് ഡന്‍മാര്‍ക്ക് ബന്ധം വഷളാവുന്നു.
ഡെന്‍മാര്‍ക്ക് കോപ്പന്‍ഹേഗനിലെ ഉന്നത യുഎസ് നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി. മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കാനുള്ള പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിനായി യുഎസുമായി ബന്ധമുള്ള ചിലര്‍ രഹസ്യ നീക്കങ്ങള്‍ നടത്തിയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണിത്.
ട്രംപിന്റെ ഭരണകൂടവുമായി ബന്ധമുള്ള മൂന്ന് യുഎസ് പൗരന്മാര്‍ ഈ ദൗത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഡാനിഷ് സര്‍ക്കാര്‍ വിശ്വസിക്കുന്നതായി പേര് വെളിപ്പെടുത്താത്ത സ്രോതസ്സുകള്‍ പറഞ്ഞതായി സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ ഡിആര്‍ പറഞ്ഞു. റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിച്ചിരിക്കുന്ന വ്യക്തികളുടെ പേര് ഡിആറോ ഡാനിഷ് വിദേശകാര്യ മന്ത്രാലയമോ പുറത്തുവിട്ടിട്ടില്ല.
'ഗ്രീന്‍ലാന്‍ഡിനോടും ഡെന്‍മാര്‍ക്ക് രാജ്യത്തിലെ അതിന്റെ സ്ഥാനത്തോടും വിദേശ ശക്തികള്‍ക്ക് താല്‍പ്പര്യം തുടരുന്നുണ്ടെന്ന് ഞങ്ങള്‍ക്കറിയാം,' 'അതിനാല്‍, രാജ്യത്തിന്റെ ഭാവിയെ സ്വാധീനിക്കാനുള്ള പുറത്തുനിന്നുള്ള ശ്രമങ്ങള്‍ ഭാവിയില്‍ ഞങ്ങള്‍ നേരിടേണ്ടി വരുന്നതില്‍ അതിശയമില്ല.' ഡാനിഷ് വിദേശകാര്യ മന്ത്രി ലാര്‍സ് ലോക്ക് റസ്മുസ്സന്‍ പറഞ്ഞു.
ധാതുസമ്പന്നവും തന്ത്രപരമായി ആര്‍ട്ടിക് മേഖലയില്‍ സ്ഥിതിചെയ്യുന്നതുമായ ഗ്രീന്‍ലാന്‍ഡിനെ ഏറ്റെടുക്കാന്‍ ട്രംപ് മുന്‍പ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഈ വിഷയം ഡെന്‍മാര്‍ക്കും യുഎസും തമ്മില്‍ മുന്‍പും തര്‍ക്കങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഗ്രീന്‍ലാന്‍ഡ് സന്ദര്‍ശിച്ചെങ്കിലും പ്രതിഷേധങ്ങളെത്തുടര്‍ന്ന് പൊതുപരിപാടികള്‍ റദ്ദാക്കി വിദൂര സൈനിക താവളത്തിലേക്ക് മാറേണ്ടി വന്നിരുന്നു.
വാന്‍സിന്റെ ഭാര്യയുടെ സന്ദര്‍ശനവും ഉപേക്ഷിച്ചിരുന്നു. വാന്‍സിന്റെ സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെ ഡാനിഷ് കമ്പനിയായ ഓര്‍സ്റ്റെഡ് (Ørsted) നടത്തുന്ന പ്രധാന ഓഫ്ഷോര്‍ വിന്‍ഡ് ഫാം പദ്ധതി ഡെന്‍മാര്‍ക്ക് താല്‍ക്കാലികമായി നിര്‍ത്തിവെച്ചതും യുഎസ് ഇടപെടലിനെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തിയിരുന്നു.
ട്രംപിന്റെ മകന്‍ ഡോണ്‍ ജൂനിയര്‍ ജനുവരിയില്‍ ഗ്രീന്‍ലാന്‍ഡ് സന്ദര്‍ശിച്ചിരുന്നെങ്കിലും, രഹസ്യനീക്കങ്ങളില്‍ അദ്ദേഹത്തിന് പങ്കുണ്ടെന്ന് റിപ്പോര്‍ട്ടുകളിലില്ല. ഈ പുതിയ സംഭവവികാസം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ കൂടുതല്‍ ഉലച്ചിലുകള്‍ സൃഷ്ടിക്കുകയും ഗ്രീന്‍ലാന്‍ഡിന്റെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കൂടുതല്‍ തീവ്രമാകുകയും ചെയ്യുമെന്നാണ് കരുതുന്നത്.
ദേശീയസുരക്ഷയ്ക്ക് ഉള്‍പ്പെടെ ഗ്രീന്‍ലന്‍ഡിന്റെ ഉടമസ്ഥാവകാശവും നിയന്ത്രണവും തീര്‍ത്തും അനിവാര്യമാണെന്ന് യു.എസ്. കരുതുന്നുവെന്നാണ് ട്രംപ് നേരത്തെ വ്യക്തമാക്കിയത്. ഡെന്‍മാര്‍ക്കിന്റെ ഭാഗമായ, സ്വയം ഭരണാവകാശമുള്ള ദ്വീപാണ് ഗ്രീന്‍ ലാന്‍ഡ്.
പേപാല്‍ സഹസ്ഥാപകന്‍ കൂടിയായ കെന്‍ ഹോവറിയെ ഡെന്മാര്‍ക്കിലേക്കുള്ള യു.എസ്. അംബാസിഡറായി നാമനിര്‍ദേശം ചെയ്തുകൊണ്ടുള്ള കുറിപ്പില്‍ ട്രംപ് നയം വ്യക്തമാക്കിയിരുന്നു. തന്റെ സ്വന്തം സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് നടത്തിയ ഈ പ്രസ്താവന ഗ്രീന്‍ലാന്‍ഡിന് മീതേയുള്ള അമേരിക്കന്‍ മോഹത്തെ കുറിച്ച് ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കിരുന്നു.