കാഠ്മണ്ഡു: നേപ്പാളില്‍ സമൂഹമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു. നേപ്പാളിലെ വാര്‍ത്താവിനിമയകാര്യ മന്ത്രി പൃഥ്വി ശുഭ ഗുരുങ് ആണ് ഇക്കാര്യമറിയിച്ചത്. നിരോധനത്തെ തുടര്‍ന്ന് യുവജനപ്രക്ഷോഭം ഉടലെടുത്ത സാഹചര്യത്തിലാണ് നിരോധനം നീക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. അടിയന്തര ക്യാബിനറ്റ് യോഗത്തിന് ശേഷമായിരുന്നു മന്ത്രിസഭയുടെ തീരുമാനം.

സാമൂഹിക മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ ജെന്‍ സി പ്രക്ഷോഭത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് നേപ്പാള്‍ സര്‍ക്കാര്‍. കലാപത്തെപ്പറ്റി അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. ഈ സമിതിയോട് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. യുവാക്കള്‍ പ്രക്ഷോഭത്തില്‍ നിന്ന് പിന്മാറണമെന്ന് വാര്‍ത്താ വിനിമയകാര്യ മന്ത്രി പൃഥ്വി ശുഭ ഗുരുങ് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ സാമൂഹ്യമാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ തീരുമാനത്തില്‍ പശ്ചാത്താപം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ജെന്‍സി പ്രക്ഷോഭം ആളിക്കത്തിയതോടെ സര്‍ക്കാര്‍ നിരോധനം പിന്‍വലിക്കുകയായിരുന്നു. അടിയന്തര മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം.

നേപ്പാള്‍ തലസ്താനമായ കാഠ്മണ്ഡുവിലും മറ്റ് നഗരങ്ങളിലും രാജ്യത്തെ യുവജനങ്ങള്‍ നേതൃത്വം നല്‍കിയ പ്രതിഷേധങ്ങള്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ 19 പേര്‍ കൊല്ലപ്പെട്ടിരുന്നു. സംഘര്‍ഷങ്ങളുടെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് നേപ്പാള്‍ ആഭ്യന്തര മന്ത്രി രമേശ് ലേഖക് രാജിവെയ്ക്കുകയും ചെയ്തിരുന്നു. ജെന്‍ സി പ്രക്ഷോഭകര്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവയ്പ്പില്‍ 19 പേര്‍ കൊല്ലപ്പെടുകയും മുന്നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രക്ഷോഭം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിച്ചതോടെ സമരക്കാരെ നേരിടാന്‍ സര്‍ക്കാര്‍ സൈന്യത്തെ വിന്യസിച്ചിരുന്നു. പാര്‍ലമെന്റിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ചിനിടെയാണ് പൊലീസ് വെടിവെപ്പ് നടത്തിയത്. ഇതോടെ പ്രക്ഷോഭം കൂടുതല്‍ ശക്തമാവുകയായിരുന്നു.

സാമൂഹിക മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് നേപ്പാളില്‍ പൊട്ടിപ്പുറപ്പെട്ട യുവജന പ്രക്ഷോഭം രാജ്യത്തുടനീളം അശാന്തി പരത്തിയിരുന്നു. പ്രധാന നഗരങ്ങളില്‍ ആയിരക്കണക്കിന് യുവാക്കള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. 19 പേര്‍ മരിക്കുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതോടെ സര്‍ക്കാര്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പാടുപെടുകയാണ്. സാമൂഹിക മാധ്യമ വിലക്ക് ഒരു ഉത്തേജകമായിരുന്നെങ്കിലും, അഴിമതിക്കും രാഷ്ട്രീയ നേതാക്കളുടെ മക്കള്‍ക്കുള്ള പ്രത്യേക പരിഗണനയ്ക്കും (നെപ്പോ കിഡ്സ്) എതിരായ വര്‍ഷങ്ങളായുള്ള രോഷമാണ് പ്രക്ഷോഭത്തിന് പിന്നില്‍.

സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള 2023-ലെ ഡയറക്ടീവ്‌സ് അനുസരിച്ച്, ആഭ്യന്തരവും വിദേശീയവുമായ എല്ലാ പ്ലാറ്റ്ഫോമുകളും കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. മെറ്റ (ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്സ്ആപ്പ്), ആല്‍ഫബെറ്റ് (യൂട്യൂബ്), എക്‌സ് എന്നിവയുള്‍പ്പെടെയുള്ള പ്രമുഖ കമ്പനികള്‍ ഏഴ് ദിവസത്തെ സമയപരിധി അവഗണിച്ചതോടെയാണ് അധികൃതര്‍ കര്‍ശന നടപടി സ്വീകരിച്ചത്. രജിസ്റ്റര്‍ ചെയ്യാത്ത 26 പ്ലാറ്റ്ഫോമുകള്‍ നിര്‍ത്തലാക്കിയതായി വക്താവ് ഗജേന്ദ്ര കുമാര്‍ താക്കൂര്‍ അറിയിച്ചു. ഇത് നേപ്പാളിലെ യുവതലമുറയെ ഏറെ പ്രകോപിപ്പിച്ചു.

ഇന്‍സ്റ്റാഗ്രാം റീല്‍സ് നഷ്ടപ്പെട്ടതിലുപരി വര്‍ഷങ്ങളായുള്ള അഴിമതിയും സ്വജനപക്ഷപാതവും വാഗ്ദാന ലംഘനങ്ങളുമാണ് യുവജനങ്ങളെ രോഷാകുലരാക്കിയത്. രാഷ്ട്രീയ നേതാക്കളുടെ മക്കളുടെ ആഡംബര ജീവിതം തുറന്നുകാട്ടുന്ന 'നെപ്പോ കിഡ്സ്' എന്ന ഓണ്‍ലൈന്‍ പ്രചാരണം നേരത്തെ വൈറലായിരുന്നു. സാധാരണ യുവജനങ്ങള്‍ ഉപജീവനത്തിനായി വിദേശത്തേക്ക് കുടിയേറേണ്ടി വരുമ്പോള്‍, ഈ 'നെപ്പോ കിഡ്സ്' അവരുടെ പണത്തിന്റെ ഉറവിടം വ്യക്തമാക്കാതെ ആഡംബര ജീവിതം നയിക്കുന്നതിനെക്കുറിച്ച് ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. തങ്ങളുടെ ഡിജിറ്റല്‍ ആശയവിനിമയ ഉപാധികള്‍ ഇല്ലാതായപ്പോള്‍, യുവജനങ്ങള്‍ തെരുവുകളിലേക്ക് തിരിയുകയായിരുന്നു യുവാക്കള്‍.

സാമൂഹിക മാധ്യമ വിലക്ക് പ്രക്ഷോഭത്തിന് തിരികൊളുത്തിയെങ്കിലും, ജനറേഷന്‍ സിയുടെ ഈ മുന്നേറ്റം അഴിമതിക്കും വിശ്വാസക്കുറവിനും എതിരായ ഒരു സമൂഹത്തിന്റെ നിശബ്ദത വെടിയാനുള്ള നിശ്ചയദാര്‍ഢ്യത്തെയാണ് അടയാളപ്പെടുത്തുന്നതെന്നും വിലയിരുത്തലുണ്ട്.