ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിന് പുതിയ തലവേദനയുണ്ടാക്കി ഡിജിറ്റല്‍ ഐ ഡി കാര്‍ഡിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. ഇതിനെതിരെയുള്ള ഓണ്‍ലൈന്‍ പരാതിയില്‍ ഇതുവരെ ഒപ്പിട്ടത് പത്ത് ലക്ഷത്തിലധികം പേര്‍. ഡെയ്ലി മെയില്‍ നടത്തിയ സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ ഡിജിറ്റല്‍ കാര്‍ഡിനോട് യോജിച്ചത് വെറും ഇരുപത്തഞ്ച് ശതമാനം പേര്‍ മാത്രം. അതേസമയം, ആളുകളുടെ ഫോണില്‍ വരുന്ന ഡിജിറ്റല്‍ കാര്‍ഡ്, നിയമവിരുദ്ധമായി ആളുകള്‍ ബ്രിട്ടനില്‍ തൊഴിലിലേര്‍പ്പെടുന്നത് കാര്യക്ഷമമായി തടയാന്‍ കഴിയും എന്നാണ് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍ അവകാശപ്പെടുന്നത്.

ബ്രിട്ടനില്‍ ജോലി ചെയ്യുന്നതിനുള്ള അവകാശം ലഭിക്കാന്‍ ഡിജിറ്റല്‍ ഐ ഡി നിര്‍ബന്ധമാക്കും. എന്നാല്‍, ആളുകള്‍ അത് കൊണ്ടു നടക്കേണ്ട ആവശ്യം വരില്ല എന്ന് മാത്രമല്ല, അത് കാണിക്കാന്‍ കൂടെക്കൂടെ ആവശ്യപ്പെടുകയുമില്ല എന്നും അദ്ദേഹം പറയുന്നു. ഈ പാര്‍ലമെന്റ് സെഷന്‍ അവസാനിക്കുന്നതോടെ എല്ലാ ബ്രിട്ടീഷ് പൗരന്മാര്‍ക്കും, നിയമപരമായി ബ്രിട്ടനില്‍ താമസിക്കുന്നവര്‍ക്കും ഡിജിറ്റല്‍ കാര്‍ഡുകള്‍ ലഭ്യമാക്കും.

എന്നാല്‍, ബ്രിട്ടന്‍ പിന്തുടര്‍ന്ന് വരുന്ന നയങ്ങള്‍ക്ക് വിരുദ്ധമാണ് ഈ കാര്‍ഡ് എന്നാണ് സിവില്‍ ലിബര്‍ട്ടീസ് ഗ്രൂപ്പുകള്‍ ചൂണ്ടിക്കാണിക്കുന്നത്. മാത്രമല്ല, വൃദ്ധജനങ്ങളെ അവശ്യ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതില്‍ നിന്നും ഇത് തടഞ്ഞേക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ ജൂണില്‍ മാക്സിം സറ്റ്ക്ലിഫ് ആരംഭിച്ച, ഡിജിറ്റല്‍ കാര്‍ഡ് ഒഴിവാക്കണമെന്ന ഓണ്‍ലൈന്‍ പരാതിയില്‍ ഇതുവരെ 10 ലക്ഷത്തിലധികം പേര്‍ ഒപ്പിട്ടുകഴിഞ്ഞിരിക്കുന്നു.

ഡിജിറ്റല്‍ ഐ ഡി കാര്‍ഡുകള്‍ ഇറക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി അറിഞ്ഞെന്നും അതില്‍ നിന്നും പിന്മാറണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. ഒരു ലക്ഷത്തിലധികം പേര്‍ ഒപ്പിട്ട പരാതികള്‍ പാര്‍ലമെന്റ് പരിഗണിക്കണം. അതേസമയം, 10 ലക്ഷത്തിലേറെ പേര്‍ ഒപ്പിട്ടാല്‍, ആ പരാതിക്ക് സര്‍ക്കാര്‍ പ്രതികരണം അറിയിക്കേണ്ടതുണ്ട്. അതേസമയം., ഡിജിറ്റല്‍ ഐ ഡി കാര്‍ഡ് വേണമോ എന്ന ഡെയ്ലി മെയിലിന്റെ ചോദ്യത്തോട് ഒരു ലക്ഷത്തിലേറെ പേര്‍ പ്രതികരിച്ചപ്പോള്‍ അതില്‍ വെറും 26 ശതമാനം പേര്‍ മാത്രമായിരുന്നു കാര്‍ഡിനെ അനുകൂലിച്ചത്. 74 ശതമാനം പേര്‍ അതിനെ എതിര്‍ക്കുകയായിരുന്നു.

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാത്തവര്‍ക്ക് ഡിജിറ്റല്‍ ഐ ഡി കാര്‍ഡ് എങ്ങനെ നല്‍കും എന്നതില്‍ വ്യക്തത കൈവന്നിട്ടില്ല. അത്തരക്കാര്‍ക്ക് ഫിസിക്കല്‍ കാര്‍ഡുകള്‍ നല്‍കും എന്നാണ്‍- ടെലെഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതെല്ലാം, കുടിയേറ്റത്തിനെതിരെ തങ്ങള്‍ കടുത്ത നടപടികള്‍ എടുത്തു എന്ന് വോട്ടര്‍മാരെ പറഞ്ഞു പറ്റിക്കാനുള്ള തന്ത്രങ്ങള്‍ മാത്രമാണെന്നാണ് റിഫോം യു കെ നേതാവ് നെയ്ജല്‍ ഫരാജ് പറഞ്ഞത്. ചെറു ബോട്ടുകളിലൂടെയുള്ള അനധികൃത കുടിയേറ്റം തടയാന്‍ കഴിവില്ലാത്ത ഈ പദ്ധതി കേവലം ഒരു കണ്‍കെട്ട് വിദ്യമാത്രമാണെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് കെമി ബെയ്‌ഡോനൊക്കും ആരോപിക്കുന്നു. ലിബറല്‍ ഡെമോക്രാറ്റുകളും ഇതിനെ അനുകൂലിക്കില്ല എന്നാണ് പറയുന്നത്. ദൈനംദിന ജീവിതത്തിനായി ആളുകള്‍ തങ്ങളുടെ സ്വകാര്യ വ്യക്തിഗത വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തണമെന്ന് നിര്‍ബന്ധിക്കുന്നതിനോട് യോജിക്കാനാവില്ല എന്നാണ് അവര്‍ പറഞ്ഞത്.

ബ്രിട്ടീഷ് ജനതയ്ക്ക് മേല്‍ അമിത നിയന്ത്രണം കൊണ്ടുവരാനുള്ള സര്‍ക്കാരിന്റെ ഒരു പദ്ധതിയിലും താന്‍ എന്റോള്‍ ചെയ്യുകയില്ലെന്നും, ഡിജിറ്റല്‍ ഐ ഡി കാര്‍ഡിനോട് താന്‍ ആയിരം തവണ 'നോ' പറയും എന്നുമായിരുന്നു മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പ്രതികരണം. ഇത് സംബന്ധിച്ച് സര്‍ക്കാരില്‍ നിന്നും എന്തെങ്കിലും നോട്ടീസുകള്‍ ലഭിച്ചാല്‍ താന്‍ അത് കീറിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.