ലണ്ടന്‍: ബ്രിട്ടണിലെ രാഷ്ട്രീയം കുഴഞ്ഞു മറിയുന്നു. എയ്ഞ്ചല റെയ്നര്‍ രാജിവെച്ചൊഴിഞ്ഞ പാര്‍ട്ടി ഉപാദ്ധ്യക്ഷ പദവിയിലേക്ക് കടുത്ത മത്സരം വരുമെന്ന് ഉറപ്പായതോടെ പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറുടെ ഭാവി തുലാസിലായി. മുതിര്‍ന്ന ലേബര്‍ എം പിയായ ഡെയിം എമിലില്‍ തോണ്‍ബെറി ഈ സ്ഥാനത്തേക്ക് മത്സരിക്കുന്ന കാര്യം ആലോചിക്കുന്നതായി ഇന്നലെ പറഞ്ഞു. ലേബര്‍ സര്‍ക്കാരിന്റെ ആദ്യ വര്‍ഷത്തെ പ്രവര്‍ത്തനത്തെ കുറിച്ച് അത്ര സുഖകരമല്ലാത്ത ഒരു വിശകലന റിപ്പോര്‍ട്ട് സമര്‍പ്പിച്ചുകൊണ്ടാണ് അവര്‍ ഈ പ്രഖ്യാപനം നടത്തിയത്. കാര്യങ്ങള്‍ വേണ്ട രീതിയില്‍ സുഗമമായി മുന്നോട്ട് പോകുന്നില്ല എന്ന് ആരോപിച്ച അവര്‍, കീര്‍ സ്റ്റാര്‍മര്‍ വരുത്തിയ തെറ്റുകള്‍ എടുത്തു കാണിക്കുകയും ചെയ്തു.

അതിനിടെ ഇന്നലെ ഞായറാഴ്ച പ്രധാനമന്ത്രിയും ഭാര്യയും, ബല്‍മൊറാലില്‍ രാജാവിനും രാജ്ഞിക്കും ഒപ്പം ഒരു പള്ളിയിലെ കുര്‍ബാന ചടങ്ങുകളില്‍ പങ്കെടുത്തു. റെയ്നര്‍, ഉപപ്രധാനമന്ത്രി പദം ഒഴിഞ്ഞതിനെ തുടര്‍ന്ന് ധൃതിപിടിച്ച് നടത്തിയ മന്ത്രിസഭാ പുനസംഘടനയ്ക്ക് ശേഷമായിരുന്നു രാജാവിനെ കാണാന്‍ പ്രധാനമന്ത്രി സ്‌കോട്ട്‌ലാന്‍ഡിലേക്ക് പോയത്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഉപപ്രധാനമന്ത്രി പദം ഒഴിഞ്ഞ അവര്‍ പാര്‍ട്ടിയുടെ ഉപാദ്ധ്യക്ഷ പദവും രാജിവെച്ചിരുന്നു.

പാളം തെറ്റിയ ഭരണം നേരെയാക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇപ്പോള്‍, പാര്‍ട്ടിക്കുള്ളില്‍ ഒരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ട സാഹചര്യം പ്രധാനമന്ത്രിക്ക് ഉണ്ടായിരിക്കുന്നത്. കടുത്ത മത്സരം തന്നെയാണ് തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിക്കുന്നതും. അതോടൊപ്പം, ചാനല്‍ വഴി അനധികൃതമായി എത്തുന്ന അഭയാര്‍ത്ഥികളുടെ പ്രശ്നത്തില്‍ ഇടപെട്ട റിഫോം യു കെ നേതാവ് നെയ്ജല്‍ ഫരാജിനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും ജനപ്രീതി വര്‍ദ്ധിച്ചു വരുന്നതും പ്രധാനമന്ത്രിയെയും ലേബര്‍ പാര്‍ട്ടിയേയും അസ്വസ്ഥരാക്കുന്നുണ്ട്.

ഫരാജ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ അഭയാര്‍ത്ഥികളെ സൈനിക താവളങ്ങളിലെ അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക് മാറ്റാന്‍ കീര്‍ സ്റ്റാര്‍മര്‍ തയ്യാറാണെന്ന് ഡിഫന്‍സ് സെക്രട്ടറി ജോണ്‍ ഹീലി പറഞ്ഞിരുന്നു. എന്നാല്‍, അനധികൃത അഭയാര്‍ത്ഥികളെ തടയുന്നതിന്റെ ഭാഗമായി യൂറോപ്യന്‍ കണ്‍വെന്‍ഷന്‍ ഓണ്‍ ഹ്യുമന്‍ റൈറ്റ്‌സില്‍നിന്നും പിന്‍വാങ്ങില്ല എന്നും സെക്രട്ടറി പറഞ്ഞു. അതിനിടെ, ആദ്യമായി പാര്‍ലമെന്റില്‍ എത്തിയ ചില ലേബര്‍ എം പിമാരെ ചില ജൂനിയര്‍ പദവികളില്‍ നിയമിച്ചുകൊണ്ട് ഇന്നലെയും സര്‍ക്കാരിന്റെ പുനസംഘാടനം തുടര്‍ന്നു.

ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പ്രഖ്യാപിക്കാനിരിക്കുന്ന പുതിയ പദ്ധതിയുടെ ഭാഗമായി ഹോട്ടലുകളില്‍ താമസിക്കുന്ന അഭയാര്‍ത്ഥികളെ മുന്‍ സൈനിക ആസ്ഥാനങ്ങളിലെ ബാരക്കുകളിലേക്ക് മാറ്റിയേക്കും എന്ന് ദി ടെലെഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനു പുറമെ, ഫ്രാന്‍സുമായി ഉണ്ടാക്കിയ വണ്‍ ഇന്‍, വണ്‍ ഔട്ട് കരാര്‍ പോലെ ഒന്ന് ജര്‍മ്മനിയുമായും ഉണ്ടാക്കിയേക്കും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സംഭവ വികാസങ്ങള്‍ നടക്കുന്നതിനിടെ ഇന്നലെയും ഏകദേശം ആയിരത്തോളം അഭയാര്‍ത്ഥികള്‍ ഇന്നലെയും ചെറുയാനങ്ങളില്‍ ചാനല്‍ കടന്നെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇതോടെ, ഈ വര്‍ഷം ഇതുവരെ ചാനല്‍ കടന്നെത്തിയ അനധികൃത അഭയാര്‍ത്ഥികളുടെ എണ്ണം 30,000 കടന്നു. ശനിയാഴ്ച ചെറുയാനങ്ങളിലായി 1,097 അഭയാര്‍ത്ഥികള്‍ കൂടി എത്തിയതോടെ ഹോം ഓഫീസിന്റെ കണക്കുകള്‍ അനുസരിച്ച് ഈ വര്‍ഷം ഇതുവരെ എത്തിയ അഭയാര്‍ത്ഥികളുടെ എണ്ണം 30,100 ആയി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഉണ്ടായ അഭയാര്‍ത്ഥി പ്രവാഹത്തേക്കാള്‍ 37 ശതമാനം കൂടുതലാണിത്. മാത്രമല്ല, ചാനല്‍ വഴിയുള്ള അഭയാര്‍ത്ഥി പ്രവാഹം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 2018 ന് ശേഷം ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും വേഗത്തില്‍ അഭയാര്‍ത്ഥികളുടെ എണ്ണം 30,000 കടക്കുന്നതും ഈ വര്‍ഷമാണ്.