വാഷിംഗ്ടണ്‍ ഡിസി: ഖത്തറിനെ ഇസ്രയേല്‍ ഇനി ആക്രമിക്കില്ലെന്നും ഇക്കാര്യത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉറപ്പു നല്‍കിയെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ദോഹ ഉച്ചക്കോടിക്കു പിന്നാലെയാണ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം. മുഴുവന്‍ ബന്ദികളെയും ഉടന്‍ മോചിപ്പിക്കണമെന്നും ഹമാസിനു ട്രംപ് മുന്നറിയിപ്പ് നല്‍കി. അതേസമയം, ഹമാസിനെ ലക്ഷ്യമിട്ട് വിദേശത്ത് ഇനിയും ആക്രമണം നടത്തിയേക്കും എന്നാണ് ബെന്യാമിന്‍ നെതന്യാഹുവിന്റെ നിലപാട്. സ്വയം പ്രതിരോധത്തിന് അവകാശമുണ്ട്. അതിര്‍ത്തി കടന്നും അത് വിനിയോഗിക്കും. ഹമാസിന് ഒരിടത്തും സംരക്ഷണമില്ലെന്നും നെതന്യാഹു വ്യക്തമാക്കി. ഹമാസിനെതിരെ ട്രംപും കടുത്ത നിലപാട് എടുത്തിട്ടുണ്ട്. ബന്ദികള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഹമാസിനെ തകര്‍ക്കുമെന്ന് തന്നെയാണ് അമേരിക്കയും പറഞ്ഞു വയ്ക്കുന്നത്.

ഫലസ്തീന്‍ ജനതയ്‌ക്കെതിരേയുള്ള ഇസ്രയേലിന്റെ നടപടികള്‍ തടയാന്‍ രാജ്യങ്ങളെല്ലാം ഫലപ്രദമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് അറബ്-മുസ്ലിം രാജ്യങ്ങളുടെ അടിയന്തര ഉച്ചകോടി നിലപാടെടുത്തിട്ടുണ്ട്. ഇസ്രയേലുമായുള്ള നയതന്ത്രപരവും സാമ്പത്തികവുമായ ബന്ധങ്ങള്‍ പുനഃപരിശോധിക്കണമെന്നും ഉച്ചകോടി ആവശ്യപ്പെട്ടു. കഴിഞ്ഞയാഴ്ച ഖത്തറിനെതിരേ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ദോഹയില്‍ തിങ്കളാഴ്ച വിളിച്ചുചേര്‍ത്ത അറബ് ലീഗ്-ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്‍ എന്നിവയുടെ ഉച്ചകോടിയിലെ സംയുക്തപ്രസ്താവനയിലാണ് രാജ്യങ്ങള്‍ നിലപാട് വ്യക്തമാക്കിയത്. ഈ സാഹചര്യത്തിലാണ് ട്രംപ് നിലപാട് പറഞ്ഞതും.

അതേസമയം ഖത്തറിനെ ആക്രമിക്കുന്ന കാര്യം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്നെ മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി. ഖത്തറില്‍ ആക്രമണം നടത്താനുള്ള തീരുമാനം നെതന്യാഹുവിന്റേതാണെന്നും ആക്രമണം നടത്താനുളള തീരുമാനം തന്റേതായിരുന്നില്ലെന്നും ട്രംപ് നേരത്തേ പ്രതികരിച്ചിരുന്നു. ഇസ്രയേലിന്റെ ആക്രമണത്തിനെതിരെ മനുഷ്യകവചങ്ങളായി ഉപയോഗിക്കാന്‍ ഹമാസ് ബന്ദികളെ ഭൂഗര്‍ഭ അറകളില്‍ നിന്ന് മാറ്റിയതായുള്ള വാര്‍ത്ത വായിച്ചു. അങ്ങനെയൊരു കാര്യം ചെയ്താല്‍, അവര്‍ എന്തിലേക്കാണ് ചെന്ന് ചാടുന്നതെന്ന് ഹമാസിന്റെ നേതാക്കള്‍ക്ക് അറിയാമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു- ട്രംപ് സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ബന്ദികളെ മോചിപ്പിക്കുകയാണ് വേണ്ടത്-ട്രംപ് പറഞ്ഞു.

ആക്രമണത്തെക്കുറിച്ച് യുഎസ് സൈന്യം അറിയിച്ചപ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നെന്നും അമേരിക്കയുടെ സഖ്യകക്ഷിയായ ഖത്തറില്‍ ഇസ്രയേല്‍ ഏകപക്ഷീയമായ ബോംബാക്രമണം നടത്തുന്നത് ഇസ്രയേലിന്റെയോ അമേരിക്കയുടേയോ ലക്ഷ്യങ്ങളെ മുന്നോട്ടുനയിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത്തരമൊരു ആക്രമണം ഇനിയുണ്ടാകില്ലെന്ന് ഉറപ്പുനല്‍കാനായി ഖത്തര്‍ പ്രധാനമന്ത്രിയുമായും അമീറുമായും ഫോണില്‍ സംസാരിച്ചെന്നും ട്രംപ് വ്യക്തമാക്കി.

ഹമാസ് നേതാക്കള്‍ താമസിച്ച കെട്ടിടത്തിന് നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ഖത്തര്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു. 'ദോഹ ആക്രമണത്തെ കുറിച്ച് നെതന്യാഹുവിനോട് എന്തെങ്കിലും പറയാനുണ്ടോ' എന്ന് മാധ്യമപ്രവര്‍ത്തകന്‍ ട്രംപിനോട് ചോദിച്ചപ്പോള്‍ 'വളരെ വളരെ ശ്രദ്ധാലുവായിരിക്കണം എന്നതാണ് എന്റെ സന്ദേശം. അവര്‍ ഹമാസിനെതിരെ ചെയ്യട്ടെ, പക്ഷേ ഖത്തര്‍ അമേരിക്കയുടെ മഹത്തായ സഖ്യകക്ഷിയാണ്' -എന്നായിരുന്നു മറുപടി.

വെള്ളിയാഴ്ച ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ ബിന്‍ ജാസിം ആല്‍ഥാനിയുമായി അത്താഴവിരുന്നില്‍ ട്രംപ് പങ്കെടുത്തിരുന്നു'അത്ഭുതകരമായ വ്യക്തിയാണ് അദ്ദേഹം' എന്നായിരുന്നു ട്രംപ് എന്ന് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ ആല്‍ഥാനിയെ വിശേഷിപ്പിച്ചത്. ആളുകള്‍ ഖത്തറിനെക്കുറിച്ച് വളരെ മോശമായി സംസാരിക്കുന്നത് ഒഴിവാക്കാന്‍ മികച്ച പബ്ലിക് റിലേഷന്‍ സംവിധാനം ഖത്തര്‍ ഉണ്ടാക്കണമെന്ന് ട്രംപ് പറഞ്ഞു.