- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡില്‍ ടയര്‍ ഇട്ട് കത്തിച്ചുള്ള പ്രക്ഷോഭം തുടരുന്നതിനാല്‍ മലയാളികള്‍ക്ക് മുമ്പോട്ടുള്ള യാത്ര അസാധ്യം; നേപ്പാളിലുള്ള ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം; കാഠ്മണ്ഡു കലാപഭൂമിയായി തുടരുന്നു; ജെന്‍സി പ്രക്ഷോഭക്കാരുടെ ആവശ്യം പ്രധാനമന്ത്രിയുടെ രാജി
ന്യൂഡല്‍ഹി: നേപ്പാളില്‍ ആരംഭിച്ച ജെന്‍സി പ്രക്ഷോഭത്തെതുടര്‍ന്ന് ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം. സ്ഥിതിഗതികള്‍ സൂഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും നേപ്പാളിലുള്ള ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ ഇന്ത്യ സുരക്ഷ കര്‍ശനമാക്കി. സാമൂഹിക മാധ്യമങ്ങള്‍ നിരോധിച്ചതിന് പിന്നാലെയാണ് സംഘര്‍ഷം തുടങ്ങിയത്. നിരോധനം മാറ്റിയിട്ടും സംഘര്‍ഷം കുറഞ്ഞിട്ടില്ല. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രക്ഷോഭം ഇപ്പോള്‍ തുടരുന്നത്. ചില മലയാളികളും നേപ്പളില്‍ കുടുങ്ങിയിട്ടുണ്ട്.
കേരളത്തില്‍നിന്നും പോയ വിനോദ സഞ്ചാരികള്‍ യാത്രമധ്യേ കുടങ്ങി. നിരവധി മലയാളി വിനോദ സഞ്ചാരികളാണ് കാഠ്മണ്ഡുവില്‍ കുടുങ്ങിയത്. കോഴിക്കോട് സ്വദേശികളായ നിരവധി പേരടക്കമുള്ളവരാണ് സ്ഥലത്ത് കുടുങ്ങിയത്. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി, മുക്കം, കൊടിയത്തൂര്‍ എന്നിവിടങ്ങളില്‍ നിന്ന് നേപ്പാളിലേക്ക് പോയ 40ഓളം വിനോദ സഞ്ചാരികലാണ് വഴിയില്‍ കുടുങ്ങിയത്. കാഠ്മണ്ഡുവിന് സമീപമാണ് ഇവര്‍ നിലവിലുള്ളത്. റോഡില്‍ ടയര്‍ ഇട്ട് കത്തിച്ചുള്ള പ്രക്ഷോഭം തുടരുന്നതിനാല്‍ ഇവര്‍ക്ക് മുന്നോട്ട് പോകാനായിട്ടില്ല. ഞായാറാഴ്ചയാണ് മലയാളി സംഘം നേപ്പാളിലേക്ക് പോയത്. സമൂഹിക മാധ്യമ നിരോധനം പിന്‍വലിച്ചെങ്കിലും നേപ്പാളില്‍ ഇപ്പോഴും സംഘര്‍ഷത്തിന് അയവില്ല.
'കാഠ്മണ്ഡുവിലും നേപ്പാളിലെ മറ്റ് നിരവധി നഗരങ്ങളിലും അധികാരികള്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേപ്പാളിലെ ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണം. നേപ്പാള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച നടപടികളും മാര്‍ഗനിര്‍ദേശങ്ങളും ഇന്ത്യക്കാര്‍ പാലിക്കണം'- വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സംഘര്‍ഷത്തിനിടയില്‍ യുവാക്കള്‍ മരിക്കാനിടയായ സംഭവത്തില്‍ ഇന്ത്യ അനുശോചനവും രേഖപ്പെടുത്തി. പ്രക്ഷോഭം രണ്ടാം ദിവസം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിച്ചു. പ്രക്ഷോഭകര്‍ അക്രമാസക്തരായതിനെ തുടര്‍ന്ന് തലസ്ഥാനമായ കഠ്മണ്ഡു ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലിയുടെ രാജി പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടു.
മുന്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ഡയുടെ വീട് പ്രക്ഷോഭകാരികള്‍ തകര്‍ത്തു. ചില മന്ത്രിമാരുടെയും നിരവധി നേതാക്കളുടെയും വീടുകളും തകര്‍ക്കപ്പെട്ടു. പ്രസിഡന്റ് രാംചന്ദ്ര പൗഡേലിന്റെയും ചില മന്ത്രിമാരുടെയും വസതിക്കു തീയിട്ടു. സര്‍ക്കാരിലുള്ള കൊലപാതകികളെ ശിക്ഷിക്കണമെന്നും, കുട്ടികളെ കൊല്ലുന്നത് അവസാനിപ്പിക്കണമെന്നും പ്രക്ഷോഭകാരികള്‍ ആവശ്യപ്പെട്ടു. കലാപം അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം. കലാപത്തില്‍ ഇന്നലെ 19 പേര്‍ കൊല്ലപ്പെടുകയും 300 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇന്നും രൂക്ഷമായ സംഘര്‍ഷമാണ് ഉണ്ടായത്.
വാട്‌സാപ്, ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം, എക്‌സ്, യുട്യൂബ് എന്നിവയടക്കം 26 സമൂഹമാധ്യമ സൈറ്റുകള്‍ കഴിഞ്ഞ വ്യാഴാഴ്ച സര്‍ക്കാര്‍ നിരോധിച്ചതോടെയാണ് പ്രക്ഷോഭം ആരംഭിച്ചത്. ഐടി, വാര്‍ത്താവിനിമയ മന്ത്രാലയത്തില്‍ സൈറ്റുകള്‍ റജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥ പാലിക്കാതെ വന്നതോടെയാണു സര്‍ക്കാര്‍ നടപടിയെടുത്തത്. ടിക്ടോക് ഉള്‍പ്പെടെ ചില സമൂഹമാധ്യമങ്ങള്‍ റജിസ്‌ട്രേഷന്‍ എടുത്തു പ്രവര്‍ത്തിക്കുന്നുണ്ട്. വ്യാജവാര്‍ത്തകളും വിദ്വേഷപ്രചരണങ്ങളും തടയാനുള്ള നടപടികളുടെ ഭാഗമായി സമൂഹമാധ്യമങ്ങളെ ചട്ടവിധേയമാക്കാനാണു റജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയതെന്നാണ് സര്‍ക്കാര്‍ വിശദീകരിച്ചത്. എന്നാല്‍, ഇത് അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കാനും സെന്‍സര്‍ഷിപ് ഏര്‍പ്പെടുത്താനുമുള്ള നീക്കമാണെന്നു വിമര്‍ശിച്ചാണ് യുവജനങ്ങള്‍ രംഗത്തിറങ്ങിയത്. പിന്നീട് സോഷ്യല്‍ മീഡിയാ നിരോധനം നീക്കി.
കെ പി ശര്‍മ ഒലി സര്‍ക്കാരില്‍ നിന്ന് നാലു മന്ത്രിമാര്‍ രാജിവച്ചതായാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി ശര്‍മ ഒലി നാടുവിട്ടുവെന്ന അഭ്യൂഹങ്ങളും പ്രചരിച്ചു. ഇതിന് പിന്നാലെ പ്രധാനമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചു. ബംഗ്ലാദേശിലുണ്ടായ പ്രക്ഷോഭത്തിന് സമാനമാണ് നേപ്പാളിലേതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നേപ്പാള്‍ പ്രസിഡന്റിന്റെ വസതിക്ക് സമീപം വെടിവയ്പ്പ് ഉണ്ടായി. ഇതില്‍ ഒരാള്‍ക്ക് പരിക്കേറ്റു. സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ തുടര്‍ച്ചയായ രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്.അക്രമം രൂക്ഷമായതോടെ, പ്രതിസന്ധി പരിഹരിക്കുന്നതിനായി വൈകുന്നേരം 6 മണിക്ക് സര്‍വകക്ഷി യോഗം വിളിച്ചതായി ഒലി പ്രഖ്യാപിച്ചു.
''സാഹചര്യം വിലയിരുത്തുന്നതിനും അര്‍ത്ഥവത്തായ ഒരു നിഗമനത്തിലെത്തുന്നതിനും ഞാന്‍ ബന്ധപ്പെട്ട കക്ഷികളുമായി ചര്‍ച്ചയിലാണ്. അതിനായി ഇന്ന് വൈകുന്നേരം 6 മണിക്ക് ഒരു സര്‍വകക്ഷി യോഗവും ഞാന്‍ വിളിച്ചിട്ടുണ്ട്. ഈ ദുഷ്‌കരമായ സാഹചര്യത്തില്‍ ശാന്തത പാലിക്കാന്‍ എല്ലാ സഹോദരീസഹോദരന്മാരെയും ഞാന്‍ താഴ്മയോടെ അഭ്യര്‍ത്ഥിക്കുന്നു,'' പ്രധാനമന്ത്രി പറഞ്ഞു.