ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ശത്രുക്കള്‍ ആരെങ്കിലും ആണവാക്രമണം നടത്തിയാല്‍ അവിടെയുള്ള പ്രമുഖര്‍ എങ്ങനയായിരിക്കും രക്ഷപ്പെടുക. ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട്് അനുസരിച്ച് അങ്ങനെ ഒരു സംഭവം ഉണ്ടായാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെ സുരക്ഷിതമായി എത്തിക്കാനുള്ള ഒരു രഹസ്യമാര്‍ഗവും കേന്ദ്രവും നേരത്തേ തയ്യാറാക്കിയിട്ടുണ്ട്. കൊളറാഡോ റോക്കീസ് പര്‍വതനിരകള്‍ക്ക് താഴെ ആഴത്തില്‍ രൂപകല്‍പ്പന ചെയ്ത ഒരു അതീവ രഹസ്യ സങ്കേതമുണ്ട്. ശീതയുദ്ധ കാലത്ത് അമേരിക്കയ്ക്ക് ശക്തമായ പ്രതിരോധം തീര്‍ത്ത ചീയെന്‍ പര്‍വ്വത സമുച്ചയത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

ഏഴ് ലക്ഷം ടണ്‍ ഗ്രാനൈറ്റ് കൊണ്ടാണ് ഇത് കൊത്തിയെടുത്തിയിരിക്കുന്നത്. എത്രയോ പതിറ്റാണ്ടുകളായി അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്ക് ഏറ്റവും സുരക്ഷിതമായ സങ്കേതം ആയിട്ടാണ് ഇത് കണക്കാക്കപ്പെടുന്നത്. ട്രംപ് ആദ്യവട്ടം പ്രസിഡന്റായിരുന്ന കാലഘട്ടത്തില്‍ 2018 ലാണ് അവസാനമായി മാധ്യമപ്രവര്‍ത്തകരെ അകത്തേക്ക് പ്രവേശിപ്പിച്ചത്. ഇപ്പോള്‍, വര്‍ദ്ധിച്ചുവരുന്ന അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ക്കിടയില്‍, യുഎസ് സൈന്യം വീണ്ടും മാധ്യമപ്രവര്‍ത്തകരെ ഇവിടേയ്ക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവിടുത്തെ ഓരോ വാതിലും മൂന്നടി കട്ടിയുള്ളതും ഉരുക്ക് കൊണ്ട് നിര്‍മ്മിച്ചതുമാണ്.

നിരവധി ചെക്ക് പോസ്റ്റുകള്‍ കടന്ന് മാത്രമേ ഇവിടേക്കേ് പ്രവേശിക്കാന്‍ കഴിയുകയുള്ളൂ. ഒരു മൈല്‍ അകലെ നിന്ന് പോലും ഉണ്ടാകുന്ന ഹിരോഷിമയില്‍ പതിച്ച ബോംബിനേക്കാള്‍ ആയിരം മടങ്ങ് ശക്തമായ ആണവ സ്ഫോടനത്തെ നേരിടാന്‍ കഴിയുമെന്നാണ് സൈനിക ഉദ്യോഗസ്ഥര്‍ പറയുന്നത്. ഈ സമുച്ചയം വെറുമൊരു ബങ്കറായി കണക്കാക്കാന്‍ കഴിയുകയില്ല. ശരിക്കും ഇതൊരു ഭൂഗര്‍ഭ നഗരമാണ്. സ്വന്തമായി പവര്‍ പ്ലാന്റ്, കുടിവെള്ളത്തിനായി ഭൂഗര്‍ഭ തടാകങ്ങള്‍, വളരെക്കാലം ജീവിക്കാന്‍ ആവശ്യമായ ഭക്ഷണ ശേഖരം എന്നിവ ഇവിടെയുണ്ട്. എന്തിനേറെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഒരു സബ്വേ റെസ്റ്റോറന്റ് പോലും അതിനുള്ളില്‍ പ്രവര്‍ത്തിക്കുന്നു. 1966 ലാണ് ഈ സങ്കേതം പ്രവര്‍ത്തന സജ്ജമാക്കിയത്.

അന്നും ഇന്നും ഒരു പോലെ സുരക്ഷിതമാണ് ഈ സ്ഥലം എന്നാണ് വിശദാംശങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ച സൈനിക മേധാവികള്‍ വ്യക്തമാക്കിയത്. യുഎസ് വ്യോമാതിര്‍ത്തി പരിശോധിക്കുന്ന റഷ്യന്‍ ജെറ്റുകള്‍ മുതല്‍ ചൈനീസ് നിരീക്ഷണ ബലൂണുകളും സൈബര്‍ ആക്രമണങ്ങളും വരെയുള്ള ആധുനിക ഭീഷണികളെ ശക്തമായി പ്രതിരോധിക്കാന്‍ ഇതിന് കഴിയും. അമേരിക്കന്‍ സൈന്യത്തിലെ ഏറ്റവും മിടുക്കന്‍മാരായ പോരാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്.. ഏത് ഭീഷണികളയേും തങ്ങള്‍ അതിജീവിക്കും എന്ന ആത്മവിശ്വാസവും സൈനിക മേധാവികള്‍ പ്രകടിപ്പിച്ചു. 5.1 ഏക്കര്‍ വിസ്തൃതിയുള്ള ഈ സ്ഥാപനത്തില്‍ ആണവ സ്ഫോടനത്തിന്റെ ആഘാതം ആഗിരണം ചെയ്യുന്നതിനായി കൂറ്റന്‍ നീരുറവകളും 15 കെട്ടിടങ്ങളുണ്ട്.

'ബാറ്റില്‍ ഡെക്ക്' എന്നറിയപ്പെടുന്ന ഇവിടെ ഒരു ദുരന്തമുണ്ടായാല്‍ യുഎസ്, കനേഡിയന്‍ സേനകളുടെ കമാന്‍ഡ് ഹബ്ബായി പ്രവര്‍ത്തിക്കും. 1966 ല്‍ 142 മില്യണ്‍ ഡോളര്‍ ചെലവാക്കി നിര്‍മ്മിച്ച ഈ കേന്ദ്രം ഇന്ന് നിര്‍മ്മിച്ചാല്‍ 1 ബില്യണ്‍ ഡോളറിലധികം ചിലവാകും. ശീതയുദ്ധത്തിന്റെ കൊടുമ്പുരി കൊള്ളുന്ന സമയത്ത് ഭൂമിയിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം' എന്നാണ് ഇതിനെ കണക്കാക്കിയിരുന്നത് . സോവിയറ്റ് മിസൈലുകളില്‍ നിന്ന് സംരക്ഷിക്കാന്‍ രൂപകല്‍പ്പന ചെയ്തതാണ് ഇവിടം. ആണവ സ്ഫോടനങ്ങള്‍ വഴി പുറത്തുവരുന്ന വൈദ്യുതകാന്തിക പള്‍സുകളില്‍ നിന്ന് ഇലക്ട്രോണിക്സം സംവിധാനങ്ങളെ സംരക്ഷിക്കാനായി ഗ്രാനൈറ്റും ഉരുക്കും സഹായകമാകും.

ഹൈഡ്രോളിക് യന്ത്രങ്ങള്‍ക്ക് വെറും 45 സെക്കന്‍ഡിനുള്ളില്‍ അല്ലെങ്കില്‍, അടിയന്തര സാഹചര്യങ്ങളില്‍, കൈകൊണ്ടും ഇതിന്റെ വാതിലുകള്‍ അടയ്ക്കാന്‍ കഴിയും. സെപ്തംബര്‍ പതിനൊന്നിലെ ഭീകരാക്രമണം നടന്ന സമയത്ത് ഇതിന്റെ വാതിലുകള്‍ പൂട്ടിയിരുന്നു.