- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അലാസ്കാ ചര്‍ച്ചയില്‍ പുടിന്‍ വളരെ അധികം ഇളവു നല്കി; ചര്‍ച്ചയില്‍ യുക്രെയിന് ഉണ്ടായിരുന്നുവെങ്കില്‍ അത് നടക്കില്ലായിരുന്നു; ട്രംപിനെ പുട്ടിന് കബളിപ്പിക്കാന്‍ ശ്രമിച്ചു; റഷ്യയ്‌ക്കെതിരെ ബലപ്രയോഗത്തിന് സഖ്യകക്ഷികളോട് ആഹ്വാനം; യുക്രെയിന് രണ്ടും കല്‍പ്പിച്ച്; റഷ്യയെ വിമര്‍ശിച്ച് സെലന്‍സ്‌കി
റഷ്യന്‍ പ്രസിഡന്റ് വ്ളോഡിമിര്‍ പുട്ടിനെതിരെ രൂക്ഷ വിമര്‍ശനവുമായി യുക്രൈന്‍ പ്രസിഡന്റ് വ്ളോഡിമിര്‍ സെലന്‍സ്‌കി. പുട്ടിന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. റഷ്യയ്‌ക്കെതിരെ ബലപ്രയോഗം നടത്താന്‍ സഖ്യകക്ഷികളോട് സെലന്‍സ്‌കി ആഹ്വാനം ചെയ്തു. കഴിഞ്ഞ മാസം അലാസ്‌കയില്‍ നടന്ന യോഗത്തില്‍ ട്രംപ് പുട്ടിന് വളരെയധികം ഇളവുകള്‍ നല്‍കിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത് പുട്ടിന് വലിയ നേട്ടമായി മാറിക്കാണുമെന്നും ചര്‍ച്ചയില്‍ യുക്രൈനേയും ഉള്‍പ്പെടുത്തിയിരുന്നു എങ്കില്‍ തങ്ങള്‍ക്കും എന്തെങ്കിലും ഗുണം ഉണ്ടാകുമായിരുന്നു എന്നും സെലന്‍സ്‌കി സ്‌ക്കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. അലാസ്‌ക ഉച്ചകോടിക്കിടെ കിഴക്കന്‍ ഡൊണെറ്റ്സ്‌ക്, ലുഹാന്‍സ്‌ക് പ്രദേശങ്ങള്‍ വേണമെന്ന് പുടിന്‍ ട്രംപിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. അതിനായി റഷ്യന്‍ സൈന്യം കൈവശം വച്ചിരിക്കുന്ന ചില ഉക്രേനിയന്‍ പ്രദേശങ്ങള്‍ വിട്ടു കൊടുക്കാമെന്നും അദ്ദേഹം സമ്മതിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. യുദ്ധത്തില്‍ റഷ്യക്ക് വലിയ തോതിലുള്ള തിരിച്ചടി ലഭിക്കുമായിരുന്നു എന്നും ഇപ്പോള്‍ പുട്ടിന്‍ ഒറ്റപ്പെട്ടിരിക്കുകയാണെന്നും സെലന്‍സ്‌കി ചൂണ്ടിക്കാട്ടി.
ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില്‍ പുട്ടിന് പല ഉച്ചകോടികളിലും പങ്കെടുക്കാനുള്ള വാതിലുകള്‍ തുറന്നു കിട്ടിയതായും അദ്ദേഹം വ്യക്തമാക്കി. റഷ്യയ്‌ക്കെതിരെ ഉക്രെയ്‌നിന്റെ സഖ്യകക്ഷികള്‍ ശരിയായി പോരാടുന്നത് കാണണമെന്ന് സെലെന്‍സ്‌കി ആവശ്യപ്പെട്ടു. പുട്ടിന്റേത് ബലപ്രയോഗത്തിന്റെ ഭാഷയാണെന്നും അതാണ് അദ്ദേഹത്തിന് മനസ്സിലാകുന്ന ഭാഷയെന്നും യുക്രൈന്‍ പ്രസിഡന്റ് കുറ്റപ്പെടുത്തി. അമേരിക്കയോടും യൂറോപ്യന്‍ രാജ്യങ്ങളോടും റഷ്യയുടെ മേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് സെലന്‍സ്‌കി നിര്‍ദ്ദേശിച്ചു.
എന്നാല്‍ ഇത്തരം കാര്യങ്ങളൊക്കെ പെട്ടെന്ന് തന്നെ ചെയ്യണം എന്നാണ് യുക്രൈന്റെ ആവശ്യം. കഴിഞ്ഞ ദിവസങ്ങളില്‍ യുക്രൈനില്‍ റഷ്യ നടത്തിയ ആക്രമണങ്ങളില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി യുക്രേനിയന്‍ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരുന്നു. പരിക്കേറ്റേവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. റഷ്യന്‍ സൈന്യം കൃഷി സ്ഥലങ്ങളിലും ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ മാസം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്‌ളാഡിമിര്‍ പുടിനുമായും സെലെന്‍സ്‌കിയുമായും വെവ്വേറെ ഉന്നതതല ചര്‍ച്ചകള്‍ നടത്തിയ സാഹചര്യത്തില്‍ സംഘര്‍ഷത്തിന് അയവ് വരും എന്ന പ്രതീക്ഷ മങ്ങിയിരുന്നു. ഉക്രെയ്‌നിനെതിരായ ആക്രമണങ്ങളുടെ ഭാഗമായി റഷ്യ തങ്ങളുടെ വ്യോമാതിര്‍ത്തിയിലേക്ക് ഡ്രോണുകള്‍ അയച്ചതായി നാറ്റോ അംഗങ്ങളായ പോളണ്ടും റൊമാനിയയും ആരോപിച്ചതോടെ സംഘര്‍ഷം കൂടുതല്‍ വര്‍ദ്ധിച്ചു. റഷ്യയുടെ ഉറച്ച സഖ്യകക്ഷിയായ ബെലാറസുമായുള്ള അതിര്‍ത്തി അടയ്ക്കാന്‍ പോളണ്ടിനെ പ്രേരിപ്പിച്ച സംഭവും ഇതായിരുന്നു.
എന്നാല്‍ പോളണ്ടിലും റുമേനിയയിലും ആക്രമണം നടത്തിയെന്ന ആരോപണം റഷ്യ നിഷേധിച്ചു. ഇതിന് തെളിവ് ഹാജരാക്കാന്‍ വെല്ലുവിളിച്ച റഷ്യ ഇതെല്ലാം യുക്രൈനിന്റെ പ്രകോപനം ആണെന്നും തിരിച്ചടിച്ചിരുന്നു.