ജെറുസലേം: ഗാസയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ട വെച്ച നിര്‍ദ്ദേശങ്ങളോട് ഹമാസ് തീവ്രവാദ സംഘടന ഇനിയും പ്രതികരിച്ചിട്ടില്ലെങ്കിലും അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് സൂചന. എന്നാല്‍ ട്രംപിന്റെ നിര്‍ദ്ദേശങ്ങളില്‍ ഹമാസ് ചില മാറ്റങ്ങള്‍ ആവശ്യപ്പെടും എന്നാണ് കരുതപ്പെടുന്നത്. ഹമാസുമായി ബന്ധമുള്ള ചിലരാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്നാണ് പ്രമുഖ ഇസ്രയേല്‍ മാധ്യമമായ ടൈംസ് ഓഫ് ഇസ്രായേല്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ഏതാനും മണിക്കൂറുകള്‍ക്ക് ഉള്ളില്‍ തന്നെ ഹമാസ് പ്രതികരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈജിപ്ത്, ഖത്തര്‍, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ള മധ്യസ്ഥര്‍ ദോഹയില്‍ ഹമാസ് നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്നാണ് പറയപ്പെടുന്നത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ട്രംപിന്റെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചിരുന്നു. കൂടാതെ അറബ് രാജ്യങ്ങള്‍ ഒന്നടങ്കം ട്രംപിനെ ഇക്കാര്യത്തില്‍ പ്രശംസിച്ചിരുന്നു. ഗാസയില്‍ നിന്നുള്ള ഇസ്രായേലിന്റെ പിന്‍മാറ്റവും ഹമാസിന്റെ നിരായുധീകരണവും സംബന്ധിച്ച നിര്‍ദ്ദേശത്തിലെ ചില നിബന്ധനകള്‍ മയപ്പെടുത്തുക എന്നതാണ് ഹമാസിന്റെ ഭേദഗതികളിലൂടെ ലക്ഷ്യമിടുന്നത് എന്നാണ് ഇക്കാര്യത്തില്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ഗാസയില്‍ നിന്നുള്ള ഇസ്രായേലിന്റെ പിന്‍വാങ്ങല്‍ സാവധാനമാക്കുകയും പരിമിതപ്പെടുത്തുകയും ചെയ്യുന്ന മാറ്റങ്ങള്‍ ഉറപ്പാക്കാന്‍ നെതന്യാഹുവിന് കഴിഞ്ഞിരുന്നു. കൂടാതെ ഹമാസിന്റെ നിരായുധീകരണവും ഗാസയിലെ സൈനികവല്‍ക്കരണവും സംബന്ധിച്ച ആവശ്യങ്ങളും കര്‍ശനമാക്കിയിരുന്നു. ഹമാസ് ഭീകരര്‍ 72 മണിക്കൂറിനുള്ളില്‍ തങ്ങളുടെ കൈവശമുള്ള എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്നും നിരായുധരാക്കണമെന്നും ഗാസയുടെ ഭരണത്തില്‍ ഭാവിയില്‍ ഒരു പങ്കും ഉണ്ടായിരിക്കരുതെന്നും അമേരിക്കയുടെ നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു. യുദ്ധം അവസാനിപ്പിക്കുമ്പോള്‍ ഇസ്രയേല്‍ സൈന്യം ക്രമേണ ഗാസയില്‍ നിന്ന് പിന്‍വാങ്ങുകയും ഒരു അന്താരാഷ്ട്ര സേനയെ മാറ്റിസ്ഥാപിക്കാനും ട്രംപ് നിര്‍ദ്ദേശിച്ചിരുന്നു.

ഹമാസിന് മറുപടി നല്‍കാന്‍ മൂന്നോ നാലോ ദിവസം സമയം നല്‍കുന്നുണ്ടെന്നും കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ഇടമില്ലെന്നും ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കരാര്‍ അംഗീകരിച്ചില്ലെങ്കില്‍ ഹമാസിനെ നരകം കാണിക്കുമെന്നും ട്രംപ് ഭീഷണിയും ഉയര്‍ത്തിയിരുന്നു. ഹമാസിന്റെ നിര്‍ദ്ദിഷ്ട ഭേദഗതികള്‍ ചര്‍ച്ച ചെയ്യാന്‍ അമേരിക്ക തയ്യാറാകുമോ എന്ന് വ്യക്തമല്ല. ഈജിപ്തും ഖത്തറും ഹമാസിനെ പിന്തുണയ്ക്കുകയും അവരുടെ നേതാക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ യു.എസ് നിര്‍ദ്ദേശത്തില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്നും സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഈജിപ്തിലെയും ഫ്രാന്‍സിലെയും വിദേശകാര്യ മന്ത്രിമാര്‍ കഴിഞ്ഞ ദിവസം ഹമാസിനോട് പദ്ധതി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും ഈ പദ്ധതി തുരങ്കത്തിന്റെ അറ്റത്തുള്ള ഒരു വെളിച്ചം ആയിരിക്കാമെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഹമാസിന്റെ ഗാസ സിറ്റി ബ്രിഗേഡിന്റെ മുന്‍ കമാന്‍ഡറായിരുന്ന ഇസ് അല്‍-ദിന്‍ ഹദ്ദാദ്, ഹമാസിനെ ഇല്ലാതാക്കാനാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ആരോപിച്ചതായി ചില പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.